നാരായൺപൂർ (ഛത്തീസ്‌ഗഡ്): സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സ്‌ത്രീകൾ ഉൾപ്പടെ ഏഴ് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്‌ഗഡിലെ നാരായൺപൂർ, കാങ്കർ ജില്ലകളുടെ അതിർത്തിയിലാണ് സംഭവം. 15 ദിവസത്തിനിടെ നക്‌സലൈറ്റുകൾക്കെതിരെ സുരക്ഷാ സേന നടത്തുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്.
ഏറ്റുമുട്ടൽ നടന്നതായി ബസ്‌തർ ഐജി സുന്ദർരാജ് പി സ്ഥിരീകരിച്ചു. നക്‌സലൈറ്റുകളുടെ ശക്തികേന്ദ്രമായി കണക്കാക്കുന്ന അബുജ്‌മദ് പ്രദേശത്തെ ടെക്‌മെത, കാക്കൂർ ഗ്രാമങ്ങൾക്കിടയിലുള്ള വനത്തിൽ രാവിലെ ആറുമണിയോടെയാണ് വെടിവയ്‌പ്പ് നടന്നതെന്ന് പൊലീസ് പറഞ്ഞു.
വെടിവയ്പ്പ് നിലച്ചതിന് ശേഷം രണ്ട് സ്‌ത്രീകളുൾപ്പെടെ ഏഴ് നക്‌സലൈറ്റുകളുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. സ്ഥലത്ത് നിന്ന് എകെ 47 തോക്കും മറ്റ് ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും പിടിച്ചെടുത്തു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട നക്‌സലൈറ്റുകളെ തിരിച്ചറിയാനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.