ഹൈദരാബാദ്: തെലങ്കാനയിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ (എസ്എല്‍ബിസി) തുരങ്കത്തില്‍ കുടുങ്ങിയ എട്ട് തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ രണ്ടാം ദിവസമായ ഇന്നും തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുരങ്കത്തിനുള്ളിലേക്ക് ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ എത്തിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തെലങ്കാനയിലെ നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ ദോമാലപെന്തയില്‍ നിര്‍മ്മാണത്തിലിരുന്ന എസ്എല്‍ബിസി തുരങ്കത്തിന്‍റെ പതിനാല് കിലോമീറ്ററിന് സമീപമാണ് മുകള്‍ ഭാഗം ഇടിഞ്ഞ് വീണത്. മൂന്ന് മീറ്ററോളം ഭാഗം താഴേക്ക് പതിച്ചു. തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ എട്ട് പേരില്‍ ഏഴ് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുര്‍ജീത് സിങ് (പഞ്ചാബ്), സന്നിത് സിങ് (ജമ്മുകശ്‌മീര്‍), ശ്രീനിവാസലു മനോജ് റുബേന (ഉത്തര്‍പ്രദേശ്), സന്ദീപ് സന്തോഷ്, ജത്ക ഹീരന്‍ (ജാര്‍ഖണ്ഡ്), എന്നിവരാണ് കുടുങ്ങിയിട്ടുള്ളത്. ഒരിടവേളയ്ക്ക് ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് കേവലം നാല് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് അപകടം.
രക്ഷാപ്രവര്‍ത്തനം രണ്ടാം ദിവസം പിന്നിടുമ്പോഴും തൊഴിലാളികള്‍ എവിടെയാണ് കുടുങ്ങിക്കിടക്കുന്നതെന്ന വിവരം സ്ഥിരീകരിക്കാനായിട്ടില്ല. തുരങ്കത്തിനുള്ളില്‍ 13.5 കിലോമീറ്റര്‍ ദൈര്‍ഘ്യം തങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന എന്‍ഡിആര്‍എഫ് ഡെപ്യൂട്ടി കമാന്‍ഡന്‍റ് സുഖേന്ദു ദത്ത പറഞ്ഞു. പ്രാഥമികമായി ലോകോ മോട്ടീവുകളും കണ്‍വെയര്‍ ബെല്‍റ്റുകളുമാണ് ഉപയോഗിച്ചത്.
കഴിഞ്ഞ രാത്രി പത്ത് മണി വരെ തങ്ങള്‍ തുരങ്കത്തിനുള്‍വശം പരിശോധിച്ചു. ലോകോ മോട്ടീവുകള്‍ ഉപയോഗിച്ചാണ് ഉള്ളിലേക്ക് പോയത്. പ്രവേശന കവാടം മുതല്‍ 13.5 കിലോമീറ്റര്‍ അകത്തേക്ക് പോയി. പതിനൊന്ന് കിലോമീറ്റര്‍ ട്രെയിനില്‍ പോയ ശേഷം രണ്ട് കിലോമീറ്റര്‍ കണ്‍വയര്‍ ബെല്‍റ്റുപയോഗിച്ചും നടന്നും തെരച്ചില്‍ നടത്തിയെന്ന് ദത്ത വ്യക്തമാക്കി.

അവസാന 200 മീറ്റര്‍ പൂര്‍ണമായും അവശിഷ്‌ടങ്ങള്‍ മൂടിക്കിടക്കുകയാണ്. അത് കൊണ്ട് തന്നെ തൊഴിലാളികള്‍ എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയാനാകുന്നില്ല. തുരങ്കം കുഴിക്കുന്ന യന്ത്രത്തിന്‍റെ അവസാന ഭാഗം വരെ തങ്ങളെത്തി. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ശബ്‌ദം കേള്‍ക്കാൻ വേണ്ടി തങ്ങള്‍ ഉച്ചത്തില്‍ അവരെ വിളിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. അവശിഷ്‌ടങ്ങള്‍ നീക്കം ചെയ്യാതെ തൊഴിലാളികളെ കണ്ടെത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുരങ്കത്തിനുള്ളില്‍ കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനാണ് ഇപ്പോള്‍ ഇവര്‍ ശ്രമിക്കുന്നത്. പതിനൊന്ന് മുതല്‍ 13 കിലോമീറ്റര്‍ വരെ വെള്ളം കെട്ടിക്കിടക്കുകയാണ്. ഇത് നീക്കം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതിന് ശേഷം രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ഡിആര്‍എഫിനും എസ്‌ഡിആര്‍എഫിനും സെക്കന്തരാബാദിലെ കരസേന വിഭാഗത്തിന് കീഴിലുള്ള പുറമെ സൈന്യത്തിന്‍റെ എന്‍ജിനീയറിങ് വിഭാഗവും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. എസ്‌കവേറ്റര്‍ അടക്കം സ്ഥലത്ത് സജ്ജീകരിച്ചിട്ടുണ്ട്.

തെലങ്കാന ചീഫ്‌സെക്രട്ടറിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് സൈന്യം അടിയന്തരമായി തങ്ങളുടെ എന്‍ജീനിയറിങ് വിഭാഗത്തെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചത്. പ്രത്യേക വൈദഗ്ദ്ധ്യം നേടിയ എന്‍ജീനിയറിങ് സംഘത്തിന് പുറമെ വൈദ്യ സംഘവും ആംബുലന്‍സും സൈനിക ആരോഗ്യ പ്രവര്‍ത്തകരും ഉയര്‍ന്ന പമ്പിങ് ശേഷിയുള്ള ആംബുലന്‍സും കവചിത ഹോസുകളു മറ്റ് അവശ്യ ഉപകരണങ്ങളും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് അവലോകനം ചെയ്യാനായി യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ജലസേചന മന്ത്രി എന്‍ ഉത്തംകുമാര്‍ റെഡ്ഡി, സംസ്ഥാന ജലസേചന ഉപദേശകന്‍ ആദിത്യനാഥ് ദാസ്, മുഖ്യമന്ത്രിയുെട ഉപദേശകന്‍ നരേന്ദര്‍ റെഡ്ഡി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. തുരങ്കത്തിലെ നിലവിലെ സ്ഥിതിഗതികള്‍ മന്ത്രി ഉത്തംകുമാര്‍ റെഡ്ഡി മുഖ്യമന്ത്രിയോട് വിവരിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അദ്ദേഹം വിവരങ്ങള്‍ തേടി. ഇവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്കൊപ്പമുണ്ടെന്ന് രേവന്ത് റെഡ്ഡി ഉറപ്പ് നല്‍കി.
അപകടമുണ്ടായ ഉടന്‍ തന്നെ സംസ്ഥാന-ദേശീയ ദുരന്തനിവാരണ സേനകള്‍ സ്ഥലത്തെത്തിയെന്നും ഉത്തംകുമാര്‍ റെഡ്ഡി മുഖ്യമന്ത്രിയോട് പറഞ്ഞു. എല്ലാ വകുപ്പ് ജീവനക്കാരും രക്ഷാപ്രവര്‍ത്തന വേളയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
സഹായവാഗ്‌ദാനവുമായി മോദി
പ്രധാനമന്ത്രി നരേന്ദ്രമോദി തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുമായി സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ എല്ലാ സഹായവും അദ്ദേഹം ഉറപ്പ് നല്‍കി.
Deeply distressed to learn about the tunnel roof collapse in Telangana. My thoughts are with those trapped inside and their families at this difficult time.
— Rahul Gandhi (@RahulGandhi) February 22, 2025
I have been informed that rescue operations are underway, and the state government along with disaster relief teams are…
അപകടവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വിവരങ്ങള്‍ ആരാഞ്ഞിരുന്നു. അപകടത്തില്‍ പെട്ടവരെ ഉടന്‍ തന്നെ രക്ഷപ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.