തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണം നേരിടുന്ന എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഡിസംബര്‍ 16 ന് ചേര്‍ന്ന ഐപിഎസ് സ്‌ക്രീനിങ് കമ്മിറ്റിയില്‍ വിജിലന്‍സ് അന്വേഷണം ചൂണ്ടിക്കാട്ടി നിലവില്‍ എഡിജിപി റാങ്കിലുള്ള എം ആര്‍ അജിത് കുമാറിന് ഡിജിപിയായുള്ള സ്ഥാനക്കയറ്റം തടയാനാകില്ലെന്ന് തീരുമാനിച്ചിരുന്നു. ഈ ശുപാര്‍ശ ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു.
ഇതോടെ ജൂലൈയില്‍ അജിത് കുമാര്‍ ഡിജിപിയായി ചുമലയേല്‍ക്കും. തൃശൂര്‍ പൂരം കലക്കല്‍, ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ച, വരവിലേറെ സ്വത്ത് സമ്പാദനം എന്നീ വിഷയങ്ങളിലാണ് എം ആര്‍ അജിത് കുമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നത്. ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്‌ടര്‍ എന്നിവരടങ്ങിയതാണ് ഐപിഎസ് സ്‌ക്രീനിങ് കമ്മിറ്റി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കോടതിയില്‍ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്‌ത് വിചാരണയ്ക്കായി കാത്തിരിക്കുകയോ അച്ചടക്ക നടപടിക്കുള്ള മെമ്മോ കൈമാറുകയോ സസ്‌പെന്‍ഷനിലാണെങ്കിലോ മാത്രമേ സ്ഥാനക്കയറ്റത്തിൽ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയൂ. ഇതു ചൂണ്ടിക്കാട്ടിയാണ് അജിത് കുമാറിന് ഡിജിപി റാങ്കിലേക്ക് ഉയര്‍ത്താനുള്ള ശുപാര്‍ശ ഐപിഎസ് സ്‌ക്രീനിങ് കമ്മിറ്റി സര്‍ക്കാരിന് മുന്നില്‍വച്ചത്.
വിജിലന്‍സ് അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞയാഴ്‌ചയും അജിത് കുമാറില്‍ നിന്ന് വിജിലന്‍സ് മൊഴിയെടുത്തിരുന്നു. ജനുവരിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നീക്കങ്ങള്‍ തുടരുന്നതിനിടെയാണ് ഇപ്പോള്‍ ഡിജിപിയായുള്ള സ്ഥാനക്കയറ്റത്തിന് മന്ത്രിസഭയും അംഗീകാരം നല്‍കിയിരിക്കുന്നത്.
അതേസമയം, നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലേക്ക് അജിത് കുമാര്‍ എത്തുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് യുപിഎസ്‌സിയാണ്. നിലവില്‍ 1994 ബാച്ചിലെ മനോജ് എബ്രഹാമിന് ശേഷമാണ് ഇപ്പോള്‍ 1995 ബാച്ചിലുള്ള എം ആര്‍ അജിത് കുമാറിനും എസ്‌പിജിയുടെ ഡയറക്‌ടറായി കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എസ് സുരേഷിനും ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
സ്ഥാനക്കയറ്റം ലഭിച്ച മറ്റു ഐപിഎസ് ഉദ്യോഗസ്ഥര്‍ :
എഡിജിപി പദവിയിലേക്ക്
തരുണ്‍ കുമാര്‍
ഐ ജി പദവിയിലേക്ക്
ദേബേഷ് കുമാര്‍ ബഹ്‌റ
ഉമ
രാജ്‌പാല്‍ മീണ
ജയ്‌നാഥ് ജെ
ഡിഐജി പദവിയിലേക്ക്
യതീഷ് ചന്ദ്ര
ഹരി ശങ്കര്‍
കാര്‍ത്തിക് കെ
പ്രതീഷ് കുമാര്‍