തലസ്‌ഥാന നഗരിയില്‍ 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള പരിസമാപ്‌തിയോട് അടുക്കുമ്പോള്‍ മലയാള ചിത്രം 'ഫെമിനിച്ചി ഫാത്തിമ'യും ശ്രദ്ധ നേടുകയാണ്. അന്തർദേശീയ സിനിമകളുടെ മത്സര വിഭാഗത്തിലുള്ള 'ഫെമിനിച്ചി ഫാത്തിമ'യുടെ അവസാന പ്രദര്‍ശനം ഇന്ന് വൈകിട്ട് 5.30ന് ന്യൂ തിയേറ്റര്‍ സ്‌ക്രീന്‍ 1ല്‍ പ്രദര്‍ശിപ്പിക്കും.
ഇക്കുറി മേളയില്‍ 14 ചിത്രങ്ങളാണ് അന്തർദേശീയ സിനിമകളുടെ മത്സര വിഭാഗത്തിൽ മാറ്റുരച്ചത്. ഈ വിഭാഗത്തിൽ മികച്ച നിരൂപക പ്രശംസയോടെ മേളയില്‍ തലയുയർത്തി നിൽക്കുകയാണ് 'ഫെമിനിച്ചി ഫാത്തിമ'. പെൺകരുത്തിന്‍റെ കഥ മാത്രമല്ല, സാമൂഹിക അനാചാരങ്ങൾക്കെതിരെ ശബ്‌ദം ഉയർത്തുക കൂടായാണീ ചിത്രം.
ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്‌ത 'ഫെമിനിച്ചി ഫാത്തിമ' ചലച്ചിത്ര മേളയിലെ പ്രധാന ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. പൊന്നാനിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നതെങ്കിലും ആഗോള തലത്തിൽ പ്രസക്‌തിയുള്ള ഒരു ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്.
സ്ത്രീകൾ ജീവിതത്തിൽ നേടുന്ന പ്രതിസന്ധികളെ വളരെ വ്യക്‌തമായി സരസ ഭാഷയിൽ അവതരിപ്പിക്കുകയാണ് ചിത്രം. കിടപ്പു മുറിയ്‌ക്കുള്ളിലെ കിടക്ക പൊറുതിമുട്ടിച്ച് ഫാത്തിമയെ ഫെമിനിസ്‌റ്റ് ആക്കുന്നു. കേൾക്കുമ്പോൾ തന്നെ വളരെ രസകരമായി തോന്നുന്ന ആശയം യഥാർത്ഥ സമൂഹത്തിന്‍റെ പ്രതിഫലനമാണ് കാണിച്ചു തരുന്നത്.
പൊന്നാനിയിലെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. വീട്ടിൽ തങ്ങളുടെ സ്ഥാനം എന്താണെന്ന് പോലും തിരിച്ചറിയാനാകാതെ പോകുന്ന ഒരുപാട് വീട്ടമ്മമാരുടെ അവസ്ഥ സധൈര്യം പ്രേക്ഷകരോട് വിളിച്ചു പറയുകയാണ് സംവിധായകന്‍. മലയാളിക്ക് കണ്ട് പരിചിതമായ നാട്ടിൻപുറ പശ്ചാത്തലത്തിൽ തന്നെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ഫാത്തിമ എന്ന കഥാപാത്രം നേരിടുന്ന വിഷമതകളും സമൂഹത്തിലെ ഓരോ സ്ത്രീയും ഓരോ ദിവസവും കടന്നു പോകുന്ന സാഹചര്യങ്ങളുമാണ് ചിത്രം തുറന്നുകാട്ടുന്നത്. സോഷ്യൽ കണ്ടീഷനിംഗിന് വിധേയനായി പെരുമാറുന്ന ഫാത്തിമയുടെ ഭർത്താവിന്‍റെ കഥാപാത്രത്തെ കുറ്റപ്പെടുത്താതെ തന്നെ സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്. സ്‌ത്രീ സൗഹൃദങ്ങളെ മനോഹരമായും സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. അതേസമയം സാമുദായിക പിന്നോക്ക ചിന്താഗതിയെ പരിഹാസ രൂപത്തിലാണ് സംവിധായകൻ ട്രീറ്റ് ചെയ്‌തിരിക്കുന്നത്.
കേരള രാജ്യാന്തര മേളയില്‍ 'ഫെമിനിച്ചി ഫാത്തിമ' ചര്‍ച്ചയാകുമ്പോള്‍ സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ഫാസില്‍ മുഹമ്മദ്. താന്‍ ആദ്യമായി സംവിധാനം ചെയ്‌ത സിനിമ തന്നെ രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ സന്തോഷം ഫാസിൽ പ്രകടിപ്പിച്ചു.
ഒരുപാട് കാലം സിനിമ എന്ന സ്വപ്‌നത്തിന് പിന്നാലെ യാത്ര ചെയ്‌തതിനുള്ള ഗുണഫലം ഇപ്പോഴാണ് ലഭിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. സിനിമകളിൽ സ്പോട്ട് എഡിറ്ററായി തുടക്കം കുറിച്ച് പിന്നീട് വെബ് സിരീസുകളും ഷോർട്ട് ഫിലിമുകളും ചെയ്യുകയായിരുന്നു ഫാസില്‍. സ്വന്തമായി മനസ്സിൽ രൂപപ്പെട്ട ഒരു ആശയം സിനിമയാക്കാൻ ഫാസില്‍ നിരവധി വാതിലുകളിൽ മുട്ടിയിരുന്നു.
പല ശ്രമങ്ങൾക്കും ഫലം കാണാതെ വന്നപ്പോൾ സ്വന്തം വഴിയെ സിനിമ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു അദ്ദേഹം. ഫാസിൽ സഹകരിച്ചിരുന്ന സിനിമയായ '1001 നുണകളു'ടെ സംവിധായകൻ താമിറും അതേ ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്‌ത സുധീഷ് സക്കറിയയുമാണ് 'ഫെമിനിച്ചി ഫാത്തിമ' നിർമ്മിക്കാൻ മുന്നോട്ട് വന്നത്. അങ്ങനെയാണ് 'ഫെമിനിച്ചി ഫാത്തിമ' സിനിമയാകുന്നത്.
"ഫെമിനിച്ചി ഫാത്തിമയുടെ ആശയം ആഗോളതലത്തിൽ പ്രസക്‌തമാണ്. പൊന്നാനിയിലെ ഒരു കൊച്ചു കുടുംബത്തിന്‍റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞിരിക്കുന്നു എന്ന് മാത്രം. വലിയൊരു ആശയം വളരെ സിമ്പിളായി പറയുമ്പോൾ പ്രേക്ഷകർക്ക് സിനിമയുടെ ഉള്ളടക്കം കൃത്യമായി ബോധ്യപ്പെടുമോ എന്നൊരു സംശയം എനിക്ക് ഇല്ലായിരുന്നു.
വലിയ ആശയം ഭീകരമായി ചിത്രീകരിക്കേണ്ട കാര്യമില്ല. പറയാനുള്ളത് യഥാർത്ഥ ജീവിതവുമായി ചേർന്ന് നിൽക്കുകയാണെങ്കിൽ സിനിമ പ്രേക്ഷകരുമായി സംസാരിക്കും. ചിത്രം ചർച്ച ചെയ്യുന്ന സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയും സാമൂഹിക അരക്ഷിതാവസ്ഥയും ലോകത്ത് എല്ലായിടത്തും ഉണ്ട്.
അങ്ങനെ ഒരു ആശയം സിനിമയാക്കുമ്പോൾ എന്‍റെ സ്വന്തം നാടായ പൊന്നാനിയെയും അവിടുത്തെ ഒരു കൊച്ചു കുടുംബത്തെയും പ്രതിനിധീകരിച്ച് കഥ പറയുന്നതാണ് ശരിയെന്ന് തോന്നി. വലിയ കാര്യങ്ങൾ ചെറുതാക്കി പറയുമ്പോൾ മൂർച്ചയുള്ള ഒരു സൂചി പോലെ സിനിമ പ്രേക്ഷകരുടെ ഉള്ളിലേക്ക് ആഴ്‌ന്നിറങ്ങാൻ എളുപ്പമാകും." -ഫാസിൽ മുഹമ്മദ് പറഞ്ഞു.
നമ്മുടെ നാട്ടിലെ സ്‌ത്രീകള്‍ക്ക് ഫെമിനിസം എന്താണെന്ന് തിരിച്ചറിയാനാവില്ലെങ്കിലും അവരുടെ മനസ്സില്‍ ഫെമിനിസം ഉണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്. ഫെമിനിച്ചി ഫാത്തിമയിലെ ഫാത്തിമയുടെ ചെറിയ ലോകത്തെ കുറിച്ചും സംവിധായകന്‍ പരിചയപ്പെടുത്തി.
"നമ്മുടെ നാട്ടിലെ എല്ലാ സ്ത്രീകളുടെയും ഉള്ളിൽ ഫെമിനിസം ഉണ്ട്. ഭൂരിഭാഗം സ്ത്രീകൾക്കും അങ്ങനെ ഒരു വികാരം എന്താണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതാണ് വാസ്‌തവം. സമൂഹത്തിൽ ഞാൻ എന്താണ് ചെയ്യേണ്ടത്? ഈ നാട്ടിൽ ഒരു സ്ത്രീക്കുള്ള പ്രസക്‌തി എന്ത്? ഇങ്ങനെയുള്ള ചോദ്യങ്ങൾ പല സ്ത്രീകളുടെയും ഉള്ളിലുണ്ട്. ഇതുപോലുള്ള ആശയക്കുഴപ്പത്തിൽ നിൽക്കുന്ന ധാരാളം സ്ത്രീകളുടെ പ്രതിനിധിയാണ് ഫാത്തിമ.
വീട്ടിൽ മാത്രം ഒതുങ്ങിക്കൂടി ജീവിക്കുന്ന ഒരു പാവം വീട്ടമ്മ. പുറംലോകവുമായി ഫാത്തിമയ്ക്ക് വലിയ ബന്ധമൊന്നുമില്ല. ഭർത്താവും മക്കളും കുടുംബാംഗങ്ങളും തന്നെയാണ് ഫാത്തിമയുടെ ലോകം. പക്ഷേ ഈ ഒരു സാഹചര്യത്തിൽ ഫാത്തിമ ഹാപ്പിയാണ്. അങ്ങനെ ഒരിക്കൽ ഫാത്തിമയുടെ മകൻ കിടക്കയിൽ മൂത്രമൊഴിച്ചു. ഈ പറഞ്ഞ രംഗം സിനിമയിലെ വലിയൊരു വഴിത്തിരിവാണ്.
ഇങ്ങനെ ഒരു സംഭവത്തിൽ നിന്നാണ് കുടുംബത്തിൽ താൻ എത്രത്തോളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു, കുടുംബാംഗങ്ങൾ തനിക്ക് എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നൊക്കെ ഫാത്തിമ ചിന്തിക്കാൻ കാരണമാകുന്നത്. അവിടെ നിന്നും ഫാത്തിമ എന്ന സ്ത്രീ നേടിയെടുക്കുന്ന അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും വ്യക്‌തമായ ചലച്ചിത്ര ആവിഷ്‌കാരമാണ് ഫെമിനിച്ചി ഫാത്തിമ." -ഫാസിൽ തുടർന്നു.
ഫെമിനിച്ചി ഫാത്തിമയുടെ ആശയം തന്‍റെ ജീവിതവുമായി ബന്ധപ്പെട്ടുള്ളതാണെന്നും സംവിധായകന്‍ തുറന്നു പറഞ്ഞു. തന്‍റെ കുടുംബാംഗങ്ങള്‍ തന്‍റെ സിനിമയിലെ കഥാപാത്രമായ ഒരു ഫാത്തിമയാണെന്നും അദ്ദേഹം പറഞ്ഞു.
"സിനിമയുടെ ആശയം ജീവിതത്തിൽ നിന്നും ചീന്തി എടുത്തിട്ടുള്ളത് തന്നെയാണ്. ഉമ്മ, വല്ല്യുമ്മ, താത്ത എന്നിവർക്കൊപ്പം പൊന്നാനിയിലെ വീട്ടിലാണ് ഞാൻ താമസിക്കുന്നത്. ഇവരുടെയൊക്കെ ജീവിതവും വീട്ടിലെ അവസ്ഥകളും കണ്ടാണ് ഞാൻ വളർന്നത്. അക്ഷരാർത്ഥത്തിൽ ഇവരെല്ലാം എന്‍റെ സിനിമയിലെ കഥാപാത്രമായ ഒരു ഫാത്തിമയാണ്.
വീട്ടിലും നാട്ടിലുമൊക്കെ പല കാര്യങ്ങളും നടക്കുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട് ഇവരെന്താ ഒന്നും പ്രതികരിക്കാത്തതെന്ന്. ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയുടെ കഥ എഴുതുമ്പോൾ മേൽപ്പറഞ്ഞ ചിന്തകളൊക്കെയാണ് മനസ്സിൽ ഓടിക്കൊണ്ടിരുന്നത്. ഞാനീ പറഞ്ഞ സംഭവം എന്‍റെ വീട്ടിൽ മാത്രം നടക്കുന്നതല്ല.
കേരളത്തിലെ ഒട്ടുമിക്ക വീടുകളുടെയും അവസ്ഥ ഇതുതന്നെയാണ്. ഫെമിനിച്ചി ഫാത്തിമയുടെ ആശയം ബ്രഹ്‌മാണ്ഡ സിനിമയാക്കാൻ പറ്റുന്ന ആശയം തന്നെയാണ്. പക്ഷേ വളരെ സിമ്പിളായി യഥാർത്ഥ ജീവിതത്തോട് ചേർന്ന രീതിയിൽ ചിത്രീകരിച്ചത് കൊണ്ടാണ് സിനിമ പ്രേക്ഷകരെ ആകർഷിച്ചതെന്ന് വിശ്വസിക്കുന്നു." -ഫാസിൽ മുഹമ്മദ് വ്യക്‌തമാക്കി.
വിമർശനങ്ങളെ ഹാസ്യ രൂപത്തിൽ അവതരിപ്പിക്കുമ്പോഴുള്ള റിസ്‌ക് ഫാക്‌ടറിനെ കുറിച്ചും സംവിധായകന്‍ പറയുന്നു. എന്നാല്‍ സിനിമയെ വിവാദത്തിലേയ്‌ക്ക് കൊണ്ട് പോകില്ലെന്ന് ചിത്രീകരണ സമയത്ത് തന്നെ താന്‍ ഉറപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
"സിനിമയിൽ സാമൂഹികപരമായി നിലനിൽക്കുന്ന അരക്ഷിതാവസ്ഥയെ ഹാസ്യ രൂപത്തിൽ വരച്ചുകാട്ടിയിട്ടുണ്ട്. പ്രത്യേകിച്ചും സാമുദായികപരമായി വിമർശനങ്ങളെ ഹാസ്യ രൂപത്തിൽ ഉന്നയിക്കുമ്പോൾ അതിലൊരു റിസ്‌ക് ഫാക്‌ടര്‍ ഉണ്ട്. മത പൗരോഹിത്യത്തെ സർക്കാസത്തിന്‍റെ ഭാഷയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
എങ്കിലും വസ്‌തുതകൾ കൃത്യമായി ഉൾക്കൊള്ളാൻ കഴിവുള്ള പ്രേക്ഷകരെല്ലാം പോസിറ്റീവായി എടുത്തു. അതൊരു സംവിധായകന്‍റെ വിജയമാണ്. സിനിമയിലെ പല പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് എന്‍റെ നാട്ടുകാർ തന്നെയാണ്. എന്‍റെ സഹോദരിമാർ, സുഹൃത്തുക്കൾ, അമ്മമാർ, ആന്‍റിമാര്‍, അങ്ങനെ പലരും സിനിമയുടെ ഭാഗമായി.
മേൽപ്പറഞ്ഞ റിസ്ക്കുള്ള സീനുകൾ സിനിമയെ വിവാദത്തിന്‍റെ ലോകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകില്ല എന്ന് സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് തന്നെ എനിക്ക് ബോധ്യമായിരുന്നു. കാരണം പൊന്നാനി എന്ന മുസ്ലിം കമ്മ്യൂണിറ്റി ആളുകള്‍ കൂടുതലുള്ള ഒരു പ്രദേശമാണ്. പ്രസ്‌തുത രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോൾ ഞാൻ നേരത്തെ പറഞ്ഞ ഒരുപാട് സ്ത്രീകൾ ലൊക്കേഷനിൽ ഇതൊക്കെ കണ്ടും കേട്ടും ചിരിക്കുന്നുണ്ടായിരുന്നു.
ആശയങ്ങൾ ഒരു സർക്കാസ രൂപത്തിൽ കണ്ട് അവർ ആസ്വദിച്ചു. ഞങ്ങളൊക്കെ അനുഭവിച്ച് കൊണ്ടിരിക്കുന്നതാണല്ലോ അവൻ സിനിമയിൽ ഉൾപ്പെടുത്തുന്നത് എന്ന രീതിയിലുള്ള പ്രതികരണം ഈ സ്ത്രീകളുടെ ഭാഗത്ത് നിന്നും ലഭിച്ചു. സാധാരണക്കാരായ സ്ത്രീകൾക്ക് പോലും സാമൂഹിക അരക്ഷിതാവസ്ഥയെ തമാശ രൂപത്തിൽ പറയുമ്പോൾ തിരിച്ചറിയാൻ സാധിച്ചു. പിന്നെ ഈയൊരു കാര്യത്തിൽ എനിക്കൊരു ടെൻഷൻ ഉണ്ടായിരുന്നില്ല." ഫാസിൽ വ്യക്‌തമാക്കി.
താന്‍ മുമ്പ് ചെയ്‌ത ട്യൂഷൻ വീട് എന്ന വെബ് സിരീസിൽ അഭിനയിച്ച കലാകാരന്‍മാർ ഫെമിനിച്ചി ഫാത്തിമയിലും പല പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്‌തിട്ടുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. ഷംല ഹംസയാണ് ഫാത്തിമയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫാത്തിമയുടെ ഭർത്താവിന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ച കുമാർ സുനിൽ ഏതാനും സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ബാക്കിയുള്ള കഥാപാത്രങ്ങളൊക്കെ നാട്ടിലെ ആളുകളെന്നും ഫാസില്‍ അറിയിച്ചു.
ഫെമിനിച്ചി എന്ന വാക്കിലൂടെയാണ് ഈ സിനിമ സംഭവിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു. എല്ലാവരും കളിയാക്കുന്ന ഒരു പ്രയോഗത്തെ താന്‍ പോസിറ്റീവായി ഉള്‍ക്കൊണ്ട് ഒരു സിനിമ സംവിധാനം ചെയ്‌തുവെന്നും അദ്ദേഹം പറഞ്ഞു.
"ഫെമിനിച്ചി എന്ന വാക്ക് സ്ത്രീപക്ഷ ചിന്താഗതിയുള്ള സ്ത്രീകളെ കളിയാക്കാൻ മലയാളികൾ ഉപയോഗിക്കുന്ന പ്രയോഗമാണ്. എനിക്ക് ഈ പേരാണ് ഏറ്റവും അധികം ആകർഷിച്ച ഘടകം. സിനിമയ്ക്ക് ആദ്യം സംഭവിക്കുന്നത് പേരാണ്. തുടർന്നാണ് കഥ ഉണ്ടാകുന്നത്.
പേരിന് പിന്നാലെ സഞ്ചരിച്ചാണ് തിരക്കഥ പൂർത്തിയാക്കിയതെന്ന് വേണമെങ്കിൽ പറയാം. എല്ലാവരും കളിയാക്കുന്ന രീതിയിൽ ഉപയോഗിക്കുന്ന ഫെമിനിച്ചി എന്ന പ്രയോഗം വളരെ പോസിറ്റീവായി ഞാൻ ഉൾക്കൊള്ളുന്നു. സമൂഹത്തിൽ വ്യത്യസ്‌തമായി ചിന്തിക്കുന്ന ഉയർന്നു വരാൻ ശ്രമിക്കുന്ന സ്ത്രീകളെ അടിച്ചമർത്താനും പരിഹസിക്കാനുമാണ് ഫെമിനിച്ചി എന്ന് വിളിക്കുന്നത്.
ഓരോ തവണ അവരെ ഫെമിനിച്ചി എന്ന് വിളിക്കുമ്പോഴും അവർ സമൂഹത്തിൽ ഉയർന്നുകൊണ്ടിരിക്കുന്നു എന്ന് കളിയാക്കുന്നവർ മനസ്സിലാക്കുന്നില്ല. ഫെമിനിസ്‌റ്റായ സ്ത്രീകളുടെ വിജയമാണ് ഫെമിനിച്ചി എന്ന കളിയാക്കൽ എന്ന് ഞാൻ വിശ്വസിക്കുന്നു." -ഫാസിൽ മുഹമ്മദ് വ്യക്‌തമാക്കി.
സിനിമ കണ്ടവരെല്ലാം പോസിറ്റീവായ അഭിപ്രായമാണ് തന്നോട് പറയുന്നതെന്നും ഫാസില്‍ പ്രതികരിച്ചു. സിനിമ അവരുടെ വൈകാരിക തലങ്ങളിലൂടെ കൃത്യമായി സഞ്ചരിച്ചു എന്ന് മനസ്സിലാക്കാൻ സാധിച്ചു. ഒരാളെങ്കിലും നെഗറ്റീവ് പറയണമെന്ന് സത്യത്തിൽ ആഗ്രഹിച്ചിരുന്നു. പക്ഷേ ആരും സിനിമയെ മോശം പറഞ്ഞില്ല. അതിൽ വളരെയധികം സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിലെ ഒരു രംഗത്തിൽ നായയും പ്രധാന കഥാപാത്രമാണ്. ആ രംഗം നായയെ ഉപയോഗിച്ച് ചിത്രീകരിച്ചതിനെ കുറിച്ചും ഫാസിൽ വെളിപ്പെടുത്തി.
"നായ ഈ സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണ്. അപ്പോൾ അനുസരണാശീലമുള്ള ഒരു നായയെ ആവശ്യമായി ഉണ്ടായിരുന്നു. പല സ്ഥലങ്ങളിൽ അന്വേഷിച്ചിട്ടും ഒരു നായയെ ലഭിച്ചില്ല. ഞങ്ങളുടെ പൊന്നാനിയിലെ ലൊക്കേഷന് പിൻവശം കടലാണ്. ഒരു ദിവസം കടപ്പുറത്ത് കൂടി നടക്കുന്നതിനിടയിൽ ഒരു കൂട്ടം നായ്ക്കളെ കാണാനിടയായി. ആ നായ്ക്കൾക്ക് ഞാൻ ബിസ്ക്കറ്റ് വാങ്ങി നൽകി.
ബിസ്ക്കറ്റ് കഴിച്ചു കഴിഞ്ഞതും ഓരോരോ നായ്ക്കളായി പിരിഞ്ഞു പോകാൻ തുടങ്ങി. പക്ഷേ ഒരു നായ മാത്രം എന്നെ നോക്കി അവിടെ നിന്നു. ആ നായക്ക് കൂടുതൽ ബിസ്ക്കറ്റ് ഞാൻ നൽകി. ഒടുവിൽ അത് എന്‍റെ കൂടെ ലൊക്കേഷനിലേക്ക് വന്നു. തുടർന്ന് സിനിമയ്ക്ക് ആവശ്യമായ രംഗങ്ങൾ ഒക്കെ ബിസ്ക്കറ്റ് നൽകി ആ നായയെ കൊണ്ട് അഭിനയിപ്പിച്ചു. സിനിമയിൽ ഏറ്റവും ബുദ്ധിമുട്ടി ചിത്രീകരിച്ച രംഗമായിരുന്നു അത്." -ഫാസിൽ മുഹമ്മദ് പറഞ്ഞു.