ന്യൂഡല്‍ഹി: ടിബറ്റില്‍ തുടര്‍ച്ചയായുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി. 130 പേര്‍ക്ക് പരിക്കേറ്റു. റിക്‌ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂചലനത്തിന്‍റെ പ്രകമ്പനങ്ങള്‍ നേപ്പാള്‍ തലസ്ഥാനമായ കാഠ്‌മണ്ഡുവിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു.
സ്വയം ഭരണ പ്രദേശമായ ടിബറ്റ് മേഖലയില്‍ ചാങ്സുവോ, ക്വില്‍വോ, കുവോഗുവോ ടൗണ്‍ഷിപ്പുകളില്‍ നിന്നുള്ളവരാണ് മരിച്ചതെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്‌തു. നേപ്പാൾ അതിർത്തിക്കടുത്തുള്ള ഡിൻഗ്രി കൗണ്ടിയിലുണ്ടായ ഭൂചലനത്തില്‍ റിക്‌ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയതായി ചൈന ഭൂചലന നെറ്റ് വര്‍ക്ക് സെന്‍റര്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 200 കിലോമീറ്റർ ചുറ്റളവിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനമാണിത്.
ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം
ബിഹാർ, പശ്ചിമ ബംഗാൾ, സിക്കിം, ഡൽഹി-എൻസിആർ എന്നിവയുൾപ്പെടെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 28.86 ഡിഗ്രി വടക്കും രേഖാംശം 87.51 ഡിഗ്രി കിഴക്കും 10 കിലോമീറ്റർ ആഴത്തിലുമാണ് പ്രഭവകേന്ദ്രമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാവിലെ 7:02ന് 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം അക്ഷാംശം 28.60 ഡിഗ്രി വടക്കും രേഖാംശം 87.68 ഡിഗ്രി കിഴക്കും 10 കിലോമീറ്റർ ആഴത്തിലാണ്. മിനിറ്റുകൾക്ക് ശേഷം, രാവിലെ 7:07 ന്, അക്ഷാംശം 28.68 ഡിഗ്രി വടക്കും രേഖാംശം 87.54 ഡിഗ്രി കിഴക്കും 30 കിലോമീറ്റർ ആഴത്തിൽ 4.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും രേഖപ്പെടുത്തിയിട്ടുണ്ട്.
ബിഹാറിൻ്റെ ചില ഭാഗങ്ങളിൽ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. തലസ്ഥാനമായ പട്‌നക്ക് പുറമെ പൂർണിയ, മധുബാനി, ശിവഹാർ, സമസ്‌തിപൂർ, മുസാഫർപൂർ, മോത്തിഹാരി, സിവാൻ എന്നിവയുൾപ്പെടെ ബിഹാറിലെ പകുതിയിലധികം ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.