ബെംഗളൂരു : 'ഹമാരേ ബാരാ' സിനിമയുടെ റിലീസ് നിരോധിച്ച് കർണാടക സർക്കാർ. സംസ്ഥാനത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയോ രണ്ടാഴ്‌ചത്തേക്കോ സംപ്രേക്ഷണം ചെയ്യാൻ പാടില്ലെന്ന് സർക്കാർ അറിയിച്ചു. കർണാടക സിനിമ റെഗുലേഷൻസ് ആക്‌ട് 1964, സെക്ഷൻ 15(1), 15(5) അനുസരിച്ചാണ് തീരുമാനം.
'ഹമാരേ ബാരാ' എന്ന സിനിമയുടെ റിലീസ് സംസ്ഥാനത്ത് വർഗീയ സംഘർഷം സൃഷ്‌ടിക്കുമെന്ന് കർണാടക സർക്കാർ ആരോപിച്ചു. നിരവധി ന്യൂനപക്ഷ സംഘടനകളുടെയും പ്രതിനിധി സംഘങ്ങളുടെയും അഭ്യർഥനകൾ പരിഗണിച്ചും ട്രെയിലർ കണ്ടതിനുശേഷവുമാണ് അധികൃതർ ഈ തീരുമാനമെടുത്തത്.
ചിത്രം ജൂൺ ഏഴിന് രാജ്യത്തുടനീളം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. അമിത ജനസംഖ്യ പ്രമേയമാകുന്ന 'ഹമാരേ ബാരാ' നേരത്തെ ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു. അന്നു കപൂർ, മനോജ് ജോഷി, പരിതോഷ് ത്രിപാഠി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന് സ്റ്റേ കിട്ടിയത് നിർമാതാക്കൾക്കിടയിൽ കടുത്ത ആശങ്ക സൃഷ്‌ടിച്ചിരിച്ചിരിക്കുകയാണ്.
സിനിമയുടെ റിലീസിനെ ചോദ്യം ചെയ്‌ത് മതസാമുദായിക പ്രവർത്തകർ നൽകിയ ഹർജിയെ തുടർന്നാണ് നിയമ തടസം ഉടലെടുത്തത്. ബിരേന്ദർ ഭഗത്, രവി എസ് ഗുപ്‌ത, സഞ്ജയ് നാഗ്‌പാൽ, ഷിയോ ബാലക് സിങ് എന്നിവർ ചേർന്ന് നിർമിച്ച് കമൽ ചന്ദ്രയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് 'ഹമാരേ ബാരാ'.
Also Read:'3.0' അല്ല, വരാൻ പോകുന്നത് 'മൂന്നിലൊന്ന് മോദി സര്‍ക്കാര്‍'; പരിഹാസവുമായി ജയറാം രമേശ്