ന്യൂഡല്‍ഹി : കിർഗിസ്ഥാന്‍ തലസ്ഥാനത്ത് വിശേദ വിദ്യാർഥികളെ ലക്ഷ്യമിട്ട് ആൾക്കൂട്ട ആക്രമണം നടക്കുന്ന സാഹചര്യത്തിൽ വിദ്യാര്‍ഥികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി. കിർഗിസ്ഥാനിലെ ബിഷ്‌കെക്കിലുള്ള ഇന്ത്യൻ വിദ്യാർഥികളോട് വീടുകളില്‍ തന്നെ തുടരാൻ ഇന്ത്യൻ എംബസി നിര്‍ദേശിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ കിർഗിസ് വിദ്യാർഥികളും വിദേശ വിദ്യാർഥികളും തമ്മിൽ നടന്ന വൻ ഏറ്റുമുട്ടലിൽ നാല് പാകിസ്ഥാൻ വിദ്യാർഥികൾ കൊല്ലപ്പെടുകയും നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
വിദ്യാർഥികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമാണെന്നും കിർഗിസ് റിപ്പബ്ലിക്കിലെ ഇന്ത്യൻ എംബസി എക്‌സില്‍ പോസ്‌റ്റ് ചെയ്‌ത പ്രസ്‌താവനയിൽ വ്യക്തമാക്കി. എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ എംബസിയുമായി ബന്ധപ്പെടാനും എംബസി നിര്‍ദേശിച്ചു. കിർഗിസ്ഥാനിലെ വിദേശ വിദ്യാർഥികളെ ലക്ഷ്യംവച്ചുള്ള അക്രമങ്ങൾ ഇന്ത്യൻ സർക്കാർ നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ താമസിക്കുന്ന ബിഷ്‌കെക്കിലെ മെഡിക്കൽ സർവകലാശാലകളുടെ ഏതാനും ഹോസ്റ്റലുകൾ ആക്രമിക്കപ്പെട്ടതായി പാകിസ്ഥാൻ മിഷൻ അറിയിക്കുന്നു. നിരവധി ഇന്ത്യൻ വിദ്യാർഥികളും പ്രതിസന്ധിയിലാണ് എന്നാണ് റിപ്പോര്‍ട്ട്. മെയ് 13 ന് കിർഗിസ്- ഈജിപ്ഷ്യൻ വിദ്യാർഥികള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്‍റെ വീഡിയോ വെള്ളിയാഴ്‌ച ഓൺലൈനിൽ വൈറലായതിന് പിന്നാലെയാണ് വിഷയം രൂക്ഷമായതെന്ന് എംബസി പറയുന്നു.