ന്യൂഡൽഹി: എഐ പോലുള്ള നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വരും വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രക്രിയകളെ പരിവര്‍ത്തനം ചെയ്യുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. ഇതില്‍ വരാൻ സാധ്യതയുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്യുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് ബോഡികളുടെ (ഇഎംബി) ദ്വിദിന അന്താരാഷ്‌ട്ര സമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ), സൈബർ സുരക്ഷ എന്നിവയിലെ പുരോഗതിയിലൂടെ വരും വർഷങ്ങളിലെ തെരഞ്ഞെടുപ്പുകൾ പുനർരൂപകൽപ്പന ചെയ്യും.
കാര്യക്ഷമത, സുതാര്യത, വോട്ടർമാരുടെ ആത്മവിശ്വാസം എന്നിവ വർദ്ധിപ്പിക്കുന്നതിൽ സാങ്കേതിക വിദ്യയുടെയും ഡിജിറ്റൽ നവീകരണങ്ങളുടെയും പങ്ക് വലുതാണ്. അപകട സാധ്യതകൾ ലഘൂകരിക്കുന്നതിന് സാങ്കേതിക വെല്ലുവിളികള്‍ നേരിടാനുള്ള തന്ത്രങ്ങൾ കാര്യക്ഷമമാക്കണമെന്നും രാജീവ് കുമാര്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എഐ അധിഷ്‌ഠിത നടപടിക്രമങ്ങള്‍, ഓൺലൈൻ ആന്‍ഡ് റിമോട്ട് വോട്ടിങ്, ബയോമെട്രിക് ഒതന്‍റിക്കേഷന്‍, ആഗോള സഹകരണം എന്നിവയുൾപ്പെടെ തെരഞ്ഞെടുപ്പുകളുടെ ഭാവി രൂപപ്പെടുത്തുന്ന പ്രധാന കാര്യങ്ങളും രാജീവ് കുമാർ വിശദീകരിച്ചു. തെരഞ്ഞെടുപ്പുകൾ കൂടുതൽ സുതാര്യവും ആക്‌സസ് ചെയ്യാവുന്നതുമാക്കുന്നതിനുള്ള സാങ്കേതിക പുരോഗതി പര്യവേക്ഷണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
വെല്ലുവിളികളും സങ്കീർണ്ണതകളും നേരിടുമ്പോൾ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് ബോഡികളുടെ കഴിവ് തെളിയിക്കപ്പെട്ട ഒരു നിർണായക വർഷമായിരുന്നു 2024 എന്നും രാജീവ് കുമാര്‍ ചൂണ്ടിക്കാട്ടി.
ഭൂട്ടാൻ, ജോർജിയ, നമീബിയ, ഉസ്ബെക്കിസ്ഥാൻ, ശ്രീലങ്ക, ഇന്തോനേഷ്യ, കസാക്കിസ്ഥാൻ, അയർലൻഡ്, മൗറീഷ്യസ്, ഫിലിപ്പീൻസ്, റഷ്യൻ ഫെഡറേഷൻ, ടുണീഷ്യ, നേപ്പാൾ എന്നിവയുൾപ്പെടെ 13 രാജ്യങ്ങളിൽ നിന്നുള്ള 30 ഇഎംബി പ്രതിനിധികളും അന്താരാഷ്‌ട്ര സംഘടനകളും സമ്മേളനത്തിൽ പങ്കെടുത്തു.