ജമ്മു: പാകിസ്ഥാന്‍ പോലുള്ള ശത്രുരാജ്യങ്ങളില്‍ നിന്ന് ചാരപ്രവര്‍ത്തനം ലക്ഷ്യമിട്ടുള്ള പെണ്‍കെണികളില്‍ നിന്ന് സൈനികരെ സംരക്ഷിക്കാനും അത്തരം പ്രവൃത്തികള്‍ തടയാനുമായി ഇന്ത്യന്‍ സൈന്യം എം ഷീല്‍ഡ് 2.0 എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചു. ചാരപ്രവര്‍ത്തനങ്ങള്‍ തടയാനുള്ള രാജ്യത്തിന്‍റെ തന്ത്രപരമായ നീക്കങ്ങളില്‍ സുപ്രധാനമായ ഒരു ചുവട് വയ്‌പാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയാനുള്ള സോഫ്‌റ്റ് വെയറാണിത്. സോഷ്യല്‍ എന്‍ജിനീയറിങ് സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാക്കിയിരുന്നത്.
പാകിസ്ഥാന്‍ ഇത്തരത്തില്‍ ചാരപ്രവര്‍ത്തനങ്ങള്‍ക്കായി സൈനികരെ പെണ്‍കെണിയില്‍ പെടുത്തുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട്. ചതിയിലൂടെയും പ്രണയത്തിലൂടെയും മറ്റും സൈനികരെ വശീകരിച്ച് രാജ്യത്തെ തന്ത്രപരമായ സൈനിക വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തുന്നു.
ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ തടയുന്നത് ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ആവിഷ്ക്കരിച്ചിരിക്കുന്നത്. സൈന്യത്തിന്‍റെ സൈബര്‍ സുരക്ഷാ വിഭാഗമാണ് എംഷീല്‍ഡ്2.0 വികസിപ്പിച്ചിട്ടുള്ളത്. സൈനികരുടെ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിക്കാനുള്ള സംവിധാനമാണ് ഇത്. യാതൊരു വിധത്തിലും രാജ്യത്തെ ബാധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ബോധപൂര്‍വമോ അബദ്ധത്തിലോ പങ്കുവയ്ക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ നിരീക്ഷണ സംവിധാനം.
നിര്‍ദ്ദിഷ്‌ട വ്യക്തികള്‍ക്ക് മാത്രമേ ഈ ആപ്പ് ലഭ്യമാകൂ. സംശയകരമായ ആളുകളുമായി സൈനികര്‍ എന്തെങ്കിലും ഇടപാടുകള്‍ നടത്തിയാല്‍ അവര്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കും. പെണ്‍കെണികളിലെ ഫോണ്‍കോളുകളെ സൂചിപ്പിക്കുന്ന പിഐഓ കോളുകള്‍ തിരിച്ചറിയാനും ഇതിലൂടെ കഴിയും. ഉടന്‍ തന്നെ നടപടികള്‍ എടുക്കാനും സാധിക്കുന്നു. സ്വകാര്യത മാനിച്ച് കൊണ്ട് തന്നെയാകും ഇത് പ്രവര്‍ത്തിക്കുക. ഒപ്പം സുരക്ഷയും ഉറപ്പാക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇതിന്‍റെ പ്രവര്‍ത്തനം തുടങ്ങിയ ശേഷം ഇതുവരെ ഇത്തരം സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇതൊരു ഡിജിറ്റല്‍ കാവല്‍ നായ ആയി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ പ്രവര്‍ത്തനങ്ങള്‍, ഭാവിയിലെ ലക്ഷ്യങ്ങള്‍
റോമിയോ ഫോഴ്‌സ് ആണ് നിലവില്‍ ഈ ആപ്പ് ഉപയോഗിക്കുന്നത്. ഉയര്‍ന്ന വെല്ലുവിളികളുള്ള മേഖലകളില്‍ വിന്യസിച്ചിരിക്കുന്ന സൈനിക യൂണിറ്റാണ് റോമിയോ ഫോഴ്‌സ്. ക്യാപ്റ്റന്‍ ശിവാനി തിവാരിയുടെ മേല്‍നോട്ടത്തിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. മുഴുവന്‍ സൈന്യത്തിനും എത്രയും പെട്ടെന്ന് ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ സാങ്കേതികത നമ്മുടെ സൈനികരെയും ദേശ സുരക്ഷയെയും സംരക്ഷിക്കുമെന്നും സൈനികന്‍ പ്രതീക്ഷ പങ്കുവച്ചു.
എം ഷീല്‍ഡ് 2.0 പുറത്ത് നിന്നുള്ള ഭീഷണികള്‍ തടയുക മാത്രമല്ല നമ്മുടെ സൈനികരെ ഡിജിറ്റലും ശ്രദ്ധയുള്ളവരാക്കി മാറ്റാനുള്ള അവബോധവും സൃഷ്‌ടിക്കും.