ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തതില്‍ പ്രതികരിച്ച് നടി ഹണി റോസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്‌റ്റഡിയില്‍ എടുത്തത്. പ്രസ്‌തുത വിഷയത്തിൽ ഇടിവി ഭാരതിനോട് പ്രതികരിച്ചിരിക്കുകയാണ് ഹണി റോസ്.
വളരെയധികം ആശ്വാസം നൽകുന്ന വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത് എന്നാണ് ബോബി ചെമ്മണ്ണൂരിന്‍റെ കസ്‌റ്റഡി വാര്‍ത്തയോടുള്ള ഹണി റോസിന്‍റെ ആദ്യ പ്രതികരണം. ഭാരതത്തിന്‍റെ നീതിന്യായ വ്യവസ്ഥയിൽ അടിയുറച്ച് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും നടി വ്യക്‌തമാക്കി.
"ഭയങ്കര ഒരു ആശ്വാസമാണ് എനിക്ക് തോന്നുന്നത്. ഞാൻ നേരിട്ട അധിക്ഷേപങ്ങളെ കുറിച്ചുള്ള എന്‍റെ പോസ്‌റ്റുകളിലെല്ലാം ഞാന്‍ പറഞ്ഞിട്ടുണ്ട്, നമ്മുടെ സർക്കാരിലും പൊലീസ് സംവിധാനത്തിലും വളരെയധികം വിശ്വാസമുണ്ടെന്ന് പ്രതിപാദിച്ചിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിന്‍റെ ബഹുമാന്യ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനുമായി സംസാരിക്കാൻ അവസരം ലഭിച്ചു. ഞാന്‍ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് കൃത്യമായി അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഞാൻ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന് കൃത്യമായി മനസ്സിലാക്കാൻ സാധിച്ചു. ഈ വിഷയത്തിൽ വേണ്ട നടപടി ഉടൻ തന്നെ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എനിക്ക് ഉറപ്പു നൽകി," ഹണി റോസ് പറഞ്ഞു.
കേരള ഡിജിപി മനോജ് എബ്രഹാമിനെയും ഹണി റോസ് ഫോണിലൂടെ വിളിച്ച് സംസാരിച്ചിരുന്നു. ഇതിനെ കുറിച്ചും നടി വിശദീകരിച്ചു.
"എന്‍റെ പരാതി കൃത്യമായ അടിസ്ഥാനമുള്ളതാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. പൊലീസിൽ നൽകിയിട്ടുള്ള പരാതി ഞാൻ നേരിട്ട അധിക്ഷേപങ്ങളെ മാത്രം ഉദ്ദേശിച്ച് നൽകിയതല്ല. എന്‍റെ സഹപ്രവർത്തകർ സമാന രീതിയിലുള്ള പ്രശ്‌നങ്ങൾ ഇവിടെ നേരിടുന്നുണ്ട്. സമൂഹത്തിലെ പലതട്ടിലുമുള്ള സ്ത്രീകൾ ഞാൻ നേരിട്ടത് പോലുള്ള അധിക്ഷേപങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയരാകുന്നു. അവർക്കൊക്കെ വേണ്ടിയാണ് ഞാനിപ്പോൾ മുന്നോട്ടു വന്നിരിക്കുന്നത്," ഹണി റോസ് വ്യക്‌തമാക്കി.
താൻ ഉൾപ്പെടെ നിരവധി സ്ത്രീകളെ ബോബി ചെമ്മണ്ണൂർ സോഷ്യൽ മീഡിയയിലൂടെ സ്ഥിരമായി വ്യക്‌തിഹത്യയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്യുന്നതായും ഹണി റോസ് പറഞ്ഞു.
"അയാൾ എന്തെങ്കിലും പറയും, അത് ഏറ്റുപിടിക്കാൻ അയാളുടെ തന്നെ മനോനിലയുള്ള ചിലർ മുന്നോട്ടു വരുന്നു. ഇത്തരക്കാരുടെ നിരന്തരമായ സൈബർ അറ്റാക്ക് എന്നെ വളരെയധികം മാനസികമായി തളർത്തി. ഇതൊരു നിസ്സാര വിഷയമല്ല. ഇത്തരം പരാമർശങ്ങൾ നിർത്തണമെന്നും മേലിൽ ആവർത്തിക്കരുതെന്നും ബോബി ചെമ്മണ്ണൂറിനെ ഞാൻ അറിയിച്ചിരുന്നു", ഹണി റോസ് പറഞ്ഞു.
തന്നെ പരസ്യമായി അധിക്ഷേപം നടത്തിയ ശേഷം ഇദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രൊമോഷൻ പരിപാടികളിൽ താന്‍ പങ്കെടുത്തിട്ടില്ലെന്നും നടി വ്യക്‌തമാക്കി.
"ഇദ്ദേഹത്തിന്‍റെ പ്രൊമോഷന്‍ പരിപാടികളില്‍ ഞാന്‍ പങ്കെടുക്കാറില്ലെങ്കിലും, ഞാൻ പങ്കെടുക്കുന്ന ചില ചടങ്ങുകളിൽ ഇയാൾ അതിഥിയായി എത്താറുണ്ട്. ഇയാൾ ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്ന് അവസാന നിമിഷമായിരിക്കും ഞാൻ അറിയുക. ചടങ്ങിൽ പങ്കെടുത്ത ശേഷം സോഷ്യൽ മീഡിയയിൽ കയറിയിരുന്ന് പേരെടുത്ത് പറഞ്ഞുള്ള അധിക്ഷേപങ്ങളാണ് പിന്നീട്," നടി വ്യക്‌തമാക്കി.
ബോബി ചെമ്മണ്ണൂര്‍ ചാനലുകൾക്ക് നൽകുന്ന അഭിമുഖങ്ങളില്‍ അനാവശ്യങ്ങളാണ് തന്നെക്കുറിച്ച് വിളിച്ചു പറയുന്നതെന്നും ഹണി റോസ് പറഞ്ഞു.
"അടുത്തിടെ അയാൾ പങ്കെടുത്ത ഒരു അഭിമുഖത്തില്‍ എന്‍റെ പേരെടുത്ത് പറഞ്ഞ് ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തി. കൈകൾ കൊണ്ട് സഭ്യമല്ലാത്ത ആക്ഷനുകൾ കാണിച്ചു. ഇതിനൊക്കെ പുറമെ ഭയങ്കര മോശമായ അഭിപ്രായ പ്രകടനങ്ങളും എന്നെക്കുറിച്ച് അയാൾ നടത്തി. മേലാൽ എനിക്കെതിരെ അധിക്ഷേപങ്ങൾ നടത്തരുതെന്ന് നിർദ്ദേശം നൽകിയിട്ടും ഓരോ ദിവസവും ലൈംഗിക ചുവയുള്ള പരിഹാസങ്ങളും അധിക്ഷേപങ്ങളും ബോബി ചെമ്മണ്ണൂർ കൂടുതലാക്കുകയാണ് ചെയ്‌തത്. തനിക്ക് ഭയമില്ല എന്നുള്ള രീതിയിൽ അയാൾ ഈ പ്രവർത്തി തുടരുമ്പോൾ അത് ഞാനെന്ന വ്യക്‌തിയെ മാത്രം ഉദ്ദേശിച്ചല്ലെന്ന് ബോധ്യമായി. മൊത്തം സ്ത്രീ സമൂഹത്തോടുള്ള അയാളുടെ കാഴ്‌ച്ചപ്പാടാണ് ഇത്തരത്തിൽ വെളിപ്പെടുന്നത്,"ഹണി റോസ് വിശദീകരിച്ചു.
നമ്മുടെ സർക്കാരിനും നിയമ സംവിധാനത്തിനും എതിരെയുള്ള വെല്ലുവിളിയായാണ് ബോബി ചെമ്മണ്ണൂരിന്‍റെ പ്രവർത്തിയെ താൻ വിലയിരുത്തുന്നതെന്നും അതുകൊണ്ട് തന്നെയാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നും ഹണി റോസ് പറഞ്ഞു.
"അറസ്‌റ്റ് സംഭവിച്ചു എന്നറിഞ്ഞപ്പോൾ തന്നെ എനിക്കൊരു നീതി കിട്ടിയ പ്രതീതിയാണ്. സമൂഹത്തിൽ നിന്നും സർക്കാരില്‍ നിന്നും വലിയൊരു പിന്തുണ ലഭിച്ചത് പോലെ തോന്നുന്നു. ബോബി ചെമ്മണ്ണൂരിന്‍റെ അറസ്‌റ്റ് വലിയൊരു സന്ദേശമാണ് സമൂഹത്തിന് പകർന്നു നൽകുന്നത്. ഒരു അറസ്‌റ്റ് കൊണ്ട് അവസാനിച്ചു എന്നൊന്നും കരുതേണ്ട. തക്കതായ ശിക്ഷ ബോബി ചെമ്മണ്ണൂരിന് ലഭിക്കുന്നത് വരെ പോരാടാൻ തന്നെയാണ് തീരുമാനം," ഹണി റോസ് വ്യക്‌തമാക്കി.
ഹണി റോസിന് പിന്തുണയുമായി സിനിമ സംഘടനയായ ഫെഫ്‌കയും രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയായിരുന്നു ഫെഫ്‌കയുടെ പ്രതികരണം. ഹണി റോസ് തുടങ്ങിവച്ചത് ധീരമായ പോരാട്ടമാണെന്ന് ഫെഫ്‌ക. നടിയുടെ പോരാട്ടം ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന്‍റെ നാന്ദിയാണെന്നും ഫെഫ്‌ക ഫേസ്‌ബുക്കില്‍ കുറിച്ചു.
"ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തക ഹണിറോസ് തുടങ്ങിവച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് ഫെഫ്‌കയുടെ പിന്തുണ അറിയിക്കുന്നു. ഹണി റോസിന്‍റെ നിശ്ചയദാര്‍ഡ്യവും ഉറപ്പുള്ള നിലപാടും സൈബര്‍ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന്‍റെ നാന്ദിയായി ഞങ്ങള്‍ കാണുന്നു. ഹണി റോസിന് അഭിവാദ്യങ്ങള്‍," ഫെഫ്‌ക കുറിച്ചു.