ന്യൂഡൽഹി: അടുത്ത സാമ്പത്തികവർഷം രാജ്യത്തെ മൂലധനച്ചെലവ് 11.1 ശതമാനം വർധിപ്പിച്ച് 11.11 ലക്ഷം കോടി രൂപയാക്കുമെന്ന് ഇടക്കാല ബജറ്റില്‍ പ്രഖ്യാപനം. തുടർച്ചയായ നാലാം വർഷമാണ് മൂലധനച്ചെലവ് വർധിപ്പിക്കുന്നത്. ജിഡിപിയുടെ 3.4 % ആണ് നിലവില്‍ പ്രഖ്യാപിച്ച വർധനവ്.
2023-24 ബജറ്റിൽ മൂലധന ചെലവ് വിഹിതം 33 ശതമാനം വർധിപ്പിച്ച് 10 ലക്ഷം കോടി രൂപയാക്കാൻ തീരുമാനിച്ചിരുന്നു. അന്നത് ജിഡിപിയുടെ 3.3 ശതമാനമായിരുന്നു. ജിഡിപി ആനുപാതികമായി മൂലധന ചെലവ് ഉയർത്തുന്നതോടെ വളർച്ചാ സാധ്യതയും തൊഴിലവസരങ്ങളും, നിക്ഷേപങ്ങളും വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വരും വർഷം അടിസ്ഥാന സൗകര്യവികസനത്തിന് കണക്കാക്കുന്ന ചെലവ് ജിഡിപിയുടെ 3.4% ആയിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
സർക്കാർ എണ്ണിപ്പറഞ്ഞ ബജറ്റ്:കഴിഞ്ഞ പത്ത് വർഷത്തെ ബിജെപി സർക്കാരിന്‍റെ പ്രവർത്തനങ്ങളാണ് ധനമന്ത്രി ഇടക്കാല ബജറ്റില്‍ എടുത്തുകാട്ടിയത്. വമ്പൻ പ്രഖ്യാപനങ്ങളില്ലാതെ നികുതി നിരക്കില്‍ മാറ്റങ്ങൾ പ്രഖ്യാപിക്കാതെയും അടുത്ത അഞ്ച് വർഷം രണ്ട് കോടി വീടുകൾ പ്രഖ്യാപിച്ചും ഒരു മണിക്കൂറില്‍ ധനമന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിച്ചു. ആദായ നികുതി പരിധിയിലും ഒരു മാറ്റവും വരുത്താന്‍ ധനമന്ത്രി തയ്യാറായില്ല. പഴയ സ്‌കീമിലും പുതിയ സ്‌കീമിലും നിലവിലെ നികുതി സ്ലാബുകള്‍ തന്നെ തുടരുമെന്നും മന്ത്രി പറഞ്ഞു.