ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തൽ തുടർന്ന് അമേരിക്ക. 119 ഇന്ത്യൻ കുടിയേറ്റക്കാരെ വഹിച്ചുള്ള ഒരു വിമാനം ഇന്ന് അമൃത്സറിൽ എത്തും. 10 മണിയോടെ വിമാനമെത്തുമെന്നാണ് സൂചന. 119 പേരിൽ 67 പേർ പഞ്ചാബിൽ നിന്നുള്ളവരും, 33 പേർ ഹരിയാനയിൽ നിന്നുള്ളവരും, എട്ട് പേർ ഗുജറാത്തിൽ നിന്നുള്ളവരും, മൂന്ന് പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരും, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേർ വീതവും, ഹിമാചൽ പ്രദേശ്, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ നിന്നുള്ള ഒരാൾ വീതവുമാണുള്ളത്.
മറ്റൊരു യുഎസ് സൈനിക ഗതാഗത വിമാനമായ സി-17 ഗ്ലോബ്‌മാസ്റ്റർ III ഫെബ്രുവരി 16 ന്, 119 യാത്രികരുമായി അമൃത്സറിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ആദ്യഘട്ടത്തിൽ 104 പേരെ ഇത്തരത്തിൽ നാടുകടത്തിയിരുന്നു. സൈനിക വിമാനത്തിൽ വിലങ്ങണിയിച്ച് പൗരന്മാരെ തിരിച്ചയച്ചതിൽ വലിയ തോതിൽ പ്രതിഷേധവും ഉയർന്നിരുന്നു.
കുടിയേറ്റം ഉൾപ്പെടെയുള്ള പ്രധാന ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിഅമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് രണ്ടാംഘട്ട നാടുകടത്തൽ. എല്ലാ അനധികൃത കുടിയേറ്റക്കാരെയും അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുന്നതുവരെ ഓരോ ആഴ്‌ചയും നാടുകടത്തൽ തുടരുമെന്ന് അമേരിക്കന്‍ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവരോ വിസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്നവരോ ആയ വ്യക്തികൾക്കെതിരെ യുഎസ് ഇമിഗ്രേഷൻ അധികൃതർ നടത്തുന്ന തുടർച്ചയായ നടപടികളുടെ ഭാഗമാണ് നാടുകടത്തൽ. അതേസമയം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള മറ്റൊരു വിമാനം അമൃത്സർ വിമാനത്താവളത്തിൽ ഇറക്കാനുള്ള നീക്കം പഞ്ചാബിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചന ആണെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആരോപിച്ചു.
'ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ എപ്പോഴും പഞ്ചാബിനോട് വിവേചനം കാണിക്കുന്നു. പഞ്ചാബിനെ അപകീർത്തിപ്പെടുത്താനുള്ള ഒരു അവസരവും അവർ ഉപേക്ഷിക്കുന്നില്ല. ഇത് കേന്ദ്രസർക്കാരിന്‍റെ ഗൂഢാലോചനയുടെ ഭാഗമാണെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.
'അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള ആദ്യ യുഎസ് വിമാനത്തിൽ ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള 33 പേർ വീതവും പഞ്ചാബിൽ നിന്നുള്ള 30 പേർ വീതവുമാണുണ്ടായിരുന്നത്. ഇപ്പോൾ രണ്ടാമത്തെ വിമാനം വരുന്നു. ഇത്തവണയും അമൃത്സർ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്താണ്? കേന്ദ്രവും വിദേശകാര്യ മന്ത്രാലയവും എന്നോട് പറയണം. ദേശീയ തലസ്ഥാനം തെരഞ്ഞെടുക്കാതെ നിങ്ങൾ അമൃത്സർ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? എന്നും മാൻ ചോദിച്ചു.
Also Read:കുംഭമേളക്കെത്തിയ കാറും ബസും കൂട്ടിയിടിച്ചു; 10 മരണം, 19 പേര്‍ക്ക് പരിക്ക്