ഹൈദരാബാദ്: സുഹൃത്തിന്‍റെ സഹോദരിയെ വിവാഹം ചെയ്‌തതിന് പിന്നാലെ യുവാവിനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയുടെ മധ്യഭാഗത്തുള്ള മാമില്ലഗദ്ദയിലെ വഡ്‌ലകൊണ്ട കൃഷ്‌ണയാണ് (30) മരിച്ചത്. സംഭവത്തില്‍ കൃഷ്‌ണയുടെ ഭാര്യയുടെ കുടുംബത്തിനെതിരെ കേസെടുത്തു. തലയിലും കഴുത്തിലും മാരകമായ മുറിവുകളോടെയാണ് കൃഷ്‌ണയുടെ മൃതദേഹം ഓടയില്‍ കണ്ടെത്തിയത്.
സംഭവമിങ്ങനെ:
സൂര്യപേട്ട് പട്ടണത്തിലെ കല്ലമാരി സ്വദേശിയായ കോട്‌ല നവീനും കൃഷ്‌ണയും സുഹൃത്തുക്കളാണ്. നവീൻ പലപ്പോഴും കൃഷ്‌ണയെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഇതിനിടെയാണ് നവീന്‍റെ ഇളയ സഹോദരി ഭാർഗവിയുമായി കൃഷ്‌ണ പരിചയത്തിലാകുന്നത്. തുടര്‍ന്ന് ബന്ധം പ്രണയമായി വളര്‍ന്നു.
ഇരുവരും തമ്മില്‍ പ്രണയത്തിലായ വിവരം അറിഞ്ഞ നവീൻ, കൃഷ്‌ണയെ പലതവണ താക്കീത് ചെയ്‌തിരുന്നു. എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ച് ഇരുവരും വിവാഹം ചെയ്യുകയായിരുന്നു. ആറ് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. മിശ്രവിവാഹമായിരുന്നു. ഇതിന്‍റെ പേരില്‍ കൃഷ്‌ണയ്ക്കും ഭാര്‍ഗവിക്കും നേരെ ഭീഷണിയുണ്ടായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ഞായറാഴ്‌ച, നവീന്‍റെയും കൃഷ്‌ണയുടെയും സുഹൃത്തായ ബൈരു മഹേഷ് കൃഷ്‌ണയെ ഫോണില്‍ ബന്ധപ്പെടുകയും കൃഷ്‌ണയെ കാണാന്‍ വരികയും ചെയ്‌തു. തുടര്‍ന്ന് കൃഷ്‌ണയെ മഹേഷിന്‍റെ ഫാമിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഞായറാഴ്‌ച വൈകിയും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭാർഗവി മഹേഷിന്‍റെ ഫോണിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ കൃഷ്‌ണ തിരക്കിലാണെന്നും പത്ത് മിനിറ്റിന് ശേഷം സംസാരിക്കുമെന്നുമാണ് മഹേഷ് ഭാര്‍ഗവിയോട് പറഞ്ഞത്. തൊട്ടുപിന്നാലെ, കൃഷ്‌ണ ഭാര്യയെ ഫോണിൽ വിളിച്ച് പത്ത് മിനിറ്റിനുള്ളിൽ വീട്ടിലെത്തുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കൃഷ്‌ണ തിരിച്ചെത്തിയില്ല.
തിങ്കളാഴ്‌ച പുലർച്ചെയാണ് മുനിസിപ്പൽ ഏരിയയ്ക്ക് സമീപമുള്ള മൂസി കനാലിൽ കൃഷ്‌ണയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്‍റെ തലയിലും കഴുത്തിലും മുറിവുകളുണ്ടായിരുന്നു. തൊണ്ടയിൽ നിന്ന് നാവ് പുറത്തുവന്ന രീതിയിലായിരുന്നു മൃതദേഹം.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ നാല് ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് സൂര്യപേട്ട് ഡിഎസ്‌പി രവി അറിയിച്ചു. ഭാർഗവിയുടെ സഹോദരന്‍ നവീൻ, ഇളയ സഹോദരൻ വംശി, അച്ഛൻ സൈദു, ഇവരുടെ സുഹൃത്ത് ബൈരി മഹേഷ് എന്നിവര്‍ക്കെതിരെ എസ്‌സി, എസ്‌ടി അട്രോസിറ്റി ആക്‌ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.