ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരെ വഹിച്ചുള്ള ആദ്യ വിമാനം നാട്ടില്‍ തിരിച്ചെത്തിയത്. 104 ഇന്ത്യക്കാരെയും വഹിച്ചാണ് യുഎസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സറിലെത്തിയത്. പഞ്ചാബില്‍ നിന്നുള്ള മുപ്പത് പേരും ഹരിയാനയില്‍ നിന്നുള്ള 33 പേരും ചണ്ഡിഗഡില്‍ നിന്നുള്ള രണ്ടുപേരുമാണ് സംഘത്തിലുണ്ടായിരുന്നത്, സ്‌ത്രീകളും കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ ഇപ്പോള്‍, യുഎസ് സൈനികരില്‍ നിന്നും ഭരണകൂട അധികൃതരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നാട്ടില്‍ തിരിച്ചെത്തിയ ഇന്ത്യക്കാര്‍. അമേരിക്കയില്‍ ദുരിത ജീവിതമായിരുന്നുവെന്നും ജീവനും കൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കുന്നു.
VIDEO | " we were not aware that we were being taken to india. we thought we were being taken to another camp or detention centre. we were handcuffed and in shackles," said jaspal singh, one of the deported indian immigrants.
— Press Trust of India (@PTI_News) February 5, 2025
(full video available on pti videos -… pic.twitter.com/L9Wn0z1fx4
നാടുകടത്തപ്പെട്ടവരിൽ ഒരാളായ ജസ്‌പാല്‍ സിങ് താൻ നേരിട്ട ദുരനുഭവം വൈകാരികമായി പങ്കുവച്ചു. അമേരിക്കയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രയിലുടനീളം കൈകളും കാലുകളും ബന്ധിക്കപ്പെട്ടിരുന്നു, അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങിയതിനുശേഷം മാത്രമാണ് വിലങ്ങുകള്‍ അഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
'വഞ്ചിക്കപ്പെട്ടു, 30 ലക്ഷം രൂപ ഏജന്‍റിന് നല്‍കിയിരുന്നു'
അമേരിക്കയിലെത്തിയപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടതായി അറിഞ്ഞതെന്നും നാട്ടിലെത്തിയ ജസ്‌പാല്‍ പറഞ്ഞു. "നിയമപരമായി യുഎസിലേക്ക് അയയ്ക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് ഒരു ട്രാവൽ ഏജന്‍റ് എന്നെ വഞ്ചിച്ചു, ശരിയായ വിസ ഉപയോഗിച്ച് എന്നെ അമേരിക്കയിലേക്ക് അയയ്ക്കാൻ ഏജന്‍റിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹം എന്നെ വഞ്ചിച്ചു, 30 ലക്ഷം രൂപ ഏജന്‍റിന് നല്‍കിയിരുന്നു, അദ്ദേഹം ബ്രസീലിലൂടെ അനധികൃതമായാണ് എന്നെ അമേരിക്കയിലേക്ക് അയച്ചത്. എന്നാല്‍ അതിര്‍ത്തിയില്‍ വച്ച് അമേരിക്കൻ പട്രോളിങ് സംഘം എന്നെ പിടികൂടി, ജയിലിലടച്ചു. ഇതിനുശേഷമാണ് ഇപ്പോള്‍ എന്നെ നാടുകടത്തിയത്" ജസ്‌പാല്‍ തന്‍റെ ദുരനുഭവം വിവരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വളരെയധികം തുക ചെലവഴിച്ചാണ് താൻ നാട്ടില്‍ പോയതെന്ന് ജസ്‌പാലിന്‍റെ ബന്ധു ജസ്ബീർ സിങ് പറഞ്ഞു. "അമേരിക്കയിലേക്ക് പോകാൻ ഒരു വലിയ തുക ചെലവഴിച്ചു. പണം കടം വാങ്ങിയതാണ്." ജസ്‌പാലിന്‍റെ ബന്ധു ജസ്ബീർ സിങ് പറഞ്ഞു. "ഇവ സർക്കാരുകളുടെ പ്രശ്‌നങ്ങളാണ്. ഞങ്ങൾ ജോലിക്കായി വിദേശത്തേക്ക് പോകുമ്പോൾ, ഞങ്ങളുടെ കുടുംബങ്ങളുടെ ഭാവിയെ കുറിച്ച് വലിയ സ്വപ്‌നങ്ങൾ കണ്ടിരുന്നു. എന്നാല്‍ അവിടെ ദുരിതജീവിതമാണ് അനുഭവിക്കുന്നത്" അദ്ദേഹം പറഞ്ഞു.
'യാത്രമധ്യേ ചിലര്‍ മരിക്കുന്നത് നേരിട്ടുകണ്ടു'
അനധികൃതമായാണ് അമേരിക്കയില്‍ താൻ എത്തിയതെന്നും ചിലര്‍ മുങ്ങി മരിക്കുന്നത് നേരില്‍ കണ്ടെന്നും നാടുകടത്തപ്പെട്ട് തിരിച്ചെത്തിയ ഹർവീന്ദർ സിങ് പറഞ്ഞു. "കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഞാൻ യുഎസിലേക്ക് പോയി. ഖത്തർ, ബ്രസീൽ, പെറു, കൊളംബിയ, പനാമ, നിക്കരാഗ്വ, തുടർന്ന് മെക്‌സിക്കോ എന്നിവിടങ്ങളിലേക്ക് എന്നെ കൊണ്ടുപോയി. മെക്‌സിക്കോയിൽ നിന്ന് യുഎസിലേക്ക് പോകാൻ മറ്റുചിലരും എന്‍റെ കൂടെ ഉണ്ടായിരുന്നു.
മലകളും കുന്നുകളും കടന്നാണ് യാത്ര ചെയ്‌തത്. കടലിലൂടെ യാത്ര ചെയ്യുന്നതിനിടെ ബോട്ട് മറിയാൻ പോകുന്ന സാഹചര്യം വരെ ഉണ്ടായി, പക്ഷേ ഞങ്ങൾ അതിജീവിച്ചു, പനാമയിലെ ഒരു കാട്ടിൽ വച്ച് ഒരാൾ മരിക്കുന്നതും മറ്റൊരാൾ കടലിൽ മുങ്ങിമരിക്കുന്നതും ഞാൻ നേരിട്ടു കണ്ടു. യഥാര്‍ഥത്തില്‍ ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു" എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഏജന്‍റ് തന്നെ ചതിച്ചതാണെന്നും 42 ലക്ഷം രൂപയാണ് താൻ ചെലവഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷണം പോലും കിട്ടാതെ ബിസ്‌ക്കറ്റ് മാത്രം കഴിച്ചു ജീവിക്കേണ്ട ഗതികേട് ഉണ്ടായിരുന്നുവെന്നും നാട്ടില്‍ തിരിച്ചെത്തിയ ഹര്‍വീന്ദര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കൃത്യമായ രേഖകളില്ലാതെ അമേരിക്കയില്‍ തങ്ങുന്ന ഇന്ത്യക്കാരെ ഇനിയും നാടുകടത്തുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ പതിനഞ്ച് ലക്ഷം അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 18000 ഇന്ത്യാക്കാരുണ്ട്. ഇവരുടെ പട്ടിക അമേരിക്ക തയാറാക്കിയിട്ടുണ്ട്. അതിര്‍ത്തി-കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു.