മഹാരാഷ്ട്ര: ജാർഖണ്ഡ്, മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ). നവംബർ 13, 20 തീയതികളിലായി രണ്ട് ഘട്ടമായാണ് ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നവംബർ 20-നാണ്. ഒറ്റ ഘട്ടമായാണ് മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 23-ന് ആണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിക്കുക.
288 അംഗ മഹാരാഷ്‌ട്ര നിയമസഭയുടെ കാലാവധി നവംബർ 26 ന് അവസാനിക്കും. ബിജെപി, ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവരടങ്ങുന്ന ഭരണകക്ഷി മഹായുതി സഖ്യവും കോൺഗ്രസും ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപിയും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും (യുബിടി) ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യവുമാണ് മഹാരാഷ്‌ട്രയില്‍ പോര്‍മുഖത്തുള്ള പ്രധാനികള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2022 ല്‍ 'മഹാരാഷ്‌ട്രീയ' നാടകത്തിന് തിരശീലയുയര്‍ന്ന ഭൂമികയാണ് മഹാരാഷ്‌ട്ര. ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരിക്കെ 2022-ല്‍ ഏക്‌നാഥ് ഷിന്‍ഡെ ശിവസേനയെ പിളര്‍ത്തി, ബിജെപി പാളയത്തിലേക്ക് ചേക്കേറിയാണ് മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. തുടര്‍ന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിലും ഷിന്‍ഡെ പക്ഷം ഭൂരിപക്ഷം തെളിയിച്ചു. 288 അംഗ സഭയിൽ 164 അംഗങ്ങളുടെ പിന്തുണയാണ് അന്ന് ഷിന്‍ഡെയ്‌ക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നതിനേക്കാള്‍ 20 വോട്ടുകള്‍ ഷിന്‍ഡെയ്‌ക്ക് അധികം ലഭിച്ചിരുന്നു.
81 സീറ്റുകളുള്ള ജാർഖണ്ഡ് നിയമസഭയുടെ കാലാവധി 2025 ജനുവരി 5 ന് ആണ് അവസാനിക്കുക. ജാർഖണ്ഡിൽ ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായ ജാർഖണ്ഡ് മുക്തി മോർച്ചയാണ് (ജെഎംഎം) ഭരിക്കുന്നത്. ഓൾ ജാർഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയൻ (എജെഎസ്‌യു), ജനതാദൾ (യുണൈറ്റഡ്), ബിജെപി എന്നിവരുടെ എൻഡിഎ സഖ്യമായിരിക്കും ഇവിടെ മത്സരിക്കുക.