ന്യൂഡല്‍ഹി: റെയില്‍വേ സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കുന്ന സൂപ്പര്‍ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ. ഈ മാസം തന്നെ അവതരിപ്പിക്കുന്ന റെയില്‍വേയുടെ സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ IRCTC സൂപ്പർ ആപ്പ് യാത്രാനുഭവത്തില്‍ വിപ്ലവം തീര്‍ക്കുമെന്ന് റെയില്‍വേ അറിയിച്ചു.
സെന്‍റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസും (CRIS) ഐആര്‍സിടിസിയും സഹകരിച്ച് വികസിപ്പിച്ചെടുത്തതാണ് സൂപ്പർ ആപ്പ്. നിലവിൽ വിവിധ ആപ്ലിക്കേഷനുകളിൽ വ്യാപിച്ചുകിടക്കുന്ന റെയില്‍വേ സേവനങ്ങളെ സൂപ്പര്‍ ആപ്പ് ഒരു കുടക്കീഴിലാക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
റിസർവ് ചെയ്‌തതും റിസർവ് ചെയ്യാത്തതുമായ ടിക്കറ്റുകൾ ബുക്കുചെയ്യൽ, പ്ലാറ്റ്‌ഫോം ടിക്കറ്റ്, ട്രെയിനുകളുടെ തത്സമയ ട്രാക്കിങ്, കാറ്ററിങ് സേവനങ്ങൾ, ഫീഡ്‌ബാക്ക് തുടങ്ങിയ സേവനങ്ങള്‍ പുതിയ ആപ്പില്‍ ലഭ്യമാകും.
കൂടാതെ ചരക്ക് സേവനങ്ങൾ ബുക്ക് ചെയ്യാൻ ലോജിസ്റ്റിക് കമ്പനികളെ അനുവദിക്കുന്ന ബിസിനസ് - ടു - ബിസിനസ് (B2B) വിഭാഗവും ആപ്പിൽ ഉണ്ടാകും. ഐആർസിടിസി റെയിൽ കണക്‌ട്, യുടിഎസ്, റെയിൽ മദദ് തുടങ്ങിയ ഒന്നിലധികം ആപ്പുകൾ നല്‍കുന്ന സേവനങ്ങളാണ് ഇതോടെ ഒറ്റ ആപ്പിലേക്ക് മാറുന്നത്.
സെപ്റ്റംബറിലാണ് ആദ്യം ആപ്പ് ലോഞ്ചിങ് പ്രഖ്യാപിച്ചിരുന്നത്. അതേസമയം കൃത്യമായ ലോഞ്ച് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
IRCTC സൂപ്പർ ആപ്പ് കൊണ്ടുള്ള പ്രയോജനം എന്ത്?
ഐആർസിടിസി സൂപ്പർ ആപ്പ് മുമ്പത്തെ ഐആർസിടിസി ആപ്പിലും വെബ്‌സൈറ്റിനേക്കാളും കാര്യമായ അപ്‌ഡേഷൻ കൊണ്ടുവരും. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും യാത്രയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിനും കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമായ അനുഭവം ഈ ആപ്പ് പ്രദാനം ചെയ്യുന്നു.
ഉപയോക്തൃ ഇന്‍റര്‍ഫേസ്, വേഗതയേറിയ പേയ്‌മെന്‍റ് ഓപ്ഷനുകൾ, തത്സമയ ട്രെയിൻ ട്രാക്കിങ്, ഭക്ഷണം ഓർഡർ ചെയ്യാൻ അനുവദിക്കുന്ന ഫീച്ചറുകള്‍ ഉള്‍പ്പെടെ പുതിയ ആപ്പില്‍ ലഭ്യമാകും. യാത്രാ നിർദേശങ്ങളും മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകളും ആപ്പ് വാഗ്‌ദാനം ചെയ്യും. യാത്രക്കാരുടെ സമയം ലാഭിക്കാനും ട്രെയിൻ യാത്ര കൂടുതൽ ആസ്വാദ്യകരമാക്കാനും ഈ ആപ്പ് ലക്ഷ്യമിടുന്നു.