ന്യൂഡല്‍ഹി: ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ സ്വപ്‌നങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഫ്രാൻസ്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ആണ് ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇന്ത്യയുമായി കായികരംഗത്ത് ശക്തമായ സഹകരണം കെട്ടിപ്പടുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും മാക്രോൺ പറഞ്ഞു.
ഭാവിയില്‍ ഒളിമ്പിക്‌സിന് വേദിയാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് പിന്തുണ വാഗ്‌ദാനം ചെയ്യുന്നതായി ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. 'നിങ്ങളുമായി സ്‌പോർട്‌സിൽ ശക്തമായ സഹകരണം കെട്ടിപ്പടുക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഭാവിയിൽ ഇന്ത്യയിൽ ഒളിമ്പിക് ഗെയിംസ് സംഘടിപ്പിക്കാനുള്ള നിങ്ങളുടെ താത്‌പര്യത്തെ ഞങ്ങൾ തീർച്ചയായും പിന്തുണയ്ക്കും' എന്നും മാക്രോൺ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്‌ച (26-01-2024) ന്യൂഡൽഹിയിൽ നടന്ന 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ സംസാരിക്കവെയാണ് മാക്രോണ്‍ ഇത് പറഞ്ഞത്. ഇന്ത്യൻ റിപ്പബ്ലിക് ദിന ചടങ്ങിൽ ഏറ്റവും കൂടുതൽ തവണ മുഖ്യാതിഥിയായി ക്ഷണം ലഭിച്ച രാജ്യം എന്ന സവിശേഷതയും ഫ്രാൻസിനുണ്ട്.