ദമാസ്‌കസ്: സിറിയന്‍ തടവറകളിലെ പീഡനങ്ങളും തീവ്ര ഇസ്‌ലാമിക തത്വങ്ങളും അടങ്ങിയ പുസ്‌തകങ്ങള്‍ ദമാസ്‌കസിലെ പുസ്‌തകശാലകളില്‍ വീണ്ടും സുലഭമാകുന്നു. പുറത്താക്കപ്പെട്ട ഭരണാധികാരി ബാഷര്‍ അല്‍ അസദിന്‍റെ ഭരണകാലത്ത് രഹസ്യമായി വില്‍ക്കപ്പെട്ടിരുന്ന പുസ്‌തകങ്ങളാണിവ. നേരത്തെ ഓണ്‍ലൈന്‍ വഴി വ്യാജ പതിപ്പുകള്‍ തേടിയിരുന്നവര്‍ക്ക് ഇപ്പോള്‍ നിരോധിത പുസ്‌തകങ്ങളെല്ലാം പുസ്‌തക ശാലകളിലും വഴിയോരക്കച്ചവട കേന്ദ്രങ്ങളിലും കിട്ടുന്നു.
രണ്ട് മാസം മുമ്പ് ഒരു പ്രത്യേക പുസ്‌തകം അന്വേഷിച്ചാല്‍ ജീവിതം ജയിലില്‍ അവസാനിക്കുമായിരുന്നു എന്ന് ദമാസ്‌കസ് സര്‍വകലാശാലയ്ക്ക് സമീപം കച്ചവടം നടത്തുന്ന വിദ്യാര്‍ത്ഥിയായ അമര്‍ അല്‍ ലഹാം എന്ന 25 കാരന്‍ പറയുന്നു. ഇപ്പോൾ ലഹാമിന് അല്‍മാബര്‍ (ഇടനാഴി) എന്ന പുസ്‌തകത്തിന്‍റെ പതിപ്പ് സംഘടിപ്പിക്കാനായി. സിറിയന്‍ എഴുത്തുകാരന്‍ ഹനാന്‍ അസദിന്‍റെ പുസ്‌തകമാണിത്. അലെപ്പോയിലെ കലാപമാണ് ഇതിലെ പ്രതിപാദ്യം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നേരത്തെ ഇടത്, അതി തീവ്ര സലഫി മുസ്‌ലിം പുസ്‌തകങ്ങള്‍ വാങ്ങാന്‍ തങ്ങള്‍ക്ക് ഭയമായിരുന്നുവെന്നും ലഹാം പറഞ്ഞു. കാരണം തങ്ങള്‍ ഇന്‍റലിജന്‍സ് സര്‍വീസുകളുടെ നിരീക്ഷണത്തിലായിരുന്നു. അസദ് ഭരണകൂടത്തിന്‍റെ വീഴ്‌ചയ്ക്ക് ശേഷമുള്ള ഭരണത്തെക്കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. എന്നാല്‍ തങ്ങള്‍ക്ക് ഇപ്പോള്‍ ആശ്വാസത്തോടെ ശ്വസിക്കാന്‍ പോലുമാകുന്നുണ്ടെന്ന് അമര്‍ അല്‍ ലഹാം പറയുന്നു.
ചോദിക്കാന്‍ ഭയം വേണ്ട
സിറിയന്‍ എഴുത്തുകാരനായ മുസ്‌തഫ ഖലിഫയുടെ 'ദ ഷെല്‍' അടക്കമുള്ള പുസ്‌തങ്ങള്‍ ഇപ്പോള്‍ പുസ്‌തകശാലകളിൽ ലഭ്യമാണ്. ഇസ്‌ലാമിക തീവ്രവാദിയാണെന്ന് തെറ്റിദ്ധരിച്ച് വര്‍ഷങ്ങളോളം സിറിയയിലെ കുപ്രസിദ്ധ തടവറയായ ടാഡ്‌മുര്‍ ജയിലില്‍ പാര്‍പ്പിക്കപ്പെട്ട എഴുത്തുകാരനാണ് മുസ്‌തഫ ഖാലിഫ.
'മൈ ആന്‍റ്സ് ഹൗസ്' എന്ന പുസ്‌തകവും ഇപ്പോൾ ഇവിടെ ലഭിക്കുന്നുണ്ട്. സിറിയക്കാര്‍ ജയിലിനെ കുറിച്ച് പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് മൈ ആന്‍റ്സ് ഹൗസ് എന്ന്. ഇറാഖി എഴുത്തുകാരന്‍ അഹമ്മദ് ഖൈരി അലോമാരിയാണ് ഇതിന്‍റെ കര്‍ത്താവ്. ജയില്‍ സാഹിത്യങ്ങള്‍ എല്ലാം തന്നെ വിലക്കപ്പെട്ടതായിരുന്നെന്ന് പുസ്‌തകശാല ഉടമയായ അന്‍പതുകാരന്‍ അബു യെമന്‍ പറയുന്നു. നേരത്തെ ഈ പുസ്‌തകങ്ങള്‍ ഉണ്ടോയെന്ന് ചോദിക്കാന്‍ പോലും ആളുകള്‍ക്ക് ഭയമായിരുന്നു. പുസ്‌തകം ആവശ്യപ്പെട്ടാല്‍ എന്താണ് സംഭവിക്കുക എന്ന് അവര്‍ക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം എഎഫ്‌പിയോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തങ്ങള്‍ രാഷ്‌ട്രീയ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയിരുന്നതായി 1980 മുതല്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ പ്രസാധകരും വ്യക്തമാക്കുന്നു. പ്രത്യേക മതത്തെയോ രാജ്യത്തെയോ പരാമര്‍ശിക്കാത്ത സാധാരണ ലേഖനങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചിരുന്നത്. എന്നിട്ടും അസദിന്‍റെ സുരക്ഷാ ജീവനക്കാര്‍ തങ്ങളെ വിളിക്കുകയും തങ്ങള്‍ പ്രസിദ്ധീകരിക്കുകയും വില്‍ക്കുകയും ചെയ്യുന്ന പുസ്‌തകങ്ങളുടെ വിവരങ്ങള്‍ തേടുകയും ചെയ്‌തിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കുന്നു. പേര് പരാമര്‍ശിക്കരുതെന്ന ആവശ്യത്തോടെ ആയിരുന്നു ഈ വെളിപ്പെടുത്തലുകള്‍.
സുരക്ഷ ജീവനക്കാര്‍ക്ക് തെല്ലും സംസ്‌കാരം ഉണ്ടായിരുന്നില്ല. പതിനാലാം നൂറ്റാണ്ടില്‍ മരിച്ചു പോയ സുന്നി മുസ്‌ലിം മതപണ്ഡിതനായ ഇബ്‌ന്‍ താമിയ്യയെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ഒരു അന്വേഷകനെത്തിയതും പുസ്‌തക പ്രസാധകന്‍ ഓര്‍ത്തെടുക്കുന്നു.
നേരത്തെ വിറ്റിരുന്നത് രഹസ്യമായി
മധ്യകാലഘട്ടത്തിലെ മുസ്‌ലിം മതപണ്ഡിതനും സലഫി പണ്ഡിതനുമായിരുന്ന ഇബ്‌ന്‍ ഖയ്യാം അല്‍ ജവാസിയയുടെ സുവര്‍ണ ആലേഖനമുള്ള പുസ്‌തകങ്ങള്‍ അബ്‌ദെല്‍ റഹ്‌മാന്‍ സുരുജി എന്ന പുസ്‌കക വിൽപനക്കാരന്‍ ദമാസ്‌കസിലെ തന്‍റെ പുസ്‌തകശാലകളില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മുസ്‌ലിം ബ്രദര്‍ഹുഡിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന സയ്യിദ് ഖ്വിതബിന്‍റെ പുസ്‌തകങ്ങളും ഇപ്പോള്‍ ഇവിടെ ലഭ്യമാണ്. വിപ്ലവത്തെ പ്രോത്സാഹിപ്പിച്ച മതനേതാവായിരുന്നു ഇദ്ദേഹം.
'നേരത്തെ ഇവയെല്ലാം നിരോധിച്ചിരുന്നവയാണ്. അതുകൊണ്ടു തന്നെ രഹസ്യമായാണ് ഇവ വിറ്റിരുന്നത്. വിശ്വാസമുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും മാത്രമായിരുന്നു ഇവ നല്‍കിയിരുന്നതെന്നും,' 62 കാരനായ സുരുജി പറയുന്നു. ഇപ്പോള്‍ ഇവയ്ക്ക് ആവശ്യക്കാരേറെയുണ്ട്. ദമാസ്‌കസിലെ താമസക്കാരും, വിദേശത്ത് നിന്ന് സിറിയിലേക്ക് മടങ്ങി വന്നവരും, വിപ്ലവകാരികളുടെ കോട്ടയായിരുന്ന രാജ്യത്തിന്‍റെ വടക്കന്‍ ഭാഗത്തു നിന്നെത്തുന്ന സന്ദര്‍ശകരുമെല്ലാം ഈ പുസ്‌തകങ്ങള്‍ വാങ്ങുന്നു. 2010ല്‍ ഒരു ഡസനോളം സുരക്ഷ ജീവനക്കാര്‍ വന്ന് അറുനൂറിലേറെ പുസ്‌തകങ്ങള്‍ പിടിച്ചെടുത്തുവെന്നും സുരുജി കൂട്ടിച്ചേർത്തു.
വിപ്ലവകാലത്ത് ചില പുസ്‌തകങ്ങള്‍ തിരയാൻ പോലും തങ്ങള്‍ക്ക് ഭയമായിരുന്നുവെന്ന് ഇസ്‌ലാമിക മതവിദ്യാര്‍ത്ഥിയായ 25 കാരന്‍ മുസ്‌തഫ അല്‍കാനി പറഞ്ഞു. ചില പുസ്‌തകങ്ങള്‍ കിട്ടാനുമില്ലായിരുന്നു. പിന്നെ ഓണ്‍ലൈനിലാണ് ഇവ വായിച്ചിരുന്നത്. സയ്യീദ് ഖ്വതബിന്‍റെ ഒരു ഉദ്ധരണി പ്രസിദ്ധീകരിച്ചാല്‍ പോലും ജയിലിലിടുന്ന സ്ഥിതിയായിരുന്നു രാജ്യത്ത് നിലനിന്നിരുന്നതെന്നും മുസ്‌തഫ അല്‍കാനി പറഞ്ഞു.
Also Read: പലസ്‌തീനികളെ ഗാസയിലേക്ക് മടങ്ങാൻ അനുവദിച്ച് ഇസ്രയേൽ; ചെക്ക്‌പോസ്‌റ്റുകൾ തുറന്നു കൊടുത്തു