ലോകത്തുടനീളമുള്ള ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് മലബന്ധം. അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്‍റെ അഭാവം എന്നിവ മലബന്ധത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളാണ്. ദൈന്യം ദിന ജീവിതത്തെ സാരമായി ബാധിക്കുകയും വേദന, മലാശയ രക്തസ്രാവം, നിരാശ, ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, അസ്വസ്‌തത എന്നിവ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ മലബന്ധം മൂലം ഉണ്ടായേക്കാം. അതുകൊണ്ട് മലബന്ധം തടയേണ്ടത് പ്രധാനമാണ്. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ
നാരുകൾ അടങ്ങിയ ഭക്ഷണക്രമം മലബന്ധം തടയാൻ സഹായിക്കും. അതിനാൽ ലയിക്കുന്ന നാരുകൾ അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ, വിത്തുകൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. പ്രതിദിനം 25-30 ഗ്രാം നാരുകൾ കഴിക്കണമെന്ന് അമേരിക്കൻ ഡയറ്ററ്റിക് അസോസിയേഷൻ പറയുന്നു.
ജലാംശം നിലനിർത്തുക
മലബന്ധം പ്രശ്‌നങ്ങൾ ലഘൂകരിക്കരിക്കാനും തടയാനും ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടതുണ്ട്. അതിനാൽ ദിവസേന കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
സ്ഥിരമായ വ്യായാമം
നടത്തം, ജോഗിംഗ്, നീന്തൽ തുടങ്ങിയ ശാരീരിക പ്രവർത്തനത്തിൽ ഏർപ്പെടുത്തുന്നത് കുടലിൻ്റെ ചലനശേഷി മെച്ചപ്പെടുത്താൻ സഹായിക്കും. വൻകുടലിൽ നിന്ന് മലം നീങ്ങാൻ സഹായിക്കുകയും ചെയ്യും. ഇത് മലബന്ധം തടയാൻ ഗുണം ചെയ്യും.
മലം പിടിച്ചു നിർത്തരുത്
മലവിസർജ്ജനം നടത്തണമെന്ന് തോന്നൽ ഉണ്ടാകുമ്പോൾ തന്നെ ടോയ്‌ലറ്റിൽ പോകേണ്ടത് അത്യാവശ്യമാണ്. മലവിസർജ്ജനം നടത്താൻ വൈകുന്നത് കൂടുതൽ സങ്കീർണതകളിലേക്ക് നയിക്കും.
പ്രോബയോട്ടിക്‌സ്
കുടലിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും ആരോഗ്യം നിലനിർത്താനും ആരോഗ്യകരമായ ബാക്‌ടീരിയകൾ സഹായിക്കും. അതിനാൽ ഇത്തരം ബാക്‌ടീരിയകളുടെ എണ്ണം വർധിപ്പിക്കാനായി തൈര്, കെഫീർ, പുളിപ്പിച്ച ഭക്ഷണങ്ങൾ എന്നിവ കഴിക്കുക.
സംസ്‌കരിച്ച ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക
നാരുകൾ കുറഞ്ഞതും കൊഴുപ്പ് കൂടുതലുള്ളതുമായ സംസ്‌കരിച്ച ഭക്ഷണങ്ങൾ മലബന്ധത്തിന് കരണമാകുന്നവയാണ്. അതിനാൽ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം.
അമിതമായി ഭക്ഷണം കഴിക്കരുത്
അമിതമായി ഭക്ഷണം കഴിക്കുന്നത് ദഹനത്തെ മന്ദഗതിയിലാക്കുകയും മലബന്ധത്തിന് കാരണമാകുകയും ചെയ്യും. കുറഞ്ഞ അളവിൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് കുടലിന്‍റെ പ്രവർത്തനം സുഗമമാക്കും.
സമ്മർദ്ദം നിയന്ത്രിക്കുക
ദഹനം, മലവിസർജ്ജനം എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് സമ്മർദ്ദം. അതിനാൽ ഇത്തരം അവസ്ഥകൾ ഒഴിവാക്കുന്നതിനായി യോഗ, ധ്യാനം, ശ്വസന വ്യായാമങ്ങൾ എന്നിവ പതിവാക്കുക.
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ
മലവിസർജനത്തിന് സഹായിക്കുന്ന ഒന്നാണ് മഗ്നീഷ്യം. അതിനാൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ള നട്‌സ്, വിത്തുകൾ, ഇലക്കറികൾ, വാഴപ്പഴം എന്നിവ പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ആർത്തവ സമയത്തെ വേദന അകറ്റാം; പ്രകൃതിദത്ത മാർഗങ്ങൾ ഇതാ