ന്യൂഡൽഹി : മതേതര രാഷ്‌ട്രത്തില്‍ എല്ലാ മതങ്ങള്‍ക്കും പൊതുവായ നിയമമാണ് വേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏകീകൃത സിവിൽ കോഡ് (യുസിസി) കൊണ്ടുവരാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും കോൺഗ്രസ് പ്രീണന രാഷ്‌ട്രീയമാണ് നടത്തുന്നത് എന്നും അമിത് ഷാ രാജ്യസഭയില്‍ ആരോപിച്ചു. ഭരണഘടനയുടെ 75-ാം വർഷികത്തിന്‍റെ രാജ്യസഭ ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ബിജെപി സർക്കാരുള്ള എല്ലാ സംസ്ഥാനങ്ങളും യുസിസി നടപ്പാക്കും, കോണ്‍ഗ്രസ് ഇഷ്‌ടപ്പെടുന്നത് മുസ്‌ലിം വ്യക്തി നിയമമാണെന്നും അമിത് ഷാ ആരോപിച്ചു. 'വ്യത്യസ്‌ത വ്യക്തിനിയമങ്ങളാണെങ്കിലും പൊതു ക്രിമിനൽ കോഡാണ് കോൺഗ്രസ് തെരഞ്ഞെടുത്തത്. 'നിങ്ങൾക്ക് യഥാർഥത്തിൽ മുസ്‌ലിം വ്യക്തിനിയമം വേണമെങ്കിൽ, അത് പൂർണമായും കൊണ്ടുവരിക. ക്രിമിനൽ നിയമത്തിൽ ശരീഅത്ത് എന്തുകൊണ്ട് ബാധകമല്ല? മോഷണം നടത്തുന്ന ഒരാളുടെ കൈ വെട്ടുമോ?' എന്നും അമിത് ഷാ ചോിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'ഭരണഘടനാ അസംബ്ലി അവസാനിച്ച്, തെരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രി നെഹ്‌റുജി മുസ്‌ലിം വ്യക്തി നിയമമാണ് കൊണ്ടുവന്നത്, യുസിസി അല്ല. ഒരു മതേതര രാഷ്‌ട്രത്തിൽ എല്ലാ മതങ്ങൾക്കും പൊതുവായ ഒരു നിയമം വേണോ വേണ്ടയോ എന്നാണ് കോൺഗ്രസ് പാർട്ടിയോട് ഞാന്‍ ചോദിക്കാൻ ആഗ്രഹിക്കുന്നത്. എന്തിനാണ് അവര്‍ മുസ്ലിം വ്യക്തി നിയമത്തെ പിന്തുണയ്ക്കുന്നത്' എന്നും അമിത് ഷാ ചോദിച്ചു.
അതേസമയം, മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളെ (ഇവിഎം) കുറിച്ച് പരാതി നൽകിയവരിൽ ചിലർ ജാർഖണ്ഡിൽ അത് ആഘോഷിക്കുകയാണ് ചെയ്‌തത് എന്നും അമിത് ഷാ പറഞ്ഞു. ഇവിഎമ്മുകൾ ഹാക്ക് ചെയ്യാൻ സാധിക്കുമോയെന്ന് പരിശോധിക്കാൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും എന്നാല്‍ ആരും പരാതി നല്‍കിയിരുന്നില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
'ഇവിഎം ഹാക്ക് ചെയ്യാൻ കഴിയുമോ എന്ന് തെളിയിക്കാൻ മൂന്ന് ദിവസം തെരഞ്ഞെടുപ്പ് കമ്മിഷൻ ഇവിഎം തുറന്ന് വച്ചിരുന്നു. ആരും വന്നില്ല. 24 തവണ ഇവിഎമ്മുകൾ സംബന്ധിച്ച ഹർജികൾ സുപ്രീം കോടതി തള്ളി,' എന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പരാമര്‍ശിച്ചും അമിത് ഷാ കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി അസാധുവായി പ്രഖ്യാപിക്കുകയും അവരുടെ സർക്കാർ നടത്തിയ ചില ഭരണഘടനാ ഭേദഗതികളെ അപലപിക്കുകയും ചെയ്‌തുവെന്നും അമിത് ഷാ വിമര്‍ശിച്ചു.