കാസർകോട്: ദൈവങ്ങൾക്കും ശ്രീനാരായണ ഗുരുവിനും ഒപ്പം മഹാത്മ ഗാന്ധിയെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട് കർണാടകയിൽ. മംഗലാപുരം നാഗോറിയിലെ കങ്കണാടി ശ്രീ ബ്രഹ്മ ബൈദർകല ഗരോഡി ക്ഷേത്രത്തിലാണ് ദൈവങ്ങൾക്കൊപ്പം രാഷ്ട്രപിതാവിനെയും ആരാധിക്കുന്നത്. രാഷ്ട്ര പുരോഗതിക്കായുള്ള മഹാത്മജിയുടെ പ്രവർത്തനങ്ങൾ എത്രത്തോളം പ്രസക്തമായിരുന്നെന്ന് ഇവിടെ തെളിയിക്കപ്പെടുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിരവധി ഭക്തരാണ് ഇവിടെ പ്രാർഥനക്കായി എത്തുന്നത്. മഹാ ഗണപതിയും ബാലപരമേശ്വരിയും സുബ്രഹ്മണ്യനും അടക്കം 12 ദേവീ ദേവ പ്രതിഷ്‌ഠകൾ ഈ ക്ഷേത്രത്തിൽ ഉണ്ട്. ജാതി, മത, ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും ക്ഷേത്രത്തിലേക്ക് പ്രവേശിക്കാം എന്നതാണ് ശ്രദ്ധേയമായ കാര്യം. വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിൽ ഒരു കളിമൺ ഗാന്ധി പ്രതിമ പ്രതിഷ്‌ഠിച്ചതായി പറയപ്പെടുന്നു. അന്നത്തെ ക്ഷേത്രം നടത്തിപ്പുകാരായ നരസപ്പ സാലിയനും സോമപ്പ പണ്ഡിറ്റും കടുത്ത ഗാന്ധി അനുയായികളായിരുന്നു. പിന്നീട് 1998 ഡിസംബറിലാണ് മാർബിൾ പ്രതിമ സ്ഥാപിച്ചത്.
ദിവസവും മൂന്ന് തവണയാണ് പൂജ നടക്കുന്നത്. രാവിലെ 6 മണിക്കും ഉച്ചയ്ക്ക് 12 മണിക്കും, വൈകിട്ട് 7.30 നും. പ്രതിമയ്ക്ക് സമീപം ദിവസവും ഒരു വിളക്ക് കത്തിക്കും. പഴവും പൂക്കളും പ്രസാദമായി അർപ്പിക്കും. സന്ദർശിക്കുന്ന എല്ലാ ഭക്തരും ഗാന്ധിജിക്കും പ്രാർത്ഥനകൾ അർപ്പിക്കാറുണ്ട്. ഗാന്ധിജിക്കായി പ്രത്യേക സ്ഥാനം ക്ഷേത്രത്തിൽ ഉണ്ട്. തൊട്ടടുത്തതാണ് നാരായണ ഗുരുവിന് പൂജ അർപ്പിക്കുന്നത്.