ചെന്നൈ: അത്യാധുനിക ഇലക്‌ട്രിക് വീല്‍ ചെയറുമായി മദ്രാസ് ഐഐടി. ഉപയോക്‌താവിന് ആയാസരഹിതമായി എഴുന്നേറ്റ് നില്‍ക്കാനാകും വിധമാണ് ഇതിന്‍റെ രൂപകല്‍പ്പന. വീല്‍ചെയര്‍ ഉപയോഗിക്കുന്നവരുടെ ചലന, ജീവിത നിലവാരം മെച്ചപ്പെടുത്തല്‍ ലക്ഷ്യമിട്ടാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. തദ്ദേശിയമായി വികസിപ്പിച്ച പുത്തന്‍ വീല്‍ചെയര്‍ മദ്രാസ് ഐഐടിയില്‍ നടന്ന ചടങ്ങില്‍ പ്രമുഖരുടെ സാന്നിധ്യത്തില്‍ അവതരിപ്പിച്ചു.
പുതുതായി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്‌റ്റാന്‍ഡാണ് വീല്‍ചെയര്‍ ഉപയോഗിക്കുന്ന ആളിന് എഴുന്നേറ്റ് നില്‍ക്കാന്‍ സഹായകമാകുന്നത്. ഇരിക്കുന്ന പൊസിഷനില്‍ നിന്ന് നില്‍ക്കുന്ന പൊസിഷനിലേക്ക് മാറാന്‍ ഇത് സഹായകമാകുന്നു. ഒരു ബട്ടണ്‍ സ്‌പര്‍ശിക്കുക മാത്രമേ വേണ്ടൂ. വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് കണ്ണില്‍ കണ്ണില്‍ നോക്കി സംസാരിക്കാനും ഉയരമുള്ള അലമാരകളില്‍ നിന്ന് സാധനങ്ങള്‍ എടുക്കാനും, എന്തിനേറെ നിന്ന് കൊണ്ട് ഒരു കപ്പ് ചായ കുടിക്കാന്‍ പോലും സഹായിക്കുന്നു.
മദ്രാസ് ഐഐടിയിലെ റിഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് ഡിവൈസ് ഡെവലപ്പ്മെന്‍റിലെ ടിടികെ സെന്‍ററിന്‍റെ അധ്യക്ഷ സുജാത ശ്രീനിവാസന്‍റെ തലച്ചോറില്‍ വിരിഞ്ഞ ആശയമാണിത്. അതില്‍ നിന്നാണ് എറൈസ് എന്ന പേരിട്ട ഈ നില്‍പ്പന്‍ വീല്‍ചെയര്‍ ഉണ്ടായത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭം.
വീല്‍ചെയറിലായിപ്പോയവര്‍ക്ക് ഇടയ്ക്കിടെ ഇങ്ങനെ എഴുന്നേറ്റ് നില്‍ക്കാനാകുന്നത് അവരുടെ രക്തചംക്രമണം സുഗമമാക്കാന്‍ സഹായിക്കുമെന്ന് ചടങ്ങില്‍ സംബന്ധിച്ച വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഹെന്‍ററി പ്രകാശ് പറഞ്ഞു. ഇതിന് പുറമെ ദഹനപ്രക്രിയസുഗമമാക്കാനും തുടര്‍ച്ചയായി ഇരിക്കുന്നത് മൂലമുള്ള വ്രണങ്ങളും മറ്റും ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കും. ഇതിന് പുറമെ ഇത് ഉപയോഗിക്കുന്നവര്‍ക്ക് സ്വാതന്ത്ര്യവും ലഭിക്കുന്നു. ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ടാറ്റ എല്‍ക്‌സിയുടെ കൂടി സഹകരണത്തോടെയാണ് ഇത് വികസിപ്പിച്ചത്. ടാറ്റയുടെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായുള്ള ഫണ്ടാണ് ഇതിന് വിനിയോഗിച്ചത്. വീല്‍ചെയറിന്‍റെ രൂപരേഖ പൂര്‍ണമായും വികസിപ്പിച്ചത് ഐഐടി മദ്രാസിലെ ടിടികെ സെന്‍റര്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് ഡിവൈസ് ഡെവലപ്പ്മെന്‍റ് ആണ്. ഇവരുടെ സ്‌റ്റാര്‍ട്ട് അപ് ആയ നിയോ മോഷനാകും ഇത് വിപണിയിലെത്തിക്കുക.
Also Read:തിരകള്‍ക്കും കൊടുങ്കാറ്റുകള്‍ക്കും സുനാമിക്കും പിന്നിലെ ശാസ്‌ത്രം: ശാസ്‌ത്രജ്ഞര്‍ക്ക് പറയാനുള്ളത്..
മികച്ച ആരോഗ്യവും മെച്ചപ്പെട്ട ജീവിതവുമാണ് ഈ നില്‍പ്പന്‍ വീല്‍ചെയര്‍ വാഗ്‌ദാനം ചെയ്യുന്നതെന്ന് പ്രൊഫ. സുജാത പറഞ്ഞു. വീല്‍ചെയര്‍ ഉപയോക്താവായ ജസ്‌റ്റിന്‍ യേശുദാസ് പുതിയ വീല്‍ചെയര്‍ നല്‍കുന്ന സൗകര്യങ്ങള്‍ വിശദീകരിച്ചു. റീഹാബിലിറ്റേഷന്‍ സാങ്കേതികതയില്‍ മദ്രാസ് ഐഐടി പുലര്‍ത്തുന്ന പ്രതിബദ്ധതയാണ് ഈ വീല്‍ചെയര്‍ മുന്നോട്ട് വയ്ക്കുന്നത്.