ന്യൂഡല്‍ഹി: സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപകരും ജീവനക്കാരും ആകാനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യുജിസി. പുത്തന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ പുറത്തിറക്കി.
അക്കാദമിക മേഖലയ്ക്ക് പുറത്ത് നിന്നുള്ളവര്‍ക്കും ഇനി മുതല്‍ സര്‍വകലാശാല വൈസ്‌ചാന്‍സലറാകാമെന്ന് പുതിയ കരടില്‍ പറയുന്നു. പൊതുരംഗത്തോ വ്യവസായ രംഗത്തോ ഉള്ളരെ വിസിയാക്കാമെന്നും കരടില്‍ പറയുന്നു. നിലവില്‍ വിസി -പ്രൊ വിസി നിയമനത്തിന് അക്കാദമിക് രംഗത്തുള്ളവരെയാണ് പരിഗണിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിസി നിയമനത്തിനുള്ള പൂര്‍ണ അധികാരം ചാന്‍സലര്‍ക്ക് നല്‍കുന്നതിനും കരട് വ്യവസ്ഥ ചെയ്യുന്നു. അതായത് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരാകും ഇനി മുതല്‍ വിസിമാരെ നിയമിക്കുക.
പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ പുത്തന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. . വിസിമാരെ കണ്ടെത്താനുള്ള സെലക്ഷന്‍ കമ്മിറ്റിയിലെ അംഗങ്ങളുടെ പ്രായപരിധി, കമ്മിറ്റിയുടെ കാലാവധി, പുനര്‍നിയമനത്തിനുള്ള യോഗ്യത, ആര്‍ക്കൊക്കെ സെര്‍ച്ച് കമ്മിറ്റിയില്‍ അംഗങ്ങളാകാം എന്നിവ സംബന്ധിച്ചുള്ള നിബന്ധനകളും പുതിയ കരടില്‍ ഉണ്ട്.
കേന്ദ്ര-സംസ്ഥാന-സ്വകാര്യ-കല്‍പ്പിത സര്‍വകലാശാലകള്‍ക്ക് പുതിയ ചട്ടങ്ങള്‍ ബാധകമായിരിക്കും. ഇത് സര്‍വകലാശാല നിയമനങ്ങള്‍ കൂടുതല്‍ എളുപ്പമുള്ളതാക്കുമെന്ന് യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ പറഞ്ഞു. പുതുക്കിയ ചട്ടപ്രകാരം ബിരുദ-ബിരുദാനന്തരതലങ്ങളില്‍ വ്യത്യസ്‌ത വിഷയങ്ങള്‍ പഠിച്ചവര്‍ക്കും ഒരു വിഷയത്തിലെ അവരുടെ അവഗാഹത്തിന്‍റെ അടിസ്ഥാനത്തില്‍ അധ്യാപകരാകാനും അവസരമുണ്ടാകും.