ഹൈദരാബാദ്: സാംസങ് ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നു. സാംസങിന്‍റെ മുൻനിര ഫോണായ എസ് 25 സീരീസ് ലോഞ്ച് ചെയ്യാൻ ഇനി ഒരു ദിവസം മാത്രം. നാളെ (ജനുവരി 22) ഇന്ത്യൻ സമയം 11.30ന് കാലിഫോർണിയയിലെ സാൻ ജോസിൽ നടക്കുന്ന 2025 ഗാലക്‌സി അൺപാക്ക്ഡ് ഇവന്‍റിലായിരിക്കും എസ് 25 സീരീസിലെ ഫോണുകൾ ലോഞ്ച് ചെയ്യുക. സാംസങ് ഗാലക്‌സി എസ് 25, എസ് 25 പ്ലസ്, എസ് 25 അൾട്ര എന്നിങ്ങനെ മൂന്ന് മോഡലുകളായിരിക്കും ഈ സീരീസിൽ പുറത്തിറക്കുക.
അതേസമയം ഈ സീരീസിനൊപ്പം സാംസങിന്‍റെ സ്ലിം മോഡലായ എസ് 25 സ്ലിം പുറത്തിറക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി എസ് 25 സീരീസിന്‍റെ ലോഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങൾക്കൊപ്പം ഈ സ്ലിം മോഡലും വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ എസ് 25ന്‍റെ സ്ലിം മോഡലിനെക്കുറിച്ച് കമ്പനി ഇതുവരെ ഒരു വിവരവും നൽകിയിട്ടില്ല. 2025 ന്‍റെ രണ്ടാം പാദത്തിലായിരിക്കും എസ് 25 സ്ലിം പുറത്തിറക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.
ലോഞ്ചിന് മുൻപ് തന്നെ ഈ സീരീസിലെ ഫോണുകളുടെ വില, ക്യാമറ, ബാറ്ററി, പ്രോസസർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഓരോന്നായി ചോർന്നിരുന്നു. ചോർന്ന വിവരങ്ങൾ പ്രകാരം പുതിയ സീരീസിലെ ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്ന വിലയും വിശദമായ സ്‌പെസിഫിക്കേഷനുകളും, മുൻ മോഡലുകളിൽ നിന്നും ഡിസൈൻ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും പരിശോധിക്കാം.
സാംസങ് ഗാലക്‌സി എസ് 25 സീരീസിന്‍റെ ഡിസൈൻ:
ഈ സീരീസിലെ സ്റ്റാൻഡേർഡ് മോഡലിന്‍റെയും എസ് 25 പ്ലസിന്‍റെയും ഡിസൈൻ മുൻ മോഡലുകൾക്ക് സമാനമാണെന്നാണ് ടിപ്‌സ്റ്റർ ഇവാൻ ബ്ലാസ് സബ്‌സ്റ്റാക്ക് വഴി പങ്കിട്ട ഫോട്ടോകൾ സൂചിപ്പിക്കുന്നത്. ക്യാമറ റിങോട് കൂടിയ ക്യാമറ യൂണിറ്റാണ് രണ്ട് മോഡലുകളിലും ഫീച്ചർ ചെയ്യുന്നത്. ഫ്രണ്ട് ക്യാമറയ്‌ക്ക് ഐഡന്‍റിക്കൽ ഹോൾ പഞ്ച് കട്ട്‌ഔട്ടാണ് നൽകിയിരിക്കുന്നത്. അതേസമയം എസ് 25 അൾട്രായുടെ ഡിസൈനിൽ മാറ്റങ്ങളുണ്ടാകാമെന്നാണ് റെൻഡറുകൾ സൂചിപ്പിക്കുന്നത്. അൾട്രായുടെ മുൻ മോഡലുകളിൽ സ്ഥിരമായി ഉണ്ടായിരുന്ന ബോക്‌സി ഡിസൈനിന് പകരം വൃത്താകൃതിയിലുള്ള കോണുകളിലായിരിക്കും എസ് 25 അൾട്രാ എത്തുകയെന്നാണ് ടിപ്‌സ്റ്റർ സൂചന നൽകുന്നത്. എസ് 25, എസ് 25 പ്ലസ് മോഡലുകൾ ഐസി ബ്ലൂ, മിന്‍റ്, നേവി, സിൽവർ എന്നീ നിറങ്ങളിലും, എസ് 25 അൾട്ര ടൈറ്റാനിയം ബ്ലാക്ക്, ഗ്രേ, സിൽവർ ബ്ലൂ എന്നീ പ്രീമിയം ഷേഡുകളിലും പുറത്തിറക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സാംസങ് ഗാലക്‌സി എസ് 25 സീരീസിന്‍റെ വില:
സ്‌പിൽ സം ബീൻസ് റിപ്പോർട്ടുകളനുസരിച്ച്, ഗാലക്‌സി എസ് 25 ബേസിക് മോഡലിന്‍റെ 256 ജിബി വേരിയന്‍റിന് 23,990,000 വിയറ്റ്‌നാമീസ് ഡോങും (ഏകദേശം 81,800 രൂപ), 512 ജിബി വേരിയന്‍റിന് 27,490,000 വിയറ്റ്‌നാമീസ് ഡോങും (ഏകദേശം 93,900 രൂപ) ആണ് വില. അതേസമയം എസ് 25 പ്ലസ് മോഡലിന്‍റെ 256 ജിബി വേരിയന്‍റിന് 27,990,000 വിയറ്റ്‌നാമീസ് ഡോങും (ഏകദേശം 95,400 രൂപ), 512 ജിബി വേരിയന്‍റിന് 31,490,000 വിയറ്റ്‌നാമീസ് ഡോങും (ഏകദേശം 1,07,400 രൂപ) ആണ് വില.
എസ് 25 അൾട്ര മോഡലുകൾ മൂന്ന് സ്റ്റോറേജ് വേരിയന്‍റുകളിലാണ് ലഭ്യമാവാൻ സാധ്യത. 256 ജിബി വേരിയന്‍റിന് 34,990,000 വിയറ്റ്‌നാമീസ് ഡോങും (ഏകദേശം 1,19,300 രൂപ), 512 ജിബി വേരിയന്‍റിന് 38,490,000 വിയറ്റ്‌നാമീസ് ഡോങും (ഏകദേശം 1,31,300 രൂപ), 1 ടിബി വേരിയന്‍റിന് 45,790,000 വിയറ്റ്‌നാമീസ് ഡോങും (ഏകദേശം 1,56,300 രൂപ) ആണ് വില.
സാംസങ് ഗാലക്‌സി എസ് 25 സീരീസിന്‍റെ സ്‌പെസിഫിക്കേഷനുകൾ:
ആൻഡ്രോയ്‌ഡ് വാർത്താ പ്ലാറ്റ്‌ഫോമായ ആൻഡ്രോയ്‌ഡ് ഹെഡ്‌ലൈൻസ് റിപ്പോർട്ട് അനുസരിച്ച്, ഗാലക്‌സി എസ് 25 സീരീസിലെ മുഴുവൻ ഫോണുകളും ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ചിപ്‌സെറ്റിലായിരിക്കും പ്രവർത്തിക്കുക. എല്ലാ മോഡലുകളിലും സ്റ്റോറേജ് 12 ജിബി റാം സ്റ്റാർഡേർഡായി നൽകാൻ സാധ്യതയുണ്ട്. എന്നാൽ എല്ലാ രാജ്യങ്ങളിലും സമാനമായിരിക്കുമോ എന്നതിൽ വ്യക്തതയില്ല. ഈ ലൈനപ്പിലെ ഫോണുകൾ ഡ്യുവൽ സിം (ഇ-സിം സപ്പോർട്ട്), വൈ-ഫൈ 7, ബ്ലൂടൂത്ത് 5.3 എന്നീ കണക്‌റ്റിവിറ്റികൾ പിന്തുണയ്‌ക്കുമെന്നാണ് റിപ്പോർട്ടുകൾ. എസ് 25 ബേസിക് മോഡൽ 128 ജിബി, 256 ജിബി, 512 ജിബി എന്നീ സ്റ്റോറേജ് ഓപ്‌ഷനുകളിൽ ലഭ്യമാകും. എസ് 25 പ്ലസ് 256 ജിബി സ്റ്റോറേജ് ഓപ്‌ഷനിലായിരിക്കും ആരംഭിക്കുക. അൾട്രാ വേരിയന്‍റിൽ 1 ടിബി വരെ സ്റ്റോറേജ് ഓപ്‌ഷനുകൾ ഉണ്ടായിരിക്കും.
സാംസങ് ഗാലക്‌സി എസ് 25:
ബേസിക് മോഡലിന്‍റെ സ്‌പെസിഫിക്കേഷനുകൾ പരിശോധിക്കുമ്പോൾ ക്യാമറയുടെ കാര്യത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 12 എംപിയുടെ ഫ്രണ്ട് ക്യാമറ ഫീച്ചർ ചെയ്യാനാണ് സാധ്യത. കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ച ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുമെന്നതാണ് മറ്റൊരു റിപ്പോർട്ട്. 2,340×1,080 പിക്‌സൽ റെസല്യൂഷനുള്ള 6.2 ഇഞ്ച് ഡൈനാമിക് AMOLED 2X സ്‌ക്രീനായിരിക്കും ഗാലക്‌സി എസ് 25 ബേസിക് മോഡലിൽ ഉണ്ടായിരിക്കുക. ഫോണിന് 120 ഹെട്‌സ് റിഫ്രഷ് റേറ്റ് ആയിരിക്കും നൽകുക.
ബേസിക് മോഡൽ 128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാകാം. 25W വയേർഡ് ചാർജിങും വയർലെസ് ചാർജിങും പിന്തുണയ്‌ക്കുന്ന 4,000 എംഎഎച്ച് ബാറ്ററിയായിരിക്കും നൽകുകയെന്നും റിപ്പോർട്ടുകളുണ്ട്. 162 ഗ്രാം ഭാരത്തിലായിരിക്കും ബേസിക് മോഡൽ പുറത്തിറക്കുക.
സാംസങ് ഗാലക്‌സി എസ് 25 പ്ലസ്:
ഗാലക്‌സി എസ് 25 പ്ലസിന്‍റെ സ്‌പെസിഫിക്കേഷനുകൾ പരിശോധിക്കുമ്പോൾ 3,120×1,440 പിക്‌സൽ റെസല്യൂഷനുള്ള 6.7 ഇഞ്ച് ഡൈനാമിക് AMOLED 2X സ്‌ക്രീനാണ് ലഭിക്കുകയെന്നാണ് സൂചന. 120 ഹെട്‌സ് റിഫ്രഷ് റേറ്റ് ആയിരിക്കും നൽകുക. 256 ജിബി, 512 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്‍റുകളിലാവും എസ് 25 പ്ലസ് ലഭ്യമാവുക. 45 വാട്ട് വയേർഡ് ചാർജിങ് പിന്തുണയ്‌ക്കുന്ന 4,900 mAh ബാറ്ററിയായിരിക്കും എസ് 25 പ്ലസിന് ലഭിക്കുക.
ഗാലക്‌സി എസ് 25 അടിസ്ഥാന വേരിയന്‍റിനും പ്ലസ് മോഡലിനും ട്രിപ്പിൾ ക്യാമറ സജ്ജീകരണമായിരിക്കും വഭിക്കുക. 50 എംപി പ്രൈമറി ക്യാമറ, 12 എംപി അൾട്രാവൈഡ് ആങ്കിൾ ലെൻസ്, ഒഐഎസോടു കൂടിയ 10 എംപി ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്നതായിരിക്കും ട്രിപ്പിൾ ക്യാമറ സജ്ജീകരണം. 3x ഒപ്‌റ്റിക്കൽ സൂമും ലഭിക്കും. കൂടാതെ 2.2 അപ്പർച്ചറുള്ള 12 എംപി ഫ്രണ്ട് ക്യാമറ്യയായിരിക്കും നൽകുക.
സാംസങ് ഗാലക്‌സി എസ് 25 അൾട്ര:
സാംസങ് ഗാലക്‌സി എസ് 25 സീരീസിലെ ഏറ്റവും വലിയ ഫോണായ എസ് 25 അൾട്രയ്‌ക്ക് 6.9 ഇഞ്ച് വലിപ്പമുണ്ടായിരിക്കുമെന്നാണ് സൂചന. 3,120×1,440 പിക്‌സൽ റെസല്യൂഷനുള്ള ഡൈനാമിക് AMOLED 2X സ്‌ക്രീനായിരിക്കും അൾട്രാ വേരിയന്‍റിനും ലഭിക്കും. കൂടാതെ 120 ഹെട്‌സ് റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും. 256GB, 512GB, 1TB എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്‌ഷനുകളിലായിരിക്കും പുറത്തിറക്കുക. ബാറ്ററിയുടെ കാര്യത്തിൽ 5,000mAh കപ്പിസിറ്റിയുള്ള ബാറ്ററിയും 45 വാട്ട് വയേർഡ് ഫാസ്റ്റ് ചാർജിങുമായിരിക്കും ഫീച്ചർ ചെയ്യുക. 200 എംപി പ്രൈമറി ലെൻസും, 50 എംപി അൾട്രാ വൈഡ് ആങ്കിൾ ക്യാമറയും, 5x ഒപ്‌റ്റിക്കൽ സൂമും ഒഐഎസുമുള്ള 50 എംപി ടെലിഫോട്ടോ ലെൻസും, ഒഐഎസും 3x ഒപ്‌റ്റിക്കൽ സൂമുമുള്ള 10 എംപി ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്ന ക്വാഡ് ക്യാമറ സജ്ജീകരണമാണ് എസ് 25 അൾട്ര മോഡലിലുണ്ടാകുക.
ലോഞ്ച് ഇവന്‍റ് എങ്ങനെ ലൈവായി കാണാം?
സാംസങിന്‍റെ 2025 ഗാലക്‌സി അൺപാക്ക്ഡ് ഇവന്‍റ് ലോകത്ത് എവിടെ നിന്നും ലൈവായി കാണാനാകും. ഇന്ത്യൻ സമയം രാത്രി 11:30നാണ് ലോഞ്ച് ഇവന്‍റ് ലൈവായി ആരംഭിക്കുക. സാംസങിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, യൂട്യൂബ് ചാനൽ വഴിയോ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയോ പരിപാടി തത്സമയം കാണാനാകും.
പ്രീ-ബുക്കിങ് ആനുകൂല്യങ്ങൾ:
എസ് 25 സീരീസിലെ ഫോണുകൾക്കായുള്ള പ്രീ ബുക്കിങും ആരംഭിച്ചിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് സാംസങ് അറിയിച്ചിട്ടുണ്ട്. 1,999 രൂപ നൽകി മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 5,000 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കും. കൂടാതെ സാംസങിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് സ്റ്റോറേജ്, റാം തുടങ്ങിയവ ഇഷ്‌ടാനുസൃതമാക്കി എക്‌സ്‌ക്ലൂസീവ് കളർ ഓപ്ഷനുകളിൽ ഫോണുകൾ വാങ്ങാൻ സാധിക്കും. കൂടാതെ സാംസങിന്‍റെ പഴയ ഡിവൈസുകൾക്ക് ഡിസ്‌കൗണ്ടുകളും ലഭിക്കും.
Also Read:
- വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം: സാംസങ് ഗാലക്‌സി എസ് 25 സീരീസിന്‍റെ വില ചോർന്നു
- സാംസങ് ഗാലക്‌സി എസ് 25 സ്ലിമ്മും ഐഫോൺ 17 എയറും വരുന്നു: അൾട്രാ സ്ലിം ഫോണുകളിൽ മികച്ചതേത്? താരതമ്യം ചെയ്യാം
- വില കുറഞ്ഞ ഐഫോൺ വരുന്നു: ലോഞ്ചിന് മുൻപെ ഡിസൈൻ ചോർന്നു; ഐഫോൺ 14 ലുക്കിൽ എസ്‌ഇ 4, ഡിസൈൻ കണ്ടുനോക്കൂ...
- സാംസങ് ഗാലക്‌സി എസ് 25 സീരീസ്: വിവരങ്ങൾ ചോർന്നു; ക്യാമറ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും
- വില കുറഞ്ഞ ഐഫോൺ വരുന്നു: ലോഞ്ചിന് മുൻപെ ഡിസൈൻ ചോർന്നു; ഐഫോൺ 14 ലുക്കിൽ എസ്‌ഇ 4, ഡിസൈൻ കണ്ടുനോക്കൂ...