ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണത്തെ കേന്ദ്ര ബജറ്റിലൂടെ ഓരോ ഇന്ത്യക്കാരന്‍റെയും സ്വപ്‌നങ്ങൾ സാക്ഷാത്‌ക്കരിക്കപ്പെട്ടു. 140 കോടി ജനങ്ങളുടെ ആഗ്രഹങ്ങളാണ് ബജറ്റിലൂടെ പ്രതിഫലിച്ചതെന്ന് നരേന്ദ്ര മോദി പറഞ്ഞു.
ഇത് ജനങ്ങളുടെ ബജറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബജറ്റുകൾ പലപ്പോഴും ഖജനാവ് നിറയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, എന്നാൽ ഈ ബജറ്റ് ജനങ്ങളുടെ പോക്കറ്റുകൾ നിറയ്ക്കാനും സമ്പാദ്യം വർധിപ്പിക്കാനും ലക്ഷ്യമിടുന്നുവെന്ന് മോദി കൂട്ടിച്ചേർത്തു. മധ്യവര്‍ഗത്തിന് പ്രതീക്ഷയ്‌ക്കും അപ്പുറത്തുള്ള പ്രഖ്യാപനമാണ് ബജറ്റിലുണ്ടായത്. 12 ലക്ഷം വരെ വരുമാനമുള്ളവരെ ആദായ നികുതി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല കർഷകർക്കായുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ കാർഷിക മേഖലയിലും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും വിപ്ലവം സൃഷ്‌ടിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
നികുതി ഇളവ് മധ്യവർഗത്തിന് വലിയ നേട്ടം നൽകുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തൊഴിലാളികൾക്കുള്ള ക്ഷേമ നടപടികൾ തൊഴിലിന്‍റെ അന്തസിനോടുള്ള തന്‍റെ സർക്കാരിന്‍റെ പ്രതിബദ്ധതയെ അടിവരയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2025-2026ലെ കേന്ദ്ര ബജറ്റ് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ബജറ്റ് വ്യവസ്ഥകൾ വിശദീകരിച്ചുകൊണ്ട്, കാർഷിക മേഖലയ്‌ക്കൊപ്പം അടിസ്ഥാന സൗകര്യ മേഖലയ്ക്കും ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇളവ് നൽകുന്ന പുതിയ നികുതി വ്യവസ്ഥയെ അദ്ദേഹം പ്രശംസിച്ചു, ഇത് മധ്യവർഗത്തിന് ആശ്വാസം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാറും ബജറ്റിനെ പ്രശംസിച്ചു. ഇന്ത്യയുടെ വളർച്ചയ്‌ക്ക് അനുയോജ്യമായ ബജറ്റ് പ്രഖ്യാപനങ്ങളാണ് ഇത്തവണത്തേതെന്ന് അദ്ദേഹം പറഞ്ഞു. കർഷക ക്ഷേമം മുതൽ മധ്യവർഗ പ്രതീക്ഷയ്‌ക്കും സ്‌ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നത് മുതൽ സ്‌റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നത് വരെയും അടിസ്ഥാന സൗകര്യ വികസനം മുതൽ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് വരെയും ഓരോ പൗരന്‍റെയും സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കുക എന്നതാണ് ബജറ്റിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. മികച്ച രീതിയിൽ ബജറ്റ് അവതരിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിർമ്മല സീതാരാമനും അദ്ദേഹം നന്ദി പറഞ്ഞു.
Also Read: ആറ് ലക്ഷം വരെയുള്ള വാടകയ്‌ക്ക് നികുതിയില്ല; മുതിർന്ന പൗരന്മാരുടെ പലിശയിലെ നികുതിക്കും ഇളവ്