തിരൂർ: മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രസിദ്ധമായ തിരൂർ വെട്ടത്ത് പുതിയങ്ങാടി യാഹൂം തങ്ങളുടെ ആണ്ടുനേർച്ചയുടെ അവസാന നാളിലാണ് അനിഷ്‌ട സംഭവം ഉണ്ടായത്. എല്ലാ വര്‍ഷവും പരമ്പരാഗത രീതിയില്‍ ആചാരങ്ങളോടെയാണ് ആണ്ടു നേര്‍ച്ച നടത്താറുള്ളത്. പുതിയങ്ങാടി മാർക്കറ്റിൽനിന്ന് അരി വരവോടെ ആണ്ട് നേര്‍ച്ചയുടെ ചടങ്ങുകൾ ആരംഭിക്കുന്നതാണ് പതിവ്. ഇങ്ങിനെ എത്തിക്കുന്ന അരി കൊണ്ടുണ്ടാക്കിയ കഞ്ഞി വിശ്വാസികൾക്കു വിതരണം ചെയ്യും.
വൈകിട്ട് ജാറത്തിൽനിന്ന് ഭാരവാഹികൾ തിരൂർ പൊലീസ് സ്റ്റേഷനിലെത്തും. വരവുകാരെത്തിച്ച മുളയിൽ കൊടിയേറ്റത്തിനുള്ള മുള കെട്ടി നൽകുക പൊലീസ് ഉദ്യേഗസ്ഥരാണ്. ചീനിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ചടങ്ങിന് ശേഷം ആനകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയിൽ കൊടിയുമായി ഘോഷയാത്ര ആലത്തിയൂർ പൂഴികുന്ന് വരെ പോയി തിരിച്ച് ജാറം മൈതാനത്തിലെത്തും.
പിന്നീട് പ്രാർഥനയ്ക്ക് ശേഷം കൊടിയേറ്റമായി. രാത്രിയില്‍ വിവിധ ദേശങ്ങളിൽനിന്ന് ജാറത്തിലേക്ക് പെട്ടിവരവുകൾ എത്തും. മൂന്നാം ദിവസം പുലർച്ചെ വാക്കാട്ടു നിന്നുള്ള ചാപ്പക്കാരുടെ വരവിനു ശേഷം കമ്പം കത്തിക്കുന്നതോടെ നേർച്ച സമാപിക്കുന്നതാണ് പതിവ്. ഗജവീരന്മാരുടെ അകമ്പടിയോടെ പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്നും ആരംഭിച്ച കൊടിയേറ്റ വരവ് ജാറത്തിലെത്തുന്നതോടെയാണ് കൊടിയേറ്റം. ജാതിമത ഭേദമന്യേ പതിനായിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന നേര്‍ച്ച മതേതരത്വത്തിന്‍റെ നേര്‍ച്ചിത്രമായാണ് വിശേഷിപ്പിക്കപ്പെട്ടു പോന്നത്.
ചോര പൊടിയുന്ന ആഘോഷവേദികള്‍
ഇത്തവണ നേര്‍ച്ചയുടെ ഭാഗമായുള്ള ഉത്സവത്തിനും മറ്റുമായി 10 ആനകളെ എത്തിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. താഴേപ്പാലം ബൈപാസില്‍ തളച്ച 10 ആനകളെ കാണാന്‍ ആനപ്രേമികളും നാട്ടുകാരും വലിയ തോതില്‍ എത്തിയിരുന്നു. കൊടിയേറ്റത്തിന് അഞ്ച് ആനകളെയാണ് അണിനിരത്തിയത്. ഘോഷയാത്രയുടെ മുന്‍നിരയിലും അഞ്ച് ആനകളുണ്ടായിരുന്നു.
ഘോഷയാത്ര കാണാന്‍ റോഡിനിരുവശത്തും ആളുകള്‍ തടിച്ചു കൂടിയിരുന്നു. പെട്ടി വരവുകള്‍ അവസാന ഘട്ടത്തിലെത്തിയ വേളയില്‍ ജാറം മൈതാനത്ത് അഞ്ച് ആനകളാണ് ഉണ്ടായിരുന്നത്. വലിയ കൊട്ടും പാട്ടും ബഹളവും നടക്കുന്നതിനിടെയാണ് പൊടുന്നനെ നെറ്റിപ്പട്ടം കെട്ടി മധ്യത്തില്‍ നിന്നിരുന്ന പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആന പ്രകോപിതനായി മുന്നോട്ട് നീങ്ങിയത്.
പോത്തന്നൂരിൽ നിന്ന് വന്ന വരവ് യാറത്തിനു മുന്നിലാണ് ആന ഇടഞ്ഞത്. രണ്ടു ചുവടു വക്കുന്നതിനു മുമ്പു തന്നെ ആന ആള്‍ക്കൂട്ടത്തിനടുത്തെത്തി. അത്രയും അടുത്തു വരെ ആളുകളുണ്ടായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. ആന ഇടഞ്ഞതോടെ പാപ്പാൻമാർ മറ്റു ആനകളെ പ്രദേശത്ത് നിന്ന് മാറ്റിയതോടെ വലിയ അപകടം ഒഴിവായി.
ഹൈക്കോടതിയുടെ ഇടപെടൽ
ആനയെഴുന്നള്ളത്തിന് കേരള ഹൈക്കോടതി മാര്‍ഗരേഖ പുറത്തിറക്കി രണ്ടു മാസം തികയുന്നതിനിടെയാണ് തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആന ഇടഞ്ഞ് ആളുകളെ ആക്രമിച്ചത്. നവംബര്‍ 14 ന് ഹൈക്കോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ ഏറ്റവും പ്രധാനം എഴുന്നളളത്തിന് ആനകളും ജനങ്ങളും തമ്മിൽ 8 മീറ്റർ ദൂരം ഉറപ്പാക്കണമെന്നതായിരുന്നു. രണ്ട് ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം വേണമെന്ന നിര്‍ദേശവും മാര്‍ഗരേഖയിലുണ്ട്.
ആനകള്‍ ഉത്സവപ്പറമ്പുകളില്‍ ഇടയുന്നത് കണക്കിലെടുത്ത് ആനകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും ഹൈക്കോടതി മുന്നോട്ടു വച്ചിരുന്നു. ആനകളെ യാത്ര ചെയ്യിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രണ്ട് എഴുന്നള്ളത്തുകൾക്കിടയിൽ മതിയായ വിശ്രമം ആനകൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം, പത്തു മിനിറ്റിലധികം ആനകളെ വെയിലത്ത് നിർത്തരുത്, എഴുന്നള്ളിക്കുന്ന ആനകളെ പരിശോധിച്ച് സർട്ടിഫിക്കറ്റ് നല്‍കേണ്ടത് സർക്കാർ വെറ്റിനറി ഡോക്‌ടർമാരാകണം, എഴുന്നള്ളത്തിന് 10 ദിവസം മുൻപും എഴുന്നള്ളത്ത് കഴിഞ്ഞ് അഞ്ചുദിവസത്തിന് ശേഷവും ആനകളെ എവിടെയൊക്കെ കൊണ്ടുപോയെന്നതിനുള്ള യാത്രാരേഖകൾ പരിശോധിക്കണം, രാവിലെ ഒൻപതു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുത്, ഈ സമയത്ത് ആനയെ ലോറിയിൽ കയറ്റി കൊണ്ടുപോകാന്‍ പാടില്ല തുടങ്ങി ശ്രദ്ധേയമായ നിരവധി നിര്‍ദേശങ്ങളായിരുന്നു ഹൈക്കോടതി മുന്നോട്ടു വെച്ചത്.
എന്നു പഠിക്കും ?
എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സംസ്ഥാനത്ത് ഉയര്‍ന്നത്. ഹൈക്കോടതി മാര്‍ഗ നിര്‍ദേശത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ അനുകൂല വിധിയും സമ്പാദിച്ചിരുന്നു. ഹൈക്കോടതിയുടെ നിയന്ത്രണങ്ങള്‍ പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്ന നിരീക്ഷണത്തോടെയാണ് 2012 ലെ ചട്ടങ്ങളനുസരിച്ച് ആനയെഴുന്നള്ളത്ത് നടത്താമെന്ന് ഡിസംബര്‍ 19 ന് സുപ്രീം കോടതി ഉത്തരവ് നല്‍കിയത്.
Also Read:പുതിയങ്ങാടി നേർച്ചയ്ക്കിടെ ആനയിടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു, 17 പേര്‍ക്ക് പരിക്ക്