പിലിഭിത്ത് (ഉത്തര്‍പ്രദേശ്): വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയില്‍ ഉത്തര്‍പ്രദേശിലെ പിലിഭിത്ത്, ബഹ്‌റൈച്ച് ജില്ലകള്‍. നരഭോജി ചെന്നായകള്‍ ജനങ്ങളുടെ ഉറക്കം കെടുത്തിയതിന് പിന്നാലെ ഇപ്പോള്‍ പുലികളും ജനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയാണ്. ഒരു തൊഴിലാളിക്കും വൃദ്ധയായ സ്‌ത്രീക്കും പുലിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു.
വയലില്‍ പുല്ലരിയാന്‍ പോയപ്പോഴാണ് നഹ്‌റോസ ഗ്രാമത്തില്‍ നിന്നുള്ള തൊഴിലാളി ഇസ്രാറിന് നേരെ പുലിയുടെ ആക്രമണമുണ്ടായത്. സമീപത്തെ സമ്പൂര്‍ണ നഗര്‍ വനത്തില്‍ നിന്നെത്തിയ പുലിയാണ് ഇസ്രാറിനെ ആക്രമിച്ചത്. ആക്രമണത്തില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാര്‍ പുലിയെ സ്ഥലത്ത് നിന്ന് തുരത്തി. ഇസ്രാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊതുകുവലയ്ക്കുള്ളില്‍ ഉറങ്ങുമ്പോഴാണ് ബഹ്‌റൈച്ചിലെ സുജൗലി ഗ്രാമത്തിലെ 72കാരിയായ റഹ്‌മാനയെ പുലി ആക്രമിച്ചത്. അര്‍ദ്ധരാത്രിയിലായിരുന്നു ഈ ആക്രമണം. റഹ്‌മാനയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രണ്ട് ദിവസം മുമ്പ് ബഹ്റൈച്ചിലെ കത്താര്‍നിയഘട്ട് മേഖലയില്‍ ഒരാളെ പുലി കൊല്ലുകയും ചെയ്‌തിരുന്നു. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും അവര്‍ കൈക്കൊണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉദ്യോഗസ്ഥരാരും സ്ഥലം സന്ദര്‍ശിക്കാന്‍ പോലും തയാറാട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
അതീവ ഭീതിയിലാണ് തങ്ങളുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയിലും നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്. ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ട്. എന്നാല്‍ ഇതിനെ പിടിക്കാന്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
അതേസമയം സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ സംഭവം അന്വേഷിക്കുമെന്നും പിലിഭിത്ത് കടുവ സംരക്ഷണ കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്‌ടര്‍ മനിഷ് സിങ് പറഞ്ഞു. ഒമ്പത് പേരെ കൊലപ്പെടുത്തിയ ചെന്നായ്‌ക്കൂട്ടത്തെ കഴിഞ്ഞമാസമാണ് അധികൃതര്‍ വലയിലാക്കിയത്. ആറ് ചെന്നായ്‌ക്കളായിരുന്നു മനുഷ്യര്‍ക്ക് നേരെ തിരിഞ്ഞത്. ഇവയുടെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റുന്നു.
Also Read:'ആറാമന്‍' വിളയാട്ടം തുടരുന്നു; പിടികൊടുക്കാത്ത നരഭോജി ചെന്നായ 11-കാരിയെ ആക്രമിച്ചു