ന്യൂഡൽഹി: ഗാസ മുനമ്പ് ഏറ്റെടുക്കാന്‍ യുഎസ് തയ്യാറാണെന്ന പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ട്രംപിന്‍റെ പ്രഖ്യാപനം വിചിത്രവും അസ്വീകാര്യവുമാണെന്ന് അദ്ദേഹം പറഞ്ഞു.
'ഗാസ മുനമ്പ് ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനം വിചിത്രവും അപകടകരവും അസ്വീകാര്യവുമാണ്. സ്വാതന്ത്ര്യത്തോടെ ജീവിതം നയിക്കാനുള്ള പലസ്‌തീൻ ജനതയുടെ ന്യായമായ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും ഇസ്രയേലിന് സുരക്ഷ ഉറപ്പാക്കുന്നതിനും ദ്വിരാഷ്‌ട്ര പദ്ധതിയിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ' എന്ന് ജയറാം രമേശ് എക്‌സിൽ കുറിച്ചു.
गाजा के भविष्य पर राष्ट्रपति ट्रम्प के विचार विचित्र, खतरनाक और हर तरह से अस्वीकार्य हैं।
— Jairam Ramesh (@Jairam_Ramesh) February 5, 2025
पश्चिम एशिया में स्थायी शांति का एकमात्र आधार है - दो-राज्य समाधान जो फिलिस्तीनी लोगों की स्वतंत्रता और सम्मान के साथ जीवन जीने की पूरी तरह से वैध आकांक्षाओं को पूरा करता है, और साथ ही,…
'മോദി സർക്കാർ തങ്ങളുടെ നിലപാട് പൂർണമായും വ്യക്തമാക്കണം. മറ്റ് സർക്കാരുകൾ ഇതിനകം തന്നെ അങ്ങനെ ചെയ്‌തിട്ടുണ്ട്,' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന ട്രംപിന്‍റെ പ്രഖ്യാപനം ഉണ്ടായത്. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സമയത്ത് പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരുമെന്ന് പറഞ്ഞ ട്രംപ്, ഇന്നലെ നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെ ലോകരാജ്യങ്ങള്‍ അമ്പരന്നിരുന്നു.
"ഗാസ മുനമ്പ് ഏറ്റെടുക്കും ബോംബും ആയുധങ്ങളും നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം ഞങ്ങളുടേതാകും. തകർന്ന കെട്ടിടങ്ങൾ നീക്കം ചെയ്യും, പ്രദേശത്തിന്‍റെ സാമ്പത്തിക വികസനത്തിനായി പ്രവർത്തിക്കും" എന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ ഈ പരാമര്‍ശം പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് തള്ളിവിടുമെന്നാണ് വിലയിരുത്തല്‍.
ട്രംപിന്‍റെ പ്രഖ്യാപനം തികച്ചും പരിഹാസ്യവും അസംബന്ധവുമാണെന്ന് മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ സാമി അബു സുഹ്‌രി പറഞ്ഞു. മാത്രമല്ല ഇത് മേഖലയിൽ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്നും അത്തരം പദ്ധതികൾ നടപ്പിലാക്കാൻ ഗാസയിലെ ജനങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നീക്കം മേഖലയെ സംഘര്‍ഷ ഭരിതമാക്കുമെന്നും ഹമാസ് നേതാവ് സാമി അബു സുഹ്‌രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പലസ്തീനികളെ മാതൃരാജ്യത്ത് നിന്ന് കുടിയിറക്കാനുള്ള നീക്കം അസ്വീകാര്യമാണെന്ന് പലസ്‌തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പിഎൽ.ഒ) സെക്രട്ടറി ജനറൽ ഹുസൈൻ അൽ ഷെയ്ഖും പറഞ്ഞുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് പ്രശ്നപരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി.
'അന്താരാഷ്ട്ര നിയമസാധുതയ്ക്കും അന്താരാഷ്ട്ര നിയമത്തിനും അനുസൃതമായി, ദ്വിരാഷ്ട്ര പദ്ധതിയാണ് സുരക്ഷ, സ്ഥിരത, സമാധാനം എന്നിവയുടെ ഉറപ്പെന്ന ഉറച്ച നിലപാടാണ് പലസ്‌തീൻ നേതൃത്വം സ്ഥിരീകരിക്കുന്നത് 'എന്ന് എക്‌സിലെ ഒരു പോസ്‌റ്റിൽ അദ്ദേഹം പറഞ്ഞു.
പലസ്‌തീനികൾ തങ്ങളുടെ ഭൂമിയും അവകാശങ്ങളും പുണ്യസ്ഥലങ്ങളും ഉപേക്ഷിക്കില്ലെന്നും, വെസ്‌റ്റ് ബാങ്കിനും, കിഴക്കൻ ജറുസലേമിനുമൊപ്പം ഗാസ മുനമ്പ്, പലസ്‌തീൻ ഭൂമിയുടെ അവിഭാജ്യ ഘടകമാണെന്നും പലസ്‌തീൻ പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് വ്യക്തമാക്കി.