തിരുവനന്തപുരം : മിമിക്രി വേദിയിലും വയനാട് ദുരന്തം പ്രമേയമായി. ഹൈസ്‌കൂൾ വിഭാഗത്തിൽ മത്സരിച്ച ഇഷ മെഹറിന്‍റെ പ്രകടനം പ്രേക്ഷക ശ്രദ്ധയാകർഷിച്ചതും ഇതേ കാരണത്തിലായിരുന്നു. മലപ്പുറം ജില്ലയിലെ പിപിഎംഎച്ച്എസ്എസ് കൊട്ടുക്കര സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ഇഷ മെഹറിൻ ദുരന്തത്തിന്‍റെ ഭീകരതയും അതിജീവനവുമാണ് ശബ്‌ദമായി പ്രേക്ഷകരിൽ എത്തിച്ചത്.
ഉരുൾപൊട്ടൽ, ഭൂകമ്പം ഉൾപ്പടെയുളള പ്രകൃതി ദുരന്തങ്ങളുടെ ലക്ഷണങ്ങൾ നേരെത്തെയറിയാനുളള പക്ഷിമൃഗാദികളുടെ കഴിവ് അപാരമാണ്. ഇത്തരത്തിൽ ദുരന്തത്തിന്‍റെ മണിക്കൂറുകൾക്ക് മുമ്പ് പക്ഷിമൃഗാദികൾ പുറപ്പെടുവിച്ച ശബ്‌ദമായിരുന്നു ഇഷ ആദ്യം അവതരിപ്പിച്ചത്. ആടും കോഴിയും പട്ടിയുമുൾപ്പടെയുള്ള വളർത്തുജീവികൾ ദുരന്തത്തിന് തൊട്ട് മുമ്പ് പുറപ്പെടുവിച്ച ശബ്‌ദങ്ങൾ ഇഷ അവതരിപ്പിച്ചു.
ദുരന്ത ഭൂമിയിൽ വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടതിനാൽ അത്യാവശ്യമായി വന്ന ജനറേറ്റിന്‍റെ ശബ്‌ദവും കലോത്സവ വേദിയിൽ മുഴങ്ങി. കേരളം കണ്ട ഏറ്റവും വലിയ ദുരിതാശ്വാസ പ്രവർത്തനത്തിന് കൂടിയാണ് വയനാട് സാക്ഷിയായത്. ദുരന്ത ഭൂമിയിൽ വട്ടമിട്ട് പറന്ന സേന ഹെലികോപ്‌ടറുകളുടെ ശബ്‌ദവും ഇഷ പ്രേക്ഷകരിലെത്തിച്ചു.
മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രിയിലെത്തിക്കുന്നതിനായി സൈറൺ മുഴക്കി ചീറിപ്പാഞ്ഞ ആംബുലൻസുകളുടെ ശബ്‌ദമായിരുന്നു ദുരന്ത ഭൂമിയിൽ ആദ്യം മുഴുങ്ങിയത്. ആംബുലൻസിന്‍റെ ശബ്‌ദത്തിൽ നിന്നും ജെസിബിയുടെ ശബ്‌ദത്തിലേക്കായിരുന്നു ഇഷ മെഹറിൻ പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉരുൾപൊട്ടിയൊഴുകിയെത്തിയ പാറക്കല്ലുകളും മൺകൂനകളും നീക്കം ചെയ്യുന്നതിനായി ആദ്യമായി ജെസിബി ദുരന്ത ഭൂമിയിലെത്തിയത് തന്നെ അന്ന് വാർത്തയായിരുന്നു. ദുരിതാശ്വാസ ക്യാമ്പിലെ കൊതുകുകളുടെ ശബ്‌ദം മുതൽ പിഞ്ചുകുട്ടികളുടെ കരച്ചിൽ വരെ ശബദാനുകരണത്തിന്‍റെ മാറ്റ് കൂട്ടി.
ദുരിതാശ്വാസ ക്യാമ്പിലെ താരാട്ട് പാട്ടും വിഛേദിക്കപ്പെട്ട വൈദ്യതിബന്ധം പുനഃസ്ഥാപിച്ചതുമെല്ലാം ദുരന്ത മുഖത്തെ പ്രതീക്ഷകളുടെ ശബ്‌ദമായി മുഴങ്ങിയതും ഇഷ അവതരിപ്പിച്ചത് കാണികൾ ഹർഷാരവത്തോടെ ഏറ്റെടുത്തു. ബറോസ് കൊടക്കാടൻ റംല ദമ്പതികളുടെ മകളായ ഇഷ മെഹറിന്‍റെ വിജയത്തിന് പിന്നിൽ മാതാപിതാക്കൾ തന്നെയാണെന്ന് ഇഷ പറയുന്നു. അതേസമയം 63-ാമത് സംസ്ഥാന കലോത്സവം തന്നെ വയനാട്ടിലെ ദുരന്ത ബാധിതരോടുള്ള ഐക്യദാർഢ്യമാക്കി മാറ്റാൻ, കൗമാര പ്രതിഭകൾ പ്രത്യേകം ശ്രദ്ധിച്ചത് അവരുടെ സാമൂഹ്യ പ്രതിബദ്ധത കൂടിയാണ് തെളിയിക്കുന്നത്.
Also Read: പാഠക മത്സരത്തിൽ മികച്ച പ്രകടനവുമായി തൃശൂർ സ്വദേശി നവനീത്; വ്യത്യസ്‌തമായ ഈ കലാരൂപത്തെ കുറിച്ചറിയാം