മലപ്പുറം: പെരിയ ഇരട്ടക്കൊലയില്‍ ശിക്ഷിക്കപ്പെട്ട നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്‌ത നടപടിയില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ശിക്ഷയില്‍ സ്റ്റേ കിട്ടിയതു കൊണ്ട് അവര്‍ കുറ്റവിമുക്തരാകില്ല. അപ്പീല്‍ കൊടുത്തത് കൊണ്ടുള്ള സ്വാഭാവിക നടപടി മാത്രമാണിത്.
കോടതിയുടെ അന്തിമവിധി വരുമ്പോള്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. കേസില്‍ തുടക്കം മുതല്‍ സിപിഎം പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അകാരണമായി രണ്ട് ജീവനുകളെ ഇല്ലാതാക്കിയവര്‍ക്കൊപ്പാണ് സിപിഎം നിലകൊണ്ടത്. കേസ് അന്വേഷിക്കാതിരിക്കാന്‍ ജനങ്ങളുടെ നികുതി പണം ചെലവഴിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ശിക്ഷ കിട്ടിയപ്പോള്‍ ജയിലില്‍ സൗകര്യമൊരുക്കാനും വീടുകളില്‍ പോയി ആശ്വസിപ്പിക്കാനും മുന്നില്‍ നില്‍ക്കുന്നതും സിപിഎമ്മുകാരുമാണ്. ഇത് കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയും സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് പിഎംഎ സലാം പറഞ്ഞു.
സിപിഎം നേതാവും മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. അഞ്ച് വർഷം തടവിനാണ് സിബിഐ കോടതി വിധി വന്നത്. ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഉദുമ മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ, പ്രാദേശിക സിപിഎം നേതാക്കളായ കെ മണികണ്‌ഠൻ, വെലുത്തോളി രാഘവൻ, കെവി ഭാസ്‌കരൻ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്‌തത്.
അതേസമയം വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് 100 കുടുംബങ്ങള്‍ക്ക് ലീഗ് വീട് നിര്‍മിച്ച് നല്‍കുമെന്നും വയനാട് ജില്ലയിലെ മേപ്പാടിയിലോ പരസരപ്രദേശത്തോ അനുയോജ്യമായ സ്ഥലം കണ്ടെത്തുമെന്നും പിഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞു.