ന്യൂഡൽഹി:128-ാം ജന്മവാർഷികത്തിൽ സ്വാതന്ത്ര്യ സമര സേനാനി സുഭാഷ് ചന്ദ്രബോസിനെ അനുസ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. 'ധൈര്യത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും പ്രതീകമായിരുന്നു സുഭാഷ് ചന്ദ്രബോസ്. അദ്ദേഹം വിഭാവനം ചെയ്‌ത ഇന്ത്യ കെട്ടിപ്പടുക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നതാണ് അദ്ദേഹത്തിന്‍റെ ആദർശങ്ങൾ' എന്നും മോദി പറഞ്ഞു.
പരാക്രം ദിവസ് ആശംസിച്ച് അമിത് ഷാ:സ്വാതന്ത്ര്യ സമരത്തിൽ സുപ്രധാന പങ്കുവഹിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനത്തിൽ, അദ്ദേഹത്തെ അനുസ്‌മരിച്ച് അമിത് ഷായും. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ധൈര്യത്തിന്‍റെയും ദൃഢനിശ്ചയത്തിന്‍റെയും നിർഭയത്വത്തിന്‍റെയും പ്രതിഫലനമായാണ് പരാക്രം ദിവസ് ആഘോഷിക്കുന്നത്.
ആസാദ് ഹിന്ദ് ഫൗജ് രൂപീകരിച്ച് സായുധ പോരാട്ടം നടത്തി ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ അടിത്തറ ഇളക്കി നേതാജി സ്വാതന്ത്ര്യ സമര സേനാനികൾക്ക് മാതൃകയായി. അദ്ദേഹത്തിന്‍റെ ജീവിതം ദേശസ്‌നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും പ്രചോദനത്തിന്‍റെയും മായാത്ത പ്രതീകമായി എപ്പോഴും ഓർമിക്കപ്പെടും എന്ന് അമിത് ഷാ പറഞ്ഞു.
സുഭാഷ് ചന്ദ്രബോസിനെ സ്‌മരിച്ച് രാഹുൽ ഗാന്ധി: മഹാനായ വിപ്ലവകാരിയും ആസാദ് ഹിന്ദ് ഫൗജിന്‍റെ സ്ഥാപകനുമായ നേതാജി സുഭാഷ് ചന്ദ്രബോസിനെ അദ്ദേഹത്തിന്‍റെ ജന്മവാർഷികത്തിൽ അനുസ്‌മരിക്കുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. നേതാജിയുടെ നേതൃത്വം, ധൈര്യം, സാമൂഹിക നീതിക്കായുള്ള പോരാട്ടം, സഹിഷ്‌ണുതയ്ക്ക് വേണ്ടിയുള്ള സംഭാവനകൾ എന്നിവ ഇന്നും ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു. ഭാരതമാതാവിന്‍റെ അനശ്വര പുത്രന് എന്‍റെ സല്യൂട്ട്, ജയ് ഹിന്ദ്' എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
2021ലാണ് സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മവാർഷികത്തോടനുബന്ധിച്ച് ജനുവരി 23 പരാക്രം ദിവസായി കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായി 2025 ജനുവരി 23 മുതൽ ജനുവരി 25 വരെ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മസ്ഥലമായ കട്ടക്കിലെ ചരിത്രപ്രസിദ്ധമായ ബരാബതി കോട്ടയിൽ വലിയ ആഘോഷം നടക്കും. നേതാജിയുടെ 128ാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ ആദരിക്കുന്നതിനായാണ് ഈ ആഘോഷം. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിപാടി ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉദ്ഘാടനം ചെയ്യും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക