ന്യൂഡൽഹി :വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ ബ്ലോക്ക് 300 സീറ്റുകളിൽ വിജയം രേഖപ്പെടുത്തുമെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ ചൊവ്വാഴ്‌ച (19-03-2024) പറഞ്ഞു. ചൊവ്വാഴ്‌ച നടന്ന കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് തൊട്ടുപിന്നാലെയാണ് മാണിക്കം ടാഗോർ പ്രസ്‌താവന നടത്തിയത്. നാലു മണിക്കൂർ നേരമാണ് യോഗം ചേർന്നത്. സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും എല്ലാ സംസ്ഥാന നേതാക്കളും മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.
കോൺഗ്രസ് പാർട്ടി തെരഞ്ഞെടുപ്പിന് തയ്യാറാണ്. തങ്ങൾ തന്ത്രപരമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയാണ്. വിജയിക്കാനായി കോൺഗ്രസ് പോരാടുമെന്നും, ഇന്ത്യൻ സഖ്യം 300 സീറ്റുകൾ നേടുമെന്നും മാണിക്കം ടാഗോർ കൂട്ടിച്ചേർത്തു. അതേസമയം, മധ്യപ്രദേശിൽ നിന്നുള്ള സ്ഥാനാർഥികൾക്കായുള്ള അന്തിമ ചർച്ച നടക്കുകയാണെന്നും സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതേന്ദ്ര (ജിതു) പട്വാരി പറഞ്ഞു.
മധ്യപ്രദേശിന് വേണ്ടിയുള്ള സിംഗിൾ നെയിം പ്രോഗ്രാമിങ് പൂർത്തിയായി, അത് സിഇസിയിലേക്ക് പോകുമെന്നും ജിതേന്ദ്ര പട്വാരി സൂചിപ്പിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആവശ്യമായ എല്ലാ ആളുകളെയും മത്സരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യപ്രദേശ് തെരഞ്ഞെടുപ്പിനായി സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനായുള്ള ഇന്നത്തെ യോഗം മാറ്റിവച്ചുവെന്നും അത് മാർച്ച് 21 ന് നടക്കുമെന്നും കോൺഗ്രസ് നേതാവ് ഭൻവർ ജിതേന്ദ്ര സിംഗ് അറിയിച്ചു. കൂടാതെ, മഹാരാഷ്‌ട്ര വികാസ് അഘാഡിയിൽ നിന്നുള്ള പേരുകൾ മാർച്ച് 21 ന് പ്രഖ്യാപിക്കുമെന്ന് മഹാരാഷ്‌ട്ര കോൺഗ്രസ് പ്രസിഡന്‍റ് നാനാ പടോലെ പറഞ്ഞു.
'സിഇസി യോഗം നാളെ നടക്കും, അതിനുശേഷം സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിക്കും. ഞങ്ങൾ മാർച്ച് 21 ന് എംവിഎ സീറ്റുകൾ ഔപചാരികമായി പ്രഖ്യാപിക്കാൻ പോകുന്നു' -നാനാ പടോലെ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന (യുബിടി) ശരിയായ രീതിയിൽ മുന്നേറുകയാണെന്ന് കോൺഗ്രസ് നേതാവും മുൻ കേരള ലോക്‌സഭാംഗവുമായ രമേശ് ചെന്നിത്തല പറഞ്ഞു.
'മാർച്ച് 20ന് ശേഷം എംവിഎ സീറ്റുകളുടെ പ്രഖ്യാപനം നടക്കും. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല സൂചിപ്പിച്ചു. പൊതുജനങ്ങൾ അദ്ദേഹത്തിനൊപ്പമുണ്ട്, അദ്ദേഹത്തിന്‍റെ പ്രവർത്തകർ അദ്ദേഹത്തിനൊപ്പമാണ്, അതിനാൽ ഞങ്ങൾക്ക് അദ്ദേഹവുമായി ഒരു പ്രശ്‌നവുമില്ല. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന മുന്നേറുകയാണ്, മഹാ വികാസ് അഘാഡിയിൽ ഞങ്ങൾ അദ്ദേഹത്തോടൊപ്പമുണ്ട്' എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പശ്ചിമ ബംഗാളിലെ 12 ലോക്‌സഭ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പേരുകൾ കോൺഗ്രസ് അന്തിമമാക്കിയതായി വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്‌ച നടന്ന കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് പേരുകൾ തീരുമാനിച്ചത്.