ന്യൂഡൽഹി:രാജ്യത്ത് വിദ്വേഷം പരത്തിക്കൊണ്ടാണ് ഇന്നത്തെ ഭരണാധികാരികൾ വിഭജന ഭീകരത അനുസ്‌മരണ ദിനം ആചരിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് സംഘ്പരിവാർ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 78ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന പരിപാടിയില്‍ സംസാരിക്കവേയാണ് ഖാര്‍ഗെയുടെ പ്രതികരണം.
'നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ ശക്തി എന്നത് അല്ലാതെ അത് നമ്മുടെ ബലഹീനതയല്ല. നമുക്ക് സ്വാതന്ത്ര്യം വളരെ എളുപ്പത്തിലാണ് ലഭിച്ചതെന്ന് ചിലർ പ്രചരിപ്പിക്കുന്നു. എന്നാൽ ലക്ഷക്കണക്കിന് ആളുകൾ ത്യാഗങ്ങൾ സഹിച്ചും വീടുവിട്ടിറങ്ങിയും ജയിലിൽ കിടന്നും നേടിയതാണ് ഈ വിജയം.മുന്‍ഗാമികള്‍ കാട്ടിത്തന്ന വഴിയിലൂടെ സഞ്ചരിക്കുന്നതിന് പകരം ഭിന്നിപ്പുണ്ടാക്കുന്ന ചിന്തകളെ പ്രോത്സാഹിപ്പിക്കുകയാണ് ഇന്നത്തെ ഭരണാധികാരികൾ ചെയ്യുന്നതെന്നും ഖാർഗെ പറഞ്ഞു.
'വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെയാണ് അവർ വിഭജൻ വിഭിഷിക സ്‌മൃതി ദിവസ് ആഘോഷിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവർ കോൺഗ്രസ് പാർട്ടിക്ക് ഉപദേശം നൽകുകയും ഒരു സംഭാവനയും കൂടാതെ രക്തസാക്ഷികളുടെ കൂട്ടത്തിൽ എണ്ണപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. രാജ്യ വിഭജനത്തിനിടെ ജീവൻ നഷ്‌ടപ്പെട്ടവരുടെ സ്‌മരണയ്ക്കായി 2021 മുതൽ മോദി സർക്കാർ ഓഗസ്റ്റ് 14 വിഭജന ഭീകര അനുസ്‌മരണ ദിനമായി ആചരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അവരുടെ വിദ്വേഷം നിറഞ്ഞ രാഷ്ട്രീയമാണ് രാജ്യത്തിൻ്റെ വിഭജനത്തിൽ കലാശിച്ചതെന്നത് ചരിത്രസത്യമാണെന്നും അവർ കാരണമാണ് വിഭജനം ഉണ്ടായത്. സ്വന്തം നേട്ടത്തിനായി സംഘ്പരിവാർ ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം പ്രോത്സാഹിപ്പിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അവർ തങ്ങളുടെ 60 വർഷം ചെയ്‌ത തെറ്റിൽ പശ്ചാത്തപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. സർക്കാരിൻ്റെ 'ഹർ ഘർ തിരംഗ' ക്യാമ്പയിനിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഓഫിസുകളിൽ പതാക ഉയർത്തുന്നത് ഒഴിവാക്കിയിരുന്നവർ ഇപ്പോൾ ‘ഹർ ഘർ തിരംഗ’ യെക്കുറിച്ചാണ് സംസാരിക്കുന്നത്.
എല്ലാ മതത്തിലും ജാതിയിലും പ്രദേശത്തുമുള്ള ആളുകൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്‌തുവെന്ന് ഖാർഗെ പറഞ്ഞു. പതിറ്റാണ്ടുകളുടെ പോരാട്ടത്തിനും ത്യാഗങ്ങൾക്കും ശേഷം അടിമത്തത്തിൻ്റെ ചങ്ങലകൾ തകർത്ത് ഇന്ത്യ സ്വതന്ത്രമായി. സ്വാതന്ത്ര്യസമരത്തിൽ എണ്ണമറ്റ ഇന്ത്യക്കാരാണ് ത്യാഗങ്ങൾ സഹിച്ചത്. എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെയും ഞങ്ങൾ വണങ്ങുന്നു.