ന്യൂഡല്‍ഹി:ജൂൺ 9 ന് ആണ് നരേന്ദ്ര മോദി തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. അദ്ദേഹത്തോടൊപ്പം 72 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തു. ഇക്കൂട്ടത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും ഉണ്ടായിരുന്നു. സുപ്രധാന വകുപ്പോടെ നദ്ദ കേന്ദ്രമന്ത്രി പദവി ഏറ്റെടുത്തതോടെ പാർട്ടിയെ ഇനിയാര് നയിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.
നാനൂറ് സീറ്റ് ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബിജെപിക്ക് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ തേരോട്ടത്തില്‍ കാലിടറി. അവരുടെ വോട്ട് ശതമാനത്തില്‍ ദേശീയ തലത്തില്‍ തന്നെ വലിയ ഇടിവുണ്ടായി. 2019 ല്‍ 37.3ശതമാനം വോട്ട് ലഭിച്ചവര്‍ 2024 ല്‍ 36.6 ശതമാനത്തിലേക്ക് ചുരുങ്ങി. പാര്‍ട്ടിയുടെ സീറ്റ് നിലയിലും വന്‍ ഇടിവുണ്ടായി. 63 സീറ്റ് കുറഞ്ഞ ബിജെപി 303 ല്‍ നിന്ന് 240 ലേക്ക് കൂപ്പുകുത്തി. ഇതോടെ കേവല ഭൂരിപക്ഷമെന്ന മാന്ത്രിക സഖ്യയിലേക്ക് എത്താന്‍ ബിജെപിക്ക് കഴിയാതെ പോയി. അതേസമയം കോണ്‍ഗ്രസിന്‍റെ വോട്ട് പങ്കാളിത്തം 19.5 ശതമാനത്തില്‍ നിന്ന് 21.2 ശതമാനമായി വര്‍ദ്ധിച്ചു. കോണ്‍ഗ്രസിന്‍റെ സീറ്റ് നില 52 ല്‍ നിന്ന് 99 ആയും വര്‍ദ്ധിച്ചു.
വോട്ട് പങ്കാളിത്തത്തിലെ കുറവും ലക്ഷ്യമിട്ട സീറ്റുകളിലേക്ക് എത്താനാകാഞ്ഞതും ആര്‍എസ്‌എസില്‍ നിന്ന് അടക്കം പാര്‍ട്ടിക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. 2020 മുതല്‍ ബിജെപിയെ നയിച്ചിരുന്ന ജെ പി നദ്ദയും കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയനാകുന്നുണ്ട്. ഒന്നാം മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന നദ്ദ മൂന്നാം മോദി മന്ത്രിസഭയിലേക്ക് മടങ്ങി വരുമ്പോള്‍ ബിജെപി പുതിയ അധ്യക്ഷന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു. ഒരാള്‍ക്ക് ഒരു പദവി എന്ന തത്വം ബിജെപി പിന്തുടരുന്നതിനാല്‍ നദ്ദയ്ക്ക് അധ്യക്ഷ പദവിയില്‍ തുടരാനാകില്ല. ആരാകും ബിജെപി അധ്യക്ഷനാകുക എന്ന ചോദ്യമാണ് ഇപ്പോള്‍ എല്ലായിടത്തും ഉയരുന്നത്.
ബിജെപിയില്‍ പുനഃസംഘടനയുണ്ടാകുമോ?
ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് ജെ പി നദ്ദയെ നീക്കണമെന്ന ആവശ്യം കുറച്ച് നാളായി പാര്‍ട്ടിയില്‍ ശക്തമായിരുന്നു. കര്‍ണാടകയിലെ ബിജെപി പരാജയത്തോടെ ഇത് കൂടുതല്‍ ശക്തമായി. എന്നാല്‍ കാറ്റ് തനിക്ക് അനുകൂലമാക്കാന്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഈ നേതാവിനായി. മന്ത്രിസഭയിലെ മുതിര്‍ന്ന സഹപ്രവര്‍ത്തകരാണ് ഇത് സാധ്യമാക്കിയത്.
2020 ല്‍ ബിജെപിയുടെ മുഴുവന്‍ സമയ അധ്യക്ഷനായ നദ്ദയുടെ കാലാവധി ജനുവരിയില്‍ അവസാനിച്ചിരുന്നു. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കാലാവധി ആറ് മാസം കൂടി നീട്ടി നല്‍കുകയായിരുന്നു. അത് ഈ മാസം അവസാനിക്കും.
നദ്ദ മോദി ഭരണകൂടത്തില്‍ ഇടം പിടിച്ചതോടെ ബിജെപി പുതിയ അധ്യക്ഷനെ തേടിത്തുടങ്ങിയെന്ന സൂചനകള്‍ നേരത്തെ തന്നെ ലഭിച്ചിരുന്നു. മനോഹര്‍ ലാല്‍ ഖട്ടാര്‍, ശിവരാജ് സിങ്ങ് ചൗഹാന്‍, അനുരാഗ് ഠാക്കൂര്‍, ബി എല്‍ സന്തോഷ് തുടങ്ങിയവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്ന് കേട്ടിരുന്നത്. എന്നാല്‍ ഇതില്‍ ആദ്യ രണ്ടു പേരുകാര്‍ മന്ത്രിസഭയില്‍ ഇടം കണ്ടെത്തി. അതോടെ അനുരാഗ് ഠാക്കൂര്‍, തരുണ്‍ ചൗഗ്, സുനില്‍ ബന്‍സാല്‍ ദേവേന്ദ്ര ഫട്‌നാവിസ് എന്നിവരുടെ പേരുകള്‍ പ്രചരിക്കാന്‍ തുടങ്ങി.