വാരണാസി : 34 വർഷം പഴക്കമുള്ള വ്യാജ ആയുധ ലൈസൻസ് കേസിൽ ഗുണ്ട തലവനും ഉത്തര്‍പ്രദേശിലെ മൗ മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌ത മുന്‍ ബഹുജൻ സമാജ് പാർട്ടി നേതാവ് മുഖ്‌താർ അൻസാരിക്ക് ജീവപര്യന്തം. വാരണാസിയിലെ എംപി/എംഎൽഎ പ്രത്യേക കോടതിയാണ് ബുധനാഴ്‌ച മുഖ്‌താർ അൻസാരിക്കുള്ള ശിക്ഷ വിധിച്ചത് (Mukhtar Ansari Sentenced To Life Imprisonment). മുഖ്‌താർ അൻസാരി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
പ്രത്യേക എംപി-എംഎൽഎ കോടതി ജഡ്‌ജി അവനീഷ് ഗൗതമാണ് കേസിൽ വിധി പ്രസ്‌താവിച്ചത്. ആയുധ നിയമത്തിലെ വകുപ്പുകൾക്കൊപ്പം ഐപിസി സെക്ഷൻ 467 (വ്യാജരേഖ), 468 (വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നിവ പ്രകാരം 1990 ഡിസംബറിൽ ഗാസിപൂർ ജില്ലയിലെ മുഹമ്മദാബാദ് പൊലീസ് സ്‌റ്റേഷനിൽ അൻസാരിക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
അൻസാരി ഇപ്പോൾ തടവിൽ കഴിയുന്ന ബന്ദ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് ഹാജരായത്. ഉത്തർപ്രദേശ്, പഞ്ചാബ്, ന്യൂഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലായി അൻസാരിക്കെതിരെ അറുപതോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുറഞ്ഞത് ഏഴ് കേസുകളിലെങ്കിലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
മുൻ എംഎൽഎയും കോണ്‍ഗ്രസ് നേതാവുമായ അജയ് റായിയുടെ സഹോദരൻ അവദേശ് റായിയെ കൊലപ്പെടുത്തിയ കേസിൽ മുക്താർ അൻസാരിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂണിലായിരുന്നു വാരണാസി കോടതി വിധി പറഞ്ഞത്. 1991 ഓഗസ്‌റ്റ് മൂന്നിനായിരുന്നു കേസിന് ആസ്‌പദമായ സംഭവം. വീടിന് പുറത്ത് നിന്നിരുന്ന അവദേശ് റായിയെ അൻസാരി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സഹോദരന്‍റെ കൊലപാതകത്തിൽ മുക്താർ അൻസാരിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് അജയ് റായ് ആയിരുന്നു പരാതി നൽകിയത്.
വ്യാജ ലൈസൻസ് കേസ് :1987 ജൂൺ 10 ന് ഗാസിപൂർ ജില്ല മജിസ്‌ട്രേറ്റിന്, ഇരട്ട ബാരൽ തോക്കിന് ലൈസൻസിനായി അൻസാരി അപേക്ഷ നൽകിയിരുന്നു. ഗാസിപൂർ ജില്ല മജിസ്‌ട്രേറ്റിൻ്റെയും പൊലീസ് സൂപ്രണ്ടിൻ്റെയും വ്യാജ ഒപ്പിട്ട് ലൈസൻസ് നേടിയെന്നായിരുന്നു ആരോപണം.
തട്ടിപ്പ് പുറത്തായ ശേഷം 1990 ഡിസംബർ 4 ന് ഗാസിപൂരിലെ മുഹമ്മദാബാദ് പൊലീസ് സ്‌റ്റേഷനിൽ മുഖ്‌താർ അൻസാരി ഉൾപ്പടെ അഞ്ച് പേർക്കെതിരെ സിബി-സിഐഡി കേസ് രജിസ്‌റ്റർ ചെയ്‌തു. അന്വേഷണത്തിന് ശേഷം 1997ൽ അന്നത്തെ ഓർഡിനൻസ് ക്ലർക്ക് ഗൗരീശങ്കർ ശ്രീവാസ്‌തവയ്ക്കും മുഖ്‌താർ അൻസാരിക്കുമെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടു.
കേസിൽ വാദം കേൾക്കുന്നതിനിടെ ഗൗരീശങ്കർ ശ്രീവാസ്‌തവ മരിച്ചതിനാൽ 2021 ഓഗസ്‌റ്റ് 18ന് അദ്ദേഹത്തിനെതിരായ കേസ് അവസാനിപ്പിക്കുകയായിരുന്നു. കേസിൽ 10 സാക്ഷികളുടെ മൊഴി പ്രോസിക്യൂഷൻ രേഖപ്പെടുത്തിയിരുന്നു.