കേരളം

kerala

ETV Bharat / bharat

'കശ്‌മീരിലെ ക്ഷേത്രഭൂമികൾ ദുരുപയോഗം ചെയ്യപ്പെടുന്നു'; സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി - Kashmir HC Seizure Temple Lands - KASHMIR HC SEIZURE TEMPLE LANDS

ജമ്മു കശ്‌മീരിലേയും ലഡാക്കിലേയും നിരവധി ക്ഷേത്രസ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണറോട് ഉത്തരവിട്ട് ഹൈക്കോടി. ക്ഷേത്രങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും ശരിയായി കൈകാര്യം ചെയ്യുന്നതിനുമുള്ള തീരുമാനത്തിൻ്റെ ഭാഗമായിട്ടാണ് ഈ ഉത്തരവ്.

BARZULLA TEMPLE  KASHMIR TEMPLE LANDS ORDER  JAMMU KASHMIR HIGH COURT  SRINAGAR HC ON TEMPLE LAND
Srinagar HC - File Photo (ETV Bharat)

By ETV Bharat Kerala Team

Published : Aug 14, 2024, 11:31 AM IST

ശ്രീനഗർ:കശ്‌മീരിലെ ചില ക്ഷേത്രങ്ങളുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കണമെന്നുത്തരവിട്ട് ജമ്മു കശ്‌മീർ ഹൈക്കോടതി. പ്രദേശവാസികളും ക്ഷേത്ര പുരോഹിതൻമാരും സന്ന്യാസികളും ക്ഷേത്ര സ്വത്തുക്കൾ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണറോടാണ് കോടതി നിയന്ത്രണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്.

ശ്രീനഗറിലെ ബർസുള്ളയിലെ ചരിത്രപ്രസിദ്ധമായ രഘുനാഥ് ജി ക്ഷേത്രം ഏറ്റെടുക്കാൻ കോടതി ശ്രീനഗർ ഭരണകൂടത്തോട് ഉത്തരവിട്ടു. അതിൽ 19.87 ഏക്കർ ഭൂമി ഉൾപ്പെടുന്നുണ്ട്. ഈ ഭൂമിയുടെ ഒരു ഭാഗം തടവിലാക്കപ്പെട്ട മുൻ കശ്‌മീർ ബാർ അസോസിയേഷൻ പ്രസിഡന്‍റ് മിയാൻ ഖയൂമിന്‍റെയും, സഹോദരങ്ങളുടേയും കൈവശമാണെന്നാണ് റിപ്പോർട്ട്.

ശ്രീനഗറിലെ സതു ബാർബർ ഷായിലുള്ള ശ്രീ ബജ്‌റംഗ് ദേവ് ധരം ദാസ് ജി മന്ദിർ ഉൾപ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളുടെ നടത്തിപ്പിൻ്റെയും സ്വത്തുക്കളുടെയും നിയന്ത്രണം ഏറ്റെടുക്കാൻ ചൊവ്വാഴ്‌ച (ഓഗസ്‌റ്റ് 13) ഹൈക്കോടതി ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർക്ക് നിർദ്ദേശം നൽകി. 1990 കളിൽ തീവ്രവാദം ആരംഭിച്ചത് മുതൽ, കൈയേറ്റങ്ങൾക്കും കെടുകാര്യസ്ഥതയ്ക്കും വിധേയമായ, പ്രദേശത്തുടനീളമുള്ള ക്ഷേത്രങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും ശരിയായി കൈകാര്യം ചെയ്യുന്നതിനുമുള്ള തീരുമാനത്തിൻ്റെ ഭാഗമായിട്ടാണ് ഈ ഉത്തരവ്.

ജസ്‌റ്റിസുമാരായ സഞ്ജീവ് കുമാർ, എംഎ ചൗധരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട ഹർജി തീർപ്പാക്കുന്നതിനിടെ, ഈ ക്ഷേത്രങ്ങളുടെ ദൈനംദിന ആചാരങ്ങൾക്കും മൊത്തത്തിലുള്ള നടത്തിപ്പിനും മേൽനോട്ടം വഹിക്കാൻ റവന്യൂ, മറ്റ് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിക്കാൻ ഡെപ്യൂട്ടി കമ്മീഷണറെ ചുമതലപ്പെടുത്തി. ഈ ക്ഷേത്രങ്ങളുടെ സ്വത്ത് ദൈവത്തിന്‍റേതാണെന്നും അവയുടെ മേൽ ഉടമസ്ഥാവകാശമോ ഭരണാവകാശമോ അവകാശപ്പെടാൻ ഒരു വ്യക്തിക്കും അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

ചരിത്രപരമായ കാര്യങ്ങൾ സൂചിപ്പിക്കുന്നത് ഈ സ്വത്തുക്കൾ അക്കാലത്തെ മഹാരാജാവ് ക്ഷേത്രങ്ങൾക്കായി സമർപ്പിച്ചിരുന്നതാകാമെന്നും അവയിൽ നിന്ന് ലഭിക്കുന്ന വരുമാനം ക്ഷേത്രങ്ങളുടെ പരിപാലനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സഹായിക്കുമെന്ന ഉദ്ദേശ്യത്തോടെയാണെന്നും കോടതി പറഞ്ഞു. എന്നിരുന്നാലും, ശരിയായ രേഖകളുടെ അഭാവം ഈ വസ്‌തുവകകളുടെ മാനേജ്മെന്‍റും ഉടമസ്ഥതയും സംബന്ധിച്ച തർക്കങ്ങൾക്ക് കാരണമായി.

ബർസുള്ളയിലെ രഘുനാഥ് ജി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിൽ, മിയാൻ ഖയൂമും സഹോദരങ്ങളും കൈവശം വച്ചിരിക്കുന്ന 3035.14 മീറ്റർ ഉൾപ്പെടെയുള്ള 19.87 ഏക്കർ ഭൂമി ഏറ്റെടുക്കാനും ഡെപ്യൂട്ടി കമ്മീഷണറോട് കോടതി ഉത്തരവിട്ടു. കശ്‌മീർ ഡിവിഷണൽ കമ്മീഷണറുടെ മുൻ ഉത്തരവിനെ ചോദ്യം ചെയ്‌ത് മിയാൻ കുടുംബം സമർപ്പിച്ചത് ഉൾപ്പെടെയുള്ള ഹർജികളിൽ കോടതി സൂക്ഷ്‌മപരിശോധന നടത്തിയതിനെ തുടർന്നാണ് ഈ നിർദ്ദേശം.

ഭാരവാഹികൾ ക്ഷേത്രങ്ങൾ ഉപേക്ഷിച്ചപ്പോൾ ക്ഷേത്ര സ്വത്തുക്കളിൽ വ്യാപകമായ കൈയേറ്റം നടന്നതായി കോടതി കണ്ടെത്തി. തീവ്രവാദം വർധിച്ച ഈ കാലഘട്ടത്തിൽ, ക്ഷേത്ര സ്വത്തുക്കൾ അനധികൃതമായി വിറ്റതിലും പാട്ടത്തിന് കൊടുത്തതിലും കോടതി ആശങ്ക പ്രകടിപ്പിച്ചു. സ്വയം പ്രഖ്യാപിത പുരോഹിതൻമാരും സന്ന്യാസികളും ഉൾപ്പെടെയുള്ളവർ അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് സാഹചര്യം മുതലെടുത്തുവെന്നും, അത് പലപ്പോഴും പ്രദേശവാസികളുടെ ഒത്താശയോടെയാണെന്നും കോടതി നിരീക്ഷിച്ചു.

ഡെപ്യൂട്ടി കമ്മീഷണറോ നിയുക്ത സമിതിയോ ക്ഷേത്രഭൂമിയുടെ അതിർത്തി നിർണയിക്കണമെന്നും റവന്യൂ രേഖകളിൽ അനധികൃതമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് തിരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. കേന്ദ്രഭരണ പ്രദേശമായ ജമ്മു & കശ്‌മീരിലെ മത, ചാരിറ്റബിൾ സ്ഥാപനങ്ങളുടെ നടത്തിപ്പിനായി സർക്കാർ ഉചിതമായ നിയമനിർമ്മാണം അവതരിപ്പിക്കുന്നതുവരെ ഈ താൽക്കാലിക ക്രമീകരണം നിലനിൽക്കും.

Also Read:ശബരിമല മേല്‍ശാന്തി നിയമനത്തില്‍ ഇടപെട്ട് സുപ്രീംകോടതി; മലയാളി ബ്രാഹ്മണ സംവരണത്തില്‍ സർക്കാരിന് നോട്ടീസ്

ABOUT THE AUTHOR

...view details