വേനൽ കാലമാണ് ഇനി വരാൻ പോകുന്നത്. അതിനാൽ ഇനിയങ്ങോട്ടുള്ള ദിവസങ്ങളിൽ പുറത്തിറങ്ങുമ്പോൾ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്‌മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കേണ്ടതുണ്ട്. വെയിലത്ത് പുറത്തിറങ്ങുന്നതും ദീർഘനേരം സൂര്യപ്രകാശം എൽക്കുന്നതും ചർമ്മത്തിന്‍റെ നിറം നഷ്‌ടപ്പെടാൻ ഇടയാക്കും. അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ശരീരത്തിൽ മെലാനിൻ ഉത്പാദനം വർധിപ്പിക്കുകയും ചർമ്മത്തിൽ ടാൻ ഉണ്ടാക്കാൻ ഇടയാക്കുകയും ചെയ്യും. ഈ പ്രശ്‍നം പരിഹരിക്കുന്നതിന് നിരവധി ഉത്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ രാസവസ്‌തുക്കൾ അടങ്ങിയ ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം ചർമ്മത്തിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ പ്രകൃതിദത്ത വഴികൾ പരീക്ഷിക്കുന്നതാണ് നല്ലത്. സൺ ടാൻ നീക്കം ചെയ്യാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ പരിചയപ്പെടാം.
മഞ്ഞൾപ്പൊടി, കാപ്പിപ്പൊടി, തൈര്
ഒരു ബൗളിലേക്ക് ഓരോ ടേബിൾ സ്‌പൂൺ വീതം മഞ്ഞൾപ്പൊടി, കാപ്പിപ്പൊടി, തൈര് എന്നിവ ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിച്ച് 20 മിനിറ്റ് വിശ്രമിക്കാം. ശേഷം കഴുകി കളയാം.
നാരങ്ങ, തേൻ
നാരങ്ങ നീരും തേനും മിക്‌സ് ചെയ്‌ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഈ പാക്ക് ഉപയോഗിച്ചാൽ ഒരു ദിവസം കഴിഞ്ഞ് മാത്രമെ പുറത്ത ഇറങ്ങാൻ പാടുള്ളൂ.
തേൻ, തൈര്
2 ടേബിൾ സ്‌പൂൺ തൈരിലേക്ക് 1 ടേബിൾ സ്‌പൂൺ തേൻ ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. എല്ലാ ദിവസവും ഇങ്ങനെ ചെയ്യുന്നത് ചർമ്മത്തിലെ ടാൻ അകറ്റാനും സൂര്യരശ്‌മികൾ മൂലമുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാനും സഹായിക്കും.
കറ്റാർവാഴ
കറ്റാർ വാഴയിൽ ആന്‍റി ബാക്‌ടീരിയൽ, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വിവിധ ചർമ്മ പ്രശ്‌നങ്ങളും അകറ്റി ചർമ്മത്തെ സംരക്ഷിക്കും. സൺ ടാൻ മാറ്റാനും കറ്റാർവാഴ സഹായിക്കും. അതിനായി ദിവസവും ഉറങ്ങാൻ പോകുന്നതിന്‍റെ മുമ്പ് കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടുക. രാവിലെ എഴുന്നേക്കുമ്പോൾ കഴുകി കളയാം.
തക്കാളി
ഒരു തക്കാളിയുടെ നീര് പിഴിഞ്ഞെടുത്ത് ടാനുള്ള ഇടങ്ങളിൽ പുരട്ടുക. 15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്‍ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യാം.
കുക്കുമ്പർ, പാൽ
രണ്ട് ടേബിൾ സ്‌പൂൺ കുക്കുമ്പർ നീരും ഒരു ടേബിൾ സ്‌പൂൺ പാലും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ശേഷം കഴുകി കളയാം.
പൈനാപ്പിൾ, തേൻ
രണ്ട് കഷ്‌ണം പഴുത്ത പൈനാപ്പിൾ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് 1 ടീസ്‌പൂൺ തേൻ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇത് ചർമ്മത്തിൽ പുരട്ടി 20 മിനിട്ടിന് ശേഷം കഴുകി കളയാം.
പപ്പായ, തേൻ
രണ്ട് കഷ്‌ണം പഴുത്ത പപ്പായ നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് 1 ടീസ്‌പൂൺ തേൻ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 30 മിനിട്ടിന് ശേഷം കഴുകി കളയുക. ആഴ്‌ചയിൽ ഒരു തവണ ഈ ഫേസ് പാക്ക് പരീക്ഷിക്കാം.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ചുവന്ന് തുടുത്ത ചർമ്മം സ്വന്തമാക്കാം; ഒരു കിടിലൻ ഐറ്റം ഇതാ