ഓസ്‌കറില്‍ ഇന്ത്യയ്‌ക്ക് പ്രതീക്ഷയായി 'ആടുജീവിതം'. 97-ാമത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ ബ്ലെസ്സിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി എത്തിയ 'ആടുജീവിതം' തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രത്തിനായുള്ള ജനറല്‍ വിഭാഗത്തിലാണ് 'ആടുജീവിതം' തിരഞ്ഞെടുക്കപ്പെട്ടത്.
ഫോറിന്‍ സിനിമ വിഭാഗത്തിലായാണ് സാധാരണയായി ഇന്ത്യയില്‍ നിന്നടക്കമുള്ള ചിത്രങ്ങള്‍ പരിഗണിക്കാറുള്ളത്. എന്നാല്‍ മികച്ച ചിത്രമെന്ന ജനറല്‍ വിഭാഗത്തിലെ പ്രാഥമിക റൗണ്ടിലേയ്‌ക്ക് ബ്ലെസ്സിയുടെ 'ആടുജീവിതം' തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
അതേസമയം 'ആടുജീവിത'ത്തിന്‍റെ ഒറിജിനല്‍ സ്‌കോര്‍, ഇസ്‌തിഗ്‌ഫര്‍, പുതുമഴ എന്നീ ഗാനങ്ങളുമാണ് ഓസ്‌കര്‍ പ്രാഥമിക പട്ടികയില്‍ ഇടംനേടിയെങ്കിലും ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കാനായില്ല.
89 ഗാനങ്ങളും 146 സ്‌കോറുകളുമാണ് മികച്ച ഒറിജിനല്‍ ഗാനത്തിനും മികച്ച ഒറിജിനല്‍ സ്‌കോറിനുമുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന്‍റെ പ്രാഥമിക പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 15 ഗാനങ്ങളും 20 ഒറിജിനല്‍ സ്‌കോറുകളുമാണ് ചുരുക്കപട്ടികയില്‍ ഇടംപിടിച്ചത്.
എആര്‍ റഹ്‌മാന്‍ ആണ് 'ആടുജീവിത'ത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷം എആര്‍ റഹ്‌മാന്‍ മലയാള സിനിമയിലേയ്‌ക്ക് തിരിച്ചുവന്ന ചിത്രം കൂടിയായിരുന്നു. സിനിമയിലെ ഗാനങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്‌തിരുന്നു.
'ആടുജീവിത'ത്തിന് പുറമെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്', സൂര്യയുടെ 'കങ്കുവ', 'ഗേൾസ് വിൽ ബി ഗേൾസ്', 'സന്തോഷ്', 'സ്വാതന്ത്ര്യ വീർ സവർക്കർ' എന്നീ ചിത്രങ്ങളും മികച്ച ചിത്രത്തിനായുള്ള ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേയ്‌ക്ക് ഇടംപിടിച്ചിട്ടുണ്ട്. അന്തിമ പട്ടികയില്‍ മത്സരിക്കുന്ന ഈ ചിത്രങ്ങളുടെ വോട്ടെടുപ്പ് 2025 ജനുവരി 8 മുതൽ ജനുവരി 12 വരെ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്.
ജനുവരി 17 ന് അന്തിമ നോമിനേഷനുകൾ പ്രഖ്യാപിക്കും. 2025 മാർച്ച് 2ന് ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ വച്ചാകും ഓസ്‌കാർ ചടങ്ങ് അരങ്ങേറുക.