ന്യൂഡല്‍ഹി :രാജ്യതലസ്ഥാനത്തേക്കുള്ള കർഷകരുടെ 'ഡൽഹി ചലോ' പ്രതിഷേധ മാർച്ചിനിടെ ഒരു കർഷകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഭട്ടിൻഡയിലെ ബെല്ലോയിൽ നിന്നുള്ള യുവ കർഷകൻ ശുഭകരൻ സിങ്ങ് (20) മരിച്ചതായാണ് കർഷക സംഘടനകൾ പുറത്തുവിട്ട വിവരം (Young Farmer Has Died During Delhi Chalo March).
പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയൻ ഏകതാ മൽവാ വൈസ് പ്രസിഡന്‍റ് ഗുർവീന്ദർ സിങ്ങ് യുവ കർഷകന്‍റെ മരണവാർത്ത സ്ഥിരീകരിച്ചു. അതേസമയം പോലീസിന്‍റെ സ്ഥിരീകരണം വന്നിട്ടില്ല.
Also Read: ഇരമ്പുന്ന കര്‍ഷക രോഷം; 'ഡൽഹി ചലോ' മാർച്ചുമായി മുന്നോട്ട്, കണ്ണീർ വാതകം പ്രയോഗിച്ച് പൊലീസ്
പഞ്ചാബിലെ ഖനുവാരി അതിർത്തിയിൽ പൊലീസ് നടത്തിയ കണ്ണീർ വാതക ഷെൽ പ്രയോഗത്തിനിടെ തലയ്ക്ക് ക്ഷതമേറ്റാണ് ശുഭകരൻ സിങ്ങ് മരിച്ചതെന്നാണ് ആരോപണം. മൂന്ന് ഏക്കർ ഭൂമി മാത്രമുള്ള ഈ യുവ കർഷകൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമരത്തിൻ്റെ ഭാഗമായിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ അകാലിദൾ:ശുഭകരൻ സിങ്ങ് മരിച്ച സംഭവം ദൗർഭാഗ്യകരമാണെന്നും മരണത്തിന് ഉത്തരവാദി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ്ങ് മാൻ ആണെന്നും ശിരോമണി അകാലിദൾ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ചതിയും വഞ്ചനയും മൂലമാണ് യുവ കർഷകൻ മരിച്ചതെന്നും പോലീസിന്‍റെയും മുഖ്യമന്ത്രിയുടെയും നുണക്കഥകൾ തുറന്നുകാട്ടപ്പെട്ടതായും ശിരോമണി അകാലിദൾ (എസ്എഡി) ജനറൽ സെക്രട്ടറി ബിക്രം സിങ്ങ് മജിതിയ ആരോപിച്ചു.
ഹരിയാന പോലീസ് നടപടിക്കെതിരെ ആദ്യ ദിവസം മുതൽ പഞ്ചാബ് സർക്കാർ നടപടിയെടുത്തിരുന്നെങ്കിൽ ഇന്ന് ഈ സംഭവം ഉണ്ടാകുമായിരുന്നില്ല. പഞ്ചാബിന്‍റെ മണ്ണില്‍ കര്‍ഷകരെ ഗുരുതരമായി പരിക്കേല്‍പ്പിച്ച ഹരിയാന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിൽ പഞ്ചാബ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും മജിതിയ കുറ്റപ്പെടുത്തി.
തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാന്‍ വേണ്ടി വോട്ട് ചെയ്‌ത കർഷകരെ പരാജയപ്പെടുത്തിയതിൽ മുഖ്യമന്ത്രി സ്വയം ലജ്ജിക്കേണ്ടതുണ്ട്. അദ്ദേഹം കർഷകരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നു. അകാലിദൾ എല്ലായ്‌പ്പോഴും കർഷകരെ പിന്തുണച്ചിട്ടുണ്ട്, അത് തുടരുമെന്നും തന്‍റെ എക്‌സ് പോസ്‌റ്റിൽ മജീതിയ കൂട്ടിച്ചേർത്തു.
ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന് കേന്ദ്രമന്ത്രി:ദേശീയ തലസ്ഥാനത്ത് സമരം കടുപ്പിച്ച കര്‍ഷകരോടും കര്‍ഷക സംഘടനകളോടും സമാധാനം നിലനിര്‍ത്താന്‍ അഭ്യര്‍ഥിച്ച് കേന്ദ്ര കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട രംഗത്തെത്തി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമാധാനപരമായി നടപടികള്‍ സ്വീകരിക്കും. കര്‍ഷകരും സര്‍ക്കാരും ഒന്നിച്ച് വേണം ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനെന്നും അദ്ദേഹം പറഞ്ഞു (Union Agriculture Minister Arjun Munda).
'സമാധാനം നിലനിര്‍ത്താന്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട കര്‍ഷകരോടും കര്‍ഷക സംഘടനകളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. ചര്‍ച്ചകളില്‍ നിന്നും പരിഹാരത്തിലേക്ക് എത്തേണ്ടതുണ്ട്. നമുക്കെല്ലാവര്‍ക്കും സമാധാനം വേണം. അതുകൊണ്ട് നമ്മള്‍ ഒരുമിച്ച് വേണം ഈ പ്രശ്‌നത്തിന് പരിഹാരം കാണാനെന്നും' മന്ത്രി പറഞ്ഞു.
'സര്‍ക്കാരിന്‍റെ ഭാഗം ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ ചര്‍ച്ചകളിലെടുത്ത തീരുമാനത്തില്‍ കര്‍ഷകര്‍ തൃപ്‌തരല്ലെന്ന് ഞങ്ങള്‍ക്ക് മനസിലായി. എന്നാല്‍ ചര്‍ച്ച ഇനിയും തുടരേണ്ടതുണ്ട്. സമാധാനപരമായി വേണം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനെന്നും' മന്ത്രി കൂട്ടിച്ചേര്‍ത്തു (Farmers Protest In Delhi).
'ഇതുമായി ബന്ധപ്പെട്ട കര്‍ഷകരുടെ നല്ല അഭിപ്രായങ്ങളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. അഭിപ്രായങ്ങള്‍ പ്രായോഗികമാക്കുന്നതിന് ഒരേയൊരു മാര്‍ഗം സംഭാഷണമാണ്. അതിലൂടെ തീര്‍ച്ചയായും ഒരു പരിഹാരം കാണാനാകും'. വിളകള്‍ക്ക് മിനിമം താങ്ങുവില (Minimum Support Price) നിശ്ചയിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍ നിരസിച്ചെന്നും മന്ത്രി വ്യക്തമാക്കി.
കർശന നടപടിയ്‌ക്കൊരുങ്ങി പൊലീസ്: ഹൈഡ്രോളിക് ക്രെയിൻ ഉൾപ്പടെ വിപുലമായ സജ്ജീകരണങ്ങളാണ് കർഷകർ പൊലീസിന്‍റെ നിയന്ത്രണങ്ങൾ മറികടക്കാൻ അതിർത്തിയിൽ എത്തിച്ചിരിക്കുന്നത്. ഘനോര്‍, കുരുക്ഷേത്ര അതിര്‍ത്തികളിലും കര്‍ഷകര്‍ തമ്പടിക്കുന്നുണ്ട്. അവിടെയും ഇത്തരത്തിലുള്ള മാര്‍ച്ച് തുടങ്ങാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
അതേസമയം ഡല്‍ഹി അതിര്‍ത്തിയിലടക്കം സുരക്ഷ ശക്തമാക്കി വലിയ തോതിലുള്ള സേന വിന്യാസമാണ് കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. കർഷകർ ഇപ്പോഴും ദേശീയ തലസ്ഥാനത്ത് നിന്ന് 200 കിലോമീറ്ററിലധികം അകലെയാണെങ്കിലും, കനത്ത ബാരിക്കേഡുകളുള്ള അതിര്‍ത്തികൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഡൽഹി പൊലീസ് സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം സമരമുഖത്തുനിന്നും പിന്നോട്ടില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍.
നാലാമത്തെ ചർച്ചയും ലക്ഷ്യം കാണാതെ പിരിഞ്ഞതോടെയാണ് കർഷകർ വീണ്ടും ഡൽഹി ചലോ മാർച്ചിന് തയ്യാറായത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഡൽഹിയിൽ തങ്ങളെ സമാധാനപരമായി പ്രതിഷേധിക്കാൻ അനുവദിക്കുക എന്ന ആവശ്യമാണ് കർഷകർ മുന്നോട്ട് വച്ചിരിക്കുന്നത്.
എന്നാല്‍ കർഷക മുന്നേറ്റത്തെ ഏതുവിധേനയും നേരിടാൻ പൊലീസും വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കർഷകരുടെ മുന്നേറ്റത്തെ തടയാൻ റോഡിൽ ഇതിനോടകം കോൺക്രീറ്റ് ബാരിക്കേടുകളും മുൾവേലികളും നിരത്തിയിട്ടുണ്ട്. എന്നാല്‍ പൊലീസ് ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടുള്ള പ്രക്ഷോഭ പരിപാടിയിലേക്ക് കർഷകർ കടക്കാനാണ് സാധ്യത.