ഗുജറാത്ത്:അഹമ്മദാബാദില്‍ നാല് ഐഎസ് ഭീകരര്‍ അറസ്‌റ്റില്‍. ശ്രീലങ്കന്‍ സ്വദേശികളായ മുഹമ്മദ് നുസ്രത്ത്, മുഹമ്മദ് നുഫ്രാൻ, മുഹമ്മദ് ഫാരിസ്, മുഹമ്മദ് റസ്‌ദീൻ എന്നിവരാണ് അറസ്റ്റിലായത്. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വച്ച് എടിഎസാണ് സംഘത്തെ അറസ്‌റ്റ് ചെയ്‌തത്.
ഇന്ന് (മെയ് 20) ഉച്ചയോടെയാണ് സംഭവം. കേന്ദ്ര ഏജന്‍സിയില്‍ നിന്നും ലഭിച്ച പ്രത്യേക വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അറസ്റ്റിലായ 4 പേരും ഐഎസ് ഭീകര സംഘടനയില്‍പ്പെട്ടവരാണെന്ന് ഗുജറാത്ത് ഡിജിപി വികാഷ് സഹായ് പറഞ്ഞു. മെയ് 18നോ 19നോ ഭീകരാക്രമണം നടത്താന്‍ സംഘം ഇന്ത്യയിലെത്തുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ട്രെയിന്‍, വിമാന മാര്‍ഗമാണ് സംഘം എത്തുകയെന്നായിരുന്നു വിവരം.
ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇതിനായി ദക്ഷിണേന്ത്യയിൽ നിന്നുള്ള മുഴുവന്‍ യാത്രക്കാരുടെ വിവരങ്ങള്‍ സംഘം പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘം പിടിയിലായതെന്ന് ഡിജിപി വികാഷ് സഹായ് പറഞ്ഞു.