ഹൈദരാബാദ്: ഇ കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന്‍റെ ഹൈദരാബാദ് ശാഖയില്‍ വന്‍ തട്ടിപ്പ്. 102 കോടി രൂപയുടെ തട്ടിപ്പാണ് കമ്പനിയിലെ ജീവനക്കാര്‍ നടത്തിയത്. വ്യാജയാത്രകള്‍ സൃഷ്‌ടിച്ച് വണ്ടിക്കൂലി ഇനത്തിലാണ് ഇത്രയും വലിയ തുക തട്ടിയത്. ഹൈദരാബാദിലെ കോള്‍ സെന്‍ററിലെ ജോലി നേരത്തെ തന്നെ ഉപേക്ഷിച്ച ജീവനക്കാര്‍ക്കെതിരെ ആമസോണ്‍ സൈബര്‍ സെക്യുരിറ്റി ബ്യൂറോയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ലോകമെങ്ങും സാധനങ്ങള്‍ വിതരണം ചെയ്യുന്നത് നിയന്ത്രിക്കുന്നത് ഗച്ചിബൗളിയില്‍ നിന്ന്
ലോകമെമ്പാടും ഉപയോക്താക്കള്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിയാണ് ആമസോണ്‍. പലതലങ്ങളിലായാണ് വിതരണം പൂര്‍ത്തിയാക്കുന്നത്. ആമസോണ്‍ ആപ്പില്‍ ഒരു ഇടപാടുകാരന്‍ ഒരു സാധനം വാങ്ങുന്നു. ഇത് തൊട്ടടുത്ത വെയര്‍ഹൗസിലെത്തിക്കുന്നു.
പിന്നീട് ഉപയോക്താവിന്‍റെ അടുത്തുള്ള വെയര്‍ഹൗസിലെത്തുന്നു. തുടര്‍ന്ന് ഉപയോക്താവിന്‍റെ മേല്‍വിലാസത്തിലെത്തിക്കുന്നു. ഇതെല്ലാം സാങ്കേതികതയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. ചരക്കുകള്‍ എവിടെയാണെന്ന കാര്യം ആമസോണിന് അറിയാം. ഡെലിവറി ജീവനക്കാരുടെ ഫോണില്‍ ഇതിനായി ഒരു പ്രത്യേക ആപ്പും ഉണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വെയര്‍ഹൗസുകളില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് കഴിഞ്ഞാല്‍ അവര്‍ ചെക്ക് ഇന്‍ ആകുകയും ഇടപാടുകാരന് എത്തിച്ച് കഴിഞ്ഞാല്‍ ചെക്ക് ഔട്ട് ആകുകയും ചെയ്യും. വിതരണക്കാരുടെ ജിപിഎസ് വഴിയാണ് ഇതെല്ലാം നിയന്ത്രിക്കുന്നത്.
ലോകമെമ്പാടുമുള്ള ആമസോണിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത് ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള കോള്‍സെന്‍ററില്‍ നിന്നുമാണ്. ഇതിനെ റിലേ ഓപ്പറേഷന്‍ സെന്‍റര്‍ എന്നാണ് വിളിക്കുന്നത്. ഒരേ സ്ഥലത്തുള്ള അഞ്ചോ ആറോ ഇടപാടുകാരുടെ സാധനങ്ങള്‍ എത്തിക്കുക ഒരേ ആള്‍ തന്നെയാകും. സാധനങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ പുറത്തുള്ള മറ്റ് കമ്പനികള്‍ക്കാണ് നല്‍കിയിട്ടുള്ളത്.
ഒരിടത്ത് സാധനം നല്‍കാനായി ചെല്ലുമ്പോള്‍ അവിടെ ആളില്ലെങ്കില്‍ അക്കാര്യം ആപ്പില്‍ അപ്ഡേറ്റ് ചെയ്യുന്നു. ഇത് റിലേ സെന്‍ററിലുള്ള ആളുകള്‍ സ്ഥിരീകരിക്കുന്നു. സാധനങ്ങള്‍ വിതരണം ചെയ്യാനായി സഞ്ചരിച്ച ദൂരം കണക്കാക്കി വിതരണ കമ്പനികള്‍ക്ക് ആമസോണ്‍ പണം നല്‍കുന്നു. ഇത് മുതലാക്കിയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്.
റിലേ ഓപ്പറേഷന്‍ സെന്‍ററില്‍ ജോലി ചെയ്‌തിരുന്ന തട്ടിപ്പ് നടത്തിയവര്‍ പിന്നീട് ജോലി ഉപേക്ഷിച്ചു. ചരക്ക് വിതരണം ചെയ്യാന്‍ പോകാത്ത സ്ഥലങ്ങളില്‍ പോയതായി വ്യാജമായി ഇവര്‍ അവകാശപ്പെടുകയും അവിടെ ഉപയോക്താവ് ഇല്ലാതിരുന്നെന്ന് രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇതിന്‍റെ യാത്രാക്കൂലി ഇനത്തിലായി 102,88,05,418 രൂപയാണ് ഇവര്‍ ഇത്തരത്തില്‍ കൊള്ളയടിച്ചത്. ആഭ്യന്തര കണക്കെടുപ്പിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ആമസോണ്‍ വക്താവ് ജി എസ് അര്‍ജുന്‍കുമാര്‍ സൈബര്‍ സുരക്ഷ ബ്യൂറോയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
മുഹമ്മദ് അബ്‌ദുള്‍ ഫാഹിം, കെ അനില്‍കുമാര്‍, ആകാംക്ഷ പട്‌നായിക്, അവിനാഷ് കാരി, കുനാല്‍ കൗശിക് ദേവല്ല, മുഹമ്മദ് റിസൗള്ള, എം ഡി ഷബാദ് അലി ഖാന്‍, എം ഡി ഷൊവാബുദ്ദിന്‍, മുഹമ്മദ് മുഫസില്‍, ഷെയ്‌ഖ് ഫര്‍ഹാന്‍, ദുവ്വദ ശിവഗണേഷ്, ബുദ്ദിന്‍ ശിവകുമാര്‍, രാജ് അഭിലാഷ്, അജയ്‌കുമാര്‍, ദശരഥി ഹൃദയ കുമാര്‍, കൊദരി തുല്‍സിരാജ്, പൃഥ്വി റെഡ്ഡി ചിന്ത റെഡ്ഡി, മുഹമ്മദ് റാഹേല്‍, ലോഹിത് മദ്ദാബട്ടുള, മുഹമ്മദ് അദില്‍, ശശികുമാര്‍, കമാദം ശിവഭാരത് കൃഷ്‌ണ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ALSO READ: സ്‌ത്രീത്വത്തെ അപമാനിച്ചു; പ്രമുഖ നടിയുടെ പരാതിയില്‍ സനല്‍കുമാറിനെതിരെ കേസ്