വാഷിങ്ടൺ : അമേരിക്കയുടെ 47-ാമത് പ്രസിഡന്‍റായി അധികാരമേറ്റതിന് പിന്നാലെ ക്യാപിറ്റോൾ കലാപകാരികൾക്ക് മാപ്പ് നൽകി ഡൊണാൾഡ് ട്രംപ്. 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റോളിന് നേരെ ആക്രമണം നടത്തിയ തന്‍റെ 1500ലധികം അനുയായികൾക്കാണ് ട്രംപ് മാപ്പ് നൽകിയത്. അവർ ബന്ദികളാണെന്നും കേസിൽ കുറ്റക്കാരായ 1500 പേർക്കും മാപ്പ് നൽകുന്നതായും ട്രംപ് പ്രഖ്യാപിച്ചു.
ക്യാപിറ്റോൾ കലാപത്തിൽ പൊലീസിനെ കടന്നാക്രമിച്ചവർക്ക് ഉൾപ്പെടെയാണ് ട്രംപ് മാപ്പ് നൽകിയത്. നീതിന്യായ വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണവും പ്രോസിക്യൂഷനും പൊളിച്ചുമാറ്റുന്നതിനായി അധികാരമേറ്റ ആദ്യ ദിവസം തന്നെ തന്‍റെ ദയാഹർജി അധികാരങ്ങൾ ട്രംപ് ഉപയോഗിച്ചു. അതേസമയം ജോ ബൈഡന്‍റെ തെരഞ്ഞെടുപ്പ് വിജയം സാക്ഷ്യപ്പെടുത്താൻ നിയമസഭാംഗങ്ങൾ യോഗം ചേർന്നപ്പോൾ നിയമപാലകർക്കെതിരെ അക്രമാസക്തമായ ആക്രമണം നടത്തുന്നതായി ക്യാമറയിൽ പതിഞ്ഞ പ്രതികളും ജയിൽ മോചിതരാകാൻ പോകുന്നവരിൽ ഉൾപ്പെടുന്നുവെന്ന് ട്രംപ് പറഞ്ഞു. നീതിന്യായ വകുപ്പ് കൊണ്ടുവന്ന ഏറ്റവും ഗുരുതരമായ കേസുകളിൽ രാജ്യദ്രോഹ ഗൂഢാലോചനയ്ക്ക് ശിക്ഷിക്കപ്പെട്ട ഓത്ത് കീപ്പേഴ്‌സ്, പ്രൗഡ് ബോയ്‌സ് തീവ്രവാദ ഗ്രൂപ്പുകളുടെ നേതാക്കളും ശിക്ഷ ഇളവ് ചെയ്‌തതിന് ശേഷം ജയിൽ മോചിതരാകും.
ജോ ബൈഡൻ പ്രസിഡന്‍റാവുന്നത് തടയുന്നതിനായാണ് കലാപകാരികൾ ക്യാപിറ്റോൾ കെട്ടിടത്തിലേക്ക് ഇരച്ചു കയറി നാശനഷ്‌ടങ്ങൾ വരുത്തിയത്. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാത്ത ട്രംപ് അനുകൂലികൾ ഭരണസിരാകേന്ദ്രത്തിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. കലാപത്തിൽ ട്രംപ് അനുകൂലികളും പൊലീസുകാരും ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.
അമേരിക്കൻ ജനാധിപത്യ ചരിത്രത്തിലെ കരിപുരണ്ട ദിനമായാണ് ക്യാപിറ്റോൾ ആക്രമണത്തെ ജനാധിപത്യവിശ്വാസികൾ കാണുന്നത്. അക്രമത്തിൽ ട്രംപ് കുറ്റക്കാരനാണെന്ന് യുഎസ് നീതിന്യാക വകുപ്പ് കണ്ടെത്തിയിരുന്നു. ക്യാപിറ്റോൾ കലാപത്തിൽ തീർപ്പുകൽപ്പിക്കാത്ത ഏകദേശം 450 കേസുകൾ തള്ളണമെന്ന് ആവശ്യപ്പെടാൻ ട്രംപ് അറ്റോർണി ജനറലിനോട് നിർദേശിച്ചു. നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരെ പരിക്കേൽപ്പിക്കുകയും സമാധാനപരമായ അധികാര കൈമാറ്റത്തിന് ഭീഷണിയാകുകയും ചെയ്‌ത ആക്രമണത്തിന്‍റെ ചരിത്രം തിരുത്തിയെഴുതാനുള്ള ട്രംപിന്‍റെ വർഷങ്ങളുടെ പ്രചാരണത്തിന് ശേഷമാണ് ഇപ്പോൾ പ്രതികൾക്ക് മാപ്പ് നൽകിയിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വൈറ്റ് ഹൗസിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പുള്ള ആഴ്‌ചകളിൽ, ക്യാപിറ്റോൾ കലാപത്തിലെ പ്രതികൾക്ക് പൊതുവായി മാപ്പ് നൽകുന്നതിന് പകരം ഓരോ കേസും ഒന്നൊന്നായി പരിഗണിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. അതേസമയം ക്യാപിറ്റോൾ കലാപത്തിനിടെയുണ്ടായ അക്രമത്തിന് ഉത്തരവാദികളായ ആളുകൾക്ക് മാപ്പ് നൽകരുതെന്ന് വൈസ് പ്രസിഡന്‍റ് ജെഡി വാൻസ് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. 'ആ ദിവസം നിങ്ങൾ അക്രമം നടത്തിയെങ്കിൽ, തീർച്ചയായും നിങ്ങൾ ശിക്ഷിക്കപ്പെടണം'. ജനുവരി 6 ന് ശേഷം അന്യായമായി വിചാരണ ചെയ്യപ്പെട്ട നിരവധി ആളുകളുണ്ടെന്നും വാൻസ് വ്യക്തമാക്കിയിരുന്നു.
അതേസമയം കലാപകാരികളെ 'ദേശസ്നേഹികൾ' എന്നും 'ബന്ദികൾ' എന്നും വിശേഷിപ്പിച്ച ട്രംപ്, രാഷ്‌ട്രീയ പ്രേരിതമായ രണ്ട് കേസുകളിൽ അവർക്കെതിരെ ഫെഡറൽ കുറ്റങ്ങൾ ചുമത്തി നീതിന്യായ വകുപ്പ് അവരോട് അന്യായമായി പെരുമാറിയെന്ന് അവകാശപ്പെട്ടു. ബന്ദികൾക്ക് മാപ്പ് നൽകുന്നതിലൂടെ കഴിഞ്ഞ നാല് വർഷമായി അമേരിക്കൻ ജനതയുടെ മേൽ നടന്നുകൊണ്ടിരിക്കുന്ന ഗുരുതരമായ ദേശീയ അനീതി അവസാനിപ്പിക്കുകയും ദേശീയ അനുരഞ്ജന പ്രക്രിയയ്ക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നുവെന്ന് ട്രംപ് പറഞ്ഞു.
രാജ്യദ്രോഹ ഗൂഢാലോചനയ്ക്ക് 22 വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രൗഡ് ബോയ്‌സിന്‍റെ മുൻ ദേശീയ ചെയർമാൻ എൻറിക് ടാരിയോയുടെ അഭിഭാഷകൻ, തന്‍റെ കക്ഷി തിങ്കളാഴ്‌ച (ജനുവരി 20) രാത്രി ജയിൽ മോചിതനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. 2020 ലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാര്‍ടി പരാജയപ്പെട്ടതിനെത്തുടർന്ന് ഡൊണാൾഡ് ട്രംപിനെ അധികാരത്തിൽ നിലനിർത്താൻ ഗൂഢാലോചന നടത്തിയതിന് ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് എൻറിക് ടാരിയോ.
നിലവിലെ പ്രസിഡന്‍റുമാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനെതിരായ നീതിന്യായ വകുപ്പിന്‍റെ നയം കാരണം ക്യാപിറ്റോൾ കലാപത്തിൽ ട്രംപിനെതിരായ കേസ് തള്ളിയതിന് പിന്നാലെ നാല് ആഴ്‌ചകൾക്ക് ശേഷമാണ് മറ്റുള്ളവർക്ക് മാപ്പ് നൽകുന്നത്. 2024ലെ തെരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടിരുന്നെങ്കിൽ, കഴിഞ്ഞ നാല് വർഷമായി നടക്കുന്ന ക്യാപിറ്റോൾ കേസിൽ അദ്ദേഹവും വിചാരണ നേരിടേണ്ടി വന്നിരിക്കാം.
ക്യാപിറ്റോൾ കലാപത്തിൽ 1,200ലധികം പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്, ഇതിൽ ഏകദേശം 250 പേർ ആക്രമണ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണ്. കലാപത്തിൽ നൂറുകണക്കിന് പ്രതികൾക്കെതിരെ നാശനഷ്‌ടങ്ങൾ ഉണ്ടാക്കിയതിനും ആക്രമിച്ചതിനും കുറ്റം ചുമത്തിയിരുന്നു. ഇവരിൽ പലരും വളരെ കുറച്ച് സമയത്തേക്ക് മാത്രമേ ജയിലിൽ അടയ്‌ക്കപ്പെട്ടിട്ടുള്ളു.
അതേസമയം ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ തെളിവായി രേഖപ്പെടുത്തിയിട്ടുണ്ട്. വടികളും മറ്റ് ആയുധങ്ങളുമായി കലാപകാരികൾ ക്യാപിറ്റോളിലേക്ക് ഇരച്ചുകയറിയതിന്‍റേയും പൊലീസിനെ മറികടന്ന് ജനാലകളും മറ്റും തകർത്തതിന്‍റേയും തെളിവുകൾ അധികൃതരുടെ കൈവശമുണ്ട്. കലാപകാരികൾ പൊലീസുകാരെ ജനക്കൂട്ടത്തിലേക്ക് വലിച്ചിഴച്ച് തല്ലിച്ചതച്ചു. ഒരു ഓഫിസറുടെ കഴുത്തിൽ അക്രമികൾ സ്‌റ്റൺ ഗൺ ഉപയോഗിച്ച് വേദനിപ്പിച്ചു. അങ്ങനെ അക്രമികൾ നടത്തിയ കലാപത്തിനെ കുറിച്ച് ഉദ്യോഗസ്ഥർ സാക്ഷ്യപത്രത്തിൽ വിവരിക്കുന്നുണ്ട്.
കുറ്റം ചുമത്തിയ 1,500ലധികം പേരിൽ, ഏകദേശം 250 പേരെ വിചാരണയ്ക്ക് ശേഷം അധികൃതർ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്. ജനുവരി 1 വരെ കുറഞ്ഞത് 1,020 പേരെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്‌തുവെന്ന് സമ്മതിച്ചിരുന്നു. ബെഞ്ച് വിചാരണകൾക്ക് ശേഷം ജഡ്‌ജിമാർ എല്ലാ കുറ്റങ്ങളിൽ നിന്നും കുറ്റവിമുക്തരാക്കിയത് രണ്ട് പേരെ മാത്രമാണ്. ഒരു ജൂറിയും ക്യാപിറ്റോൾ കലാപ പ്രതികളെ പൂർണമായും കുറ്റവിമുക്തനാക്കിയിട്ടില്ല.
1,000ത്തിലധികം കലാപകാരികളെ ഇതിനകം ശിക്ഷിച്ചിട്ടുണ്ട്. 700ലധികം പേർക്ക് കുറഞ്ഞത് കുറച്ച് സമയമെങ്കിലും തടവ് ശിക്ഷ ലഭിച്ചു. ബാക്കിയുള്ളവർക്ക് പ്രൊബേഷൻ, കമ്മ്യൂണിറ്റി സേവനം, വീട്ടുതടങ്കൽ അല്ലെങ്കിൽ പിഴ എന്നിങ്ങനെ ശിക്ഷ വിധിച്ചു.
Also Read: വിവേക് രാമസ്വാമി ട്രംപ് ഭരണകൂടത്തിൻ്റെ ഭാഗമാകില്ലെന്ന് വൈറ്റ് ഹൗസ്; ഡോജ് ചുമതല ഇലോൺ മസ്‌കിന് മാത്രം