മലപ്പുറം : യുഡിഎഫിലേക്കുള്ള പ്രവേശന സാധ്യത സജീവമാക്കി പിവി അൻവർ എംഎൽഎ. ഇന്ന് (ജനുവരി 07) പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്‌ച നടത്തി. തൻ്റെ അറസ്റ്റിനെ ശക്തമായി എതിർത്ത മുസ്ലീം ലീഗ് നേതാക്കൾക്ക് നേരിട്ട് നന്ദി അറിയിക്കാനായിരുന്നു സന്ദർശനം. പിവി അൻവറിൻ്റെ യുഡിഎഫിലേക്കുള്ള പ്രവേശനം സജീവമായ സമയത്താണ് സന്ദർശനമെന്നതും ശ്രദ്ധേയമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതിപക്ഷ നേതാവ് വിഡി സതീശനെ കാണുമെന്നും ഫോണിലുടെ അദ്ദേഹത്തോട് സംസാരിച്ചുവെന്നും പിവി അൻവർ പറഞ്ഞു. 2026ൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും വനം നിയമ ഭേദഗതി ബില്ലിന് എതിരെയുള്ള സമരം യുഡിഎഫ് ഏറ്റെടുക്കണമെന്നും ഇതിന്, പിന്നിൽ നിന്നും തൻ്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും വനം മന്ത്രിക്കുമെതിരെ രൂക്ഷവിമർശനവും പിവി അൻവർ നടത്തി.
നിലമ്പൂരിലെ ഒരു വിഭാഗം കോൺഗ്രസുകാർ പിവി അൻവറിൻ്റെ യുഡിഎഫ് പ്രവേശനത്തെ എതിർക്കുന്നുണ്ടെങ്കിലും അത് വലിയ കാര്യമായി എടുക്കാൻ യുഡിഎഫ് നേതൃത്വം തയാറാകില്ലെന്ന സൂചനയാണ് നൽകുന്നത്. 16 നിയമസഭ മണ്ഡലങ്ങളുള്ള മലപ്പുറം ജില്ലയിൽ യുഡിഎഫിന് പന്ത്രണ്ടും എൽഡിഎഫിന് നാലുമാണുള്ളത്. പിവി അൻവർ എൽഡിഎഫ് വിട്ടതോടെ ജില്ലയിൽ കൂടുതൽ സീറ്റുകൾ നേടാനാകുമെന്നാണ് യുഡിഎഫ് കണക്കാക്കുന്നത്.
Also Read: ആര്‍എസ്‌എസ്-പിണറായി നെക്‌സസ് ശക്തം, തെളിവുകള്‍ കയ്യിലുണ്ട്, സമയമാകുമ്പോള്‍ പുറത്തുവിടും: പിവി അൻവര്‍