ലഡാക്ക്: കേരളത്തിന്‍റെ വിവിധ ഇടങ്ങളില്‍ തെരുവ് നായ്‌ക്കളുടെ ശല്യവുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ കാട്ടുനായ്‌ക്കളുടെ ശല്യംകൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ജമ്മുകശ്‌മീരിലെ ലഡാക്ക്. കാട്ടുനായ്ക്കളുടെ എണ്ണത്തിലെ വർധനവ് മൂലം കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ലഡാക്ക് നേരിടുന്നത്.
ലേയിലെ മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം, 2015 നും 2024 നും ഇടയിൽ ലഡാക്കിൽ 27,823 നായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ട്. ഈ ശ്രമങ്ങൾക്കിടയിലും, കാട്ടുനായ്ക്കൾ പെറ്റുപെരുകി പ്രദേശത്തിന്‍റെ ദുർബലമായ ആവാസവ്യവസ്ഥയ്ക്കും, അപൂർവ വന്യജീവികൾക്കും, മനുഷ്യജീവിതങ്ങൾക്കും പോലും ഗുരുതരമായ ഭീഷണിയായിരിക്കുകയാണ് ഇവയിപ്പോള്‍.
നായ്‌ക്കള്‍ വിതയ്‌ക്കുന്ന ആശങ്ക
ഈ നായ്ക്കൾ സൃഷ്‌ടിക്കുന്ന ഗണ്യമായ പാരിസ്ഥിതിക അസന്തുലിതാവസ്ഥയെക്കുറിച്ച് വിദഗ്‌ധരും പ്രദേശവാസികളും ഒരുപോലെ ആശങ്കാകുലരാണ്. പല്ലാസസ് പൂച്ച, ടിബറ്റൻ കാട്ടുകഴുത, കറുത്ത കഴുത്തുള്ള കൊക്കുകൾ, മാർമോട്ട് തുടങ്ങിയ ദുർബല ജീവിവർഗങ്ങള്‍ക്ക് കനത്ത ഭീഷണിയാണ് ഇവ ഉയര്‍ത്തുന്നത്. ലഡാക്കിലുടനീളമുള്ള വിവിധ ആളുകള്‍ക്ക് നേരെയും വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയും കാട്ടുനായ്‌ക്കളുടെ നിരവധി ആക്രമണമുണ്ടായി. മനുഷ്യന് വരെ ജീവഹാനി സംഭവിച്ചു. ഹിമപ്പുലി, ഹിമാലയൻ ചെന്നായ്ക്കൾ തുടങ്ങിയ ഇരപിടിയന്മാര്‍ക്ക് പോലും ഇവയുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷയില്ല.
കാരണം സൈന്യം?
വന്യജീവികളുടെ സാന്ദ്രത ഏറ്റവും കൂടുതലുള്ള കിഴക്കൻ ലഡാക്കിലാണ് ഈ പ്രശ്‌നം പ്രത്യേകിച്ച് രൂക്ഷം. അപൂർവ ജീവികൾ, കന്നുകാലികൾ, മനുഷ്യർ എന്നിവയ്‌ക്കെതിരായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, ലഡാക്കിന്‍റെ ജൈവവൈവിധ്യവും അവിടുത്തെ ജനങ്ങളുടെ സുരക്ഷയ്‌ക്കുമായി ഉടനടി ഇടപെടൽ വേണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.
സൈന്യത്തിന്‍റെയും ടൂറിസ്റ്റ് ക്യാമ്പുകളുടെയും സുസ്ഥിരമല്ലാത്ത മാലിന്യ സംസ്‌കരണ രീതികൾ കാട്ടുനായ്ക്കളുടെ വ്യാപനത്തിലേക്ക് നയിക്കുന്നതായാണ് ബന്ധപ്പെട്ടവർ പറയുന്നു. ഇതേക്കുറിച്ച് ലഡാക്ക് വൈല്‍ഡ് ലൈഫ് കണ്‍സെര്‍വേഷന്‍ ആന്‍ഡ് ബേര്‍ഡ്‌സ് ക്ലബ്‌സ് ഓഫ് ലഡാക്ക് ചെയര്‍മാന്‍ ലോബ്‌സ്‌ങ് വിശുദ്ധ പറയുന്നതിങ്ങനെ....
"ലഡാക്കിലെ വന്യജീവികൾക്ക് വലിയ ഭീഷണിയാണ് ഈ നായ്ക്കൾ. പ്രധാനമായും സൈന്യത്തിൽ നിന്നും ടൂറിസ്റ്റ് ക്യാമ്പുകളിൽ നിന്നുമുള്ള ഭക്ഷണ അവശിഷ്‌ടങ്ങൾ ഭക്ഷിച്ചാണ് ഈ നായ്ക്കൾ അതിജീവിക്കുന്നത്. ഇത് അവയുടെ ജനസംഖ്യയിൽ ഒരു സ്ഫോടനത്തിന് കാരണമായി. ക്യാമ്പുകള്‍ മാറുമ്പോള്‍, ഭക്ഷണം തേടി നായ്ക്കൾ 15-20 കിലോമീറ്റർ സഞ്ചരിക്കാൻ നിർബന്ധിതരാകുന്നു. പ്രദേശത്തിന്റെ ദുർബലമായ ആവാസവ്യവസ്ഥയ്ക്ക് കാര്യമായ വെല്ലുവിളികൾ സൃഷ്‌ടിക്കുന്നതാണിത്".
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിലെ സീനിയർ പ്രോഗ്രാം ഓഫീസർ റിഗ്‌സിൻ ദാവയുടെ വാക്കുകള്‍ ഇങ്ങനെ... "പ്രീ-അസസ്മെന്‍റ് സർവേയിൽ, കാട്ടുനായ്ക്കളുടെ പ്രശ്‌നം പ്രാധാന്യമർഹിക്കുന്നതായി ഞങ്ങൾ കണ്ടെത്തി, പ്രത്യേകിച്ച് കിഴക്കൻ ലഡാക്കിലെ കാർഗ്യം ചിബ്ര മുതൽ സോക്കർ വരെ. കാട്ടുനായ്ക്കളുടെ വർധിച്ചുവരുന്ന എണ്ണം ആവാസവ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നു, ഇത് അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും.
കിഴക്കൻ ലഡാക്കിലെ മുഴുവൻ മേഖലയിലും, കാട്ടുനായ്ക്കളുടെ പ്രശ്‌നം ഒരു നിർണായക വെല്ലുവിളിയായി തുടരുകയാണ്. കാട്ടുനായ്ക്കളുടെ എണ്ണത്തിലെ വർധനവ് ഈ മേഖലയിലെ സൈന്യത്തിന്‍റെ രീതികളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ സുസ്ഥിരമല്ലാത്ത ഭക്ഷ്യ മാലിന്യ സംസ്‌കരണ രീതികൾ, പ്രകൃതിയോടുള്ള ബഹുമാനക്കുറവ്, മനുഷ്യ മാലിന്യങ്ങൾ ശരിയായി സംസ്‌കരിക്കാത്തത് എന്നിവയാണ് പ്രശ്‌നത്തിന് പ്രധാന കാരണം.
ചാങ്‌താങ് കോൾഡ് ഡെസേർട്ട് സാങ്ച്വറിക്കുള്ളിൽ ഈ മാലിന്യങ്ങൾ പലപ്പോഴും ചിന്താശൂന്യമായി ഉപേക്ഷിക്കപ്പെടുന്നു. ഇത് പ്രശ്‌നം കൂടുതൽ വഷളാക്കുന്നു. കെറായ്, റോങ് എന്നിവിടങ്ങളിലെ സൈനിക യൂണിറ്റുകളിൽ നിന്നുള്ള കാട്ടുനായ്ക്കൾ പർവതനിരകൾ കടന്ന് സോക്കർ പ്രദേശത്തേക്ക് സഞ്ചരിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സോക്കറിൽ സൈനിക യൂണിറ്റുകൾ നിലയുറപ്പിച്ചിട്ടില്ലെങ്കിലും അവിടെ കാട്ടുനായ്‌ക്കള്‍ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നു. 2020-ലെ ഏറ്റുമുട്ടലുകൾക്ക് ശേഷം, ഈ മേഖലയിലെ സൈനിക ക്യാമ്പുകളുടെ എണ്ണം വർധിച്ചു, ഇത് കാട്ടുനായ്ക്കളുടെ എണ്ണത്തിൽ വർധനവിന് കാരണമായി"- അദ്ദേഹം പറഞ്ഞു നിര്‍ത്തി.
മാലിന്യമുള്‍പ്പെടെയുള്ളവയില്‍ നിന്നും ഭക്ഷണം കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ കാട്ടുനായ്‌ക്കള്‍ മനുഷ്യര്‍ക്കും വളര്‍ത്ത് ജീവികള്‍ക്കും വന്യമൃഗങ്ങള്‍ക്കും നേരെ തിരിയുകയാണെന്ന് ലഡാക്കിൽ നിന്നുള്ള പക്ഷി നിരീക്ഷകയായ പദ്‌മ ഗ്യാൽപോ പറഞ്ഞു. തദ്ദേശീയ വന്യജീവികളുടെ ഭക്ഷണ ശേഖരം ഇല്ലാതാവുന്നത് ആവാസവ്യവസ്ഥയ്ക്ക് പരോക്ഷമായെങ്കിലും ഗുരുതരമായ ഭീഷണി സൃഷ്‌ടിക്കുന്നു.
ആൻലായിൽ, കാട്ടുനായ്ക്കൾ ഒരു ടിബറ്റൻ കാട്ടുകഴുതയുടെ കുഞ്ഞിനെ ആക്രമിച്ച് കൊല്ലുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ, ലഡാക്കിൽ നായ്ക്കളുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് ജീവൻ നഷ്‌ടപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, അടിയന്തിരവും ഗൗരവമേറിയതുമായ ശ്രദ്ധ ആവശ്യമുള്ള ഈ വിഷയത്തിൽ അധികൃതര്‍ വലിയ നിസ്സംഗത പുലർത്തുന്നതായും അദ്ദേഹം പറഞ്ഞു.
കിഴക്കൻ ലഡാക്കിലെ കോർസോക്കിലെ ഗ്രാമത്തലവൻ ജിഗ്മെത് റബ്ഗേയും നായ്‌ക്കളുടെ വര്‍ധനവിന് സൈന്യത്തെയാണ് പഴിചാരുന്നത്. "നായ്ക്കൾ കൂട്ടമായി സഞ്ചരിക്കുന്നു, ഇവ വലിയ ദുരിതമാണ് തീര്‍ക്കുന്നത്. ഈ നായ്ക്കളിൽ പലതും സൈനിക ക്യാമ്പുകളിൽ നിന്നാണ് വരുന്നത്. കൂടാതെ, തടാകക്കരയിൽ, നായ്ക്കൾ ചുവന്ന താറാവുകളെ കൊല്ലുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. അവ ഞങ്ങളുടെ കന്നുകാലികളെയും ആക്രമിക്കുന്നു"- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.