ഹൈദരാബാദ് :ബിജെപിയെ വിജയിപ്പിക്കാൻ കെസിആർ തൻ്റെ പാർട്ടിയുടെ വോട്ടുകൾ മറിച്ചെന്ന് തെലങ്കാന മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ രേവന്ദ് റെഡ്ഡി. നിയമസഭ തെരഞ്ഞെടുപ്പിൽ 39 സീറ്റുകൾ നേടിയ ബിആർഎസ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരിടത്തും വിജയിച്ചിരുന്നില്ല. കെസിആർ, കെടിആർ, ഹരീഷ് റാവു എന്നിവർ ബിആർഎസ് എംഎൽഎമാരുടെ ആത്മാഭിമാനം ബിജെപിക്ക് പണയംവച്ചുവെന്നും ബിജെപിയുമായി അവർ ചർച്ച നടത്തുകയാണെന്നും രേവന്ദ് റെഡ്ഡി ആരോപിച്ചു.
ബിആർഎസിൻ്റെ നിയമസഭാംഗങ്ങൾ ഇനിയെങ്കിലും അവരുടെ സ്വന്തം ചിന്തകൾക്കനുസരിച്ച് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി നിർദേശിച്ചു. ''ഇതാദ്യമായാണ് ബിആർഎസിന് ലോക്‌സഭയിൽ പ്രാതിനിധ്യമില്ലാത്തത്. അത്രയും ദയനീയമായ അവസ്ഥയാണിത്. കെസിആറിൻ്റെ നേതൃത്വത്തെയും കുടുംബത്തെയും തെലങ്കാന സമൂഹം എത്രമാത്രം നിരാകരിക്കുന്നുവെന്ന് അവർ ചിന്തിക്കണം' - രേവന്ദ് റെഡ്ഡി ജൂബിലി ഹിൽസിലെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രിമാരായ പൊങ്ങുലേടി ശ്രീനിവാസ റെഡ്ഡി, പൊന്നം പ്രഭാകർ, എംഎൽഎമാരായ കഡിയം ശ്രീഹരി, കോമതിറെഡ്ഡി രാജഗോപാൽ റെഡ്ഡി, കോൺഗ്രസ് സ്ഥാനാർഥികളായിരുന്ന കദ്യം കാവ്യ, മല്ലു രവി എന്നിവരും തെരഞ്ഞെടുപ്പിൽ വിജയിച്ച മറ്റുള്ളവരും സന്നിഹിതരായിരുന്നു. കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ബിആർഎസിന്‍റെ ഗൂഢാലോചനയെ ജനങ്ങൾ പൂർണമായും തള്ളിക്കളഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ 100 ദിവസത്തെ ഭരണത്തിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്
'നിയമസഭ തെരഞ്ഞെടുപ്പിൽ 64 മണ്ഡലങ്ങളിൽ കോൺഗ്രസ് പാർട്ടിയെയും ഒന്നിൽ സഖ്യകക്ഷിയായ സിപിഐയെയും ജനങ്ങൾ വിജയിപ്പിച്ചു. 39.5 ശതമാനം വോട്ടോടെ അവർ കോൺഗ്രസ് സർക്കാരിനെയും പൊതുഭരണത്തെയും അംഗീകരിച്ചു. അതിനുശേഷം, 100 ദിവസത്തിനുള്ളിൽ, 6 ഗ്യാരണ്ടികളിൽ 5 ഗ്യാരണ്ടികൾ നടപ്പിലാക്കിയാണ് ഞങ്ങൾ ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ തെരഞ്ഞെടുപ്പ് നമ്മുടെ നൂറു ദിവസത്തെ ജനകീയ ഭരണത്തിൻ്റെ റഫറണ്ടമാണെന്ന് (ഹിതപരിശോധന) ഞങ്ങൾ വ്യക്തമായി പറഞ്ഞു.
അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും റഫറണ്ടം എന്ന് വിളിക്കുന്നത് ശരിയല്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ജനങ്ങളിലും പാർട്ടി നേതാക്കളിലും പ്രവർത്തകരിലുമുള്ള വിശ്വാസത്തോടുകൂടിയുള്ള, നമ്മുടെ ഭരണത്തിൻ്റെ റഫറണ്ടമാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് എന്ന് ഞാൻ ആവർത്തിച്ചു. ഞങ്ങളുടെ വിശ്വാസം ഇപ്പോൾ സത്യമായിരിക്കുന്നു. സംസ്ഥാനത്തെ 17 ലോക്‌സഭ സീറ്റുകളിൽ 8 എണ്ണത്തില്‍ കോൺഗ്രസ് വിജയിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് ശതമാനം വർധിച്ചിട്ടുണ്ട്. നമ്മുടെ ഭരണം മികച്ചതാണെന്ന് ആളുകൾ വിലമതിക്കുന്നു എന്നാണ് ഈ ഫലങ്ങൾ കാണിക്കുന്നത്. കൻ്റോൺമെൻ്റ് ഉപതെരഞ്ഞെടുപ്പിലൂടെയും ജനങ്ങൾ ഞങ്ങൾക്ക് മറ്റൊരു എംഎൽഎ സ്ഥാനം നൽകി. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 3 സീറ്റുകളായിരുന്നു ലഭിച്ചത്. ഈ തെരഞ്ഞെടുപ്പിൽ ജനം 8 സീറ്റുകൾ നൽകി.
ബിജെപിക്ക് എല്ലാം സമർപ്പിച്ച് ബിആർഎസ്