ന്യൂഡല്‍ഹി :ഗ്യാൻവാപി മസ്‌ജിദില്‍ പൂജയ്‌ക്ക് അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ മസ്‌ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി (Gyanvapi Committee's Plea). ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് മസ്‌ജിദ് കമ്മിറ്റിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് അറിയിച്ചത്. മസ്‌ജിദില്‍ പൂജയ്‌ക്ക് അനുമതി നല്‍കിയ വാരണാസി ജില്ല കോടതിയുടെ വിധി കഴിഞ്ഞ ദിവസമായിരുന്നു അലഹബാദ് ഹൈക്കോടതി ശരിവച്ചത്.
പള്ളിയില്‍ പൂജ നടത്തുന്നത് തടയണമെന്ന മുസ്ലിം വിഭാഗത്തിന്‍റെ ആവശ്യവും നേരത്തെ ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ധൃതിപിടിച്ചുള്ള ഉത്തരവാണ് നടപ്പാക്കിയതെന്നും പൂജയ്‌ക്ക് ഇടക്കാല സ്റ്റേ നല്‍കണമെന്നും മസ്‌ജിദ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ അനുകൂല വിധി ലഭിക്കാതെ വന്നതോടെയായിരുന്നു മസ്‌ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്.