കേരളം

kerala

ETV Bharat / bharat

മുന്‍ അഗ്നിവീറുകളെ മാടി വിളിച്ച് സേനകൾ; കാത്തിരിക്കുന്നത് നിരവധി ഇളവുകൾ - Ex Agniveers in different Forces

മുൻ അഗ്നിവീറുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ബിഎസ്എഫ്, സിഐഎസ്എഫ്, ആർപിഎഫ്, എസ്എസ്ബി, സിആർപിഎഫ് തുടങ്ങിയ വിവിധ സേന വിഭാഗങ്ങൾ.

EX AGNIVEER RECRUITMENT  CISF BSF SSB CRPF RPF  മുന്‍ അഗ്നിവീറുകള്‍ക്ക് ഇളവുകള്‍  സേന വിഭാഗങ്ങള്‍ മുന്‍ അഗ്നിവീര്‍
Agniveer recruitment process (ANI)

By ETV Bharat Kerala Team

Published : Jul 25, 2024, 9:08 AM IST

ന്യൂഡൽഹി :മുൻ അഗ്നിവീറുകളെ വിവിധ സേന വിഭാഗങ്ങളിലേക്ക് സ്വാഗതം ചെയ്‌ത് വകുപ്പ് മേധാവികള്‍. വിവിധ സുരക്ഷാ സേനയില്‍ അഗ്‌നി വീറുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു. ബിഎസ്എഫ്, സിഐഎസ്എഫ്, ആർപിഎഫ്, എസ്എസ്ബി, സിആർപിഎഫ് തുടങ്ങിയ സേന വിഭാഗങ്ങളിലെല്ലാം മുന്‍ അഗ്‌നിവീറുകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും. 10 ശതമാനം സംവരണം, പ്രായപരിധിയിലുള്ള ഇളവുകള്‍, ഫിസിക്കൽ എഫിഷ്യൻസി ടെസ്‌റ്റിലുള്ള ഇളവുകള്‍ എന്നിവയാണ് ഇവര്‍ക്ക് ലഭിക്കുക.

സിആര്‍പിഎഫ് ഡിജി അനീഷ്‌ ദയാല്‍ (ANI)

സിആർപിഎഫ്

മുൻ അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും സിആർപിഎഫ് ഒരുക്കിയിട്ടുണ്ടെന്ന് സിആർപിഎഫ് ഡയറക്‌ടർ ജനറൽ അനീഷ് ദയാൽ സിങ് പറഞ്ഞു. 'മുൻ അഗ്നിവീറുകളെ സിആർപിഎഫിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്‌തിട്ടുണ്ട്. ഇവരെ സിആർപിഎഫിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സംവരണവും പ്രായ പരിധിയും സംബന്ധിച്ച നിര്‍ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് വന്നിട്ടുണ്ട്. അഗ്നിവീറുകളുടെ ആദ്യ ബാച്ചിന് 5 വർഷത്തെ ഇളവ് പ്രായത്തില്‍ ലഭിക്കും. ഫിസിക്കൽ എഫിഷ്യൻസി ടെസ്‌റ്റിൽ (പിഇടി) 10 ശതമാനം സംവരണവും നൽകും.'- അദ്ദേഹം പറഞ്ഞു. അതേസമയം, അഗ്നിവീറുകളുെട രണ്ടാമത്തെ ബാച്ചിന് 3 വർഷത്തെ പ്രായപരിധി ഇളവായിരിക്കും ലഭിക്കുക എന്നും ദയാൽ സിങ് കൂട്ടിച്ചേര്‍ത്തു.

എസ്എസ്ബി ഡിജി ദൽജിത് സിങ് ചൗധരി (ANI)

സശാസ്ത്ര സീമ ബൽ (എസ്എസ്ബി)

പരിശീലനം ലഭിച്ചവരെ സേനയ്ക്ക് ലഭിക്കും എന്നതിനൊപ്പം ലക്ഷക്കണക്കിന് മുൻ അഗ്നിവീറുകള്‍ക്ക് ഉപജീവനമാർഗമാകുന്ന നടപടിയാണിതെന്ന് സശാസ്ത്ര സീമ ബൽ (എസ്എസ്ബി) ഡിജി ദൽജിത് സിങ് ചൗധരി പറഞ്ഞു. 'പ്രായപരിധിയും പിഇടിയും ഇളവ് ചെയ്‌തുകൊണ്ട് മുൻ അഗ്നിവീറുകളെ സേനയിൽ ഉൾപ്പെടുത്താന്‍ എസ്എസ്ബി ചട്ടങ്ങള്‍ ഭേദഗതി ചെയ്‌തിട്ടുണ്ട്. മുൻ അഗ്നിവീറുകള്‍ക്ക് ശാരീരിക പരിശോധന ഉണ്ടാകില്ല. ഈ തീരുമാനം അവര്‍ക്ക് ജീവനോപാധി നൽകും. സേനയ്ക്ക് പരിശീലനം ലഭിച്ചവരെയും ലഭിക്കും.'- ദൽജിത് സിങ് ചൗധരി പറഞ്ഞു.

ആര്‍പിഎഫ് ഡിജി മനോജ് യാദവ (ANI)

ആർപിഎഫ്

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ (ആർപിഎഫ്) കോൺസ്‌റ്റബിൾ തസ്‌തികകളിൽ 10 ശതമാനം മുൻ അഗ്നിവീറുകള്‍ക്കായി സംവരണം ചെയ്‌തിട്ടുണ്ടെന്ന് ആർപിഎഫ് ഡിജി മനോജ് യാദവ അറിയിച്ചു. പ്രായത്തിലെ ഇളവുകളും പിഇടിയിൽ നിന്നുള്ള ഇളവുകളും ഇവര്‍ക്ക് ലഭിക്കും. മുൻ അഗ്‌നിവീറുകളെ സ്വാഗതം ചെയ്യാൻ സേന സജ്ജമാണെന്നും മനോജ് യാദവ പറഞ്ഞു.

സിഐഎസ്എഫ് ഡിജി നീന സിങ് (ANI)

സിഐഎസ്എഫ്

മുൻ അഗ്നിവീറുകളെ സേനയിൽ ഉൾപ്പെടുത്താൻ സിഐഎസ്എഫ് ഒരുങ്ങുകയാണെന്ന് സിഐഎസ്എഫ് ഡയറക്‌ടർ ജനറൽ നീന സിങ്ങും പ്രതികരിച്ചു. കോണ്‍സ്‌റ്റബിള്‍ തസ്‌തികളിലാണ് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ബിഎസ്എഫ് ഡിജി നിതിന്‍ അഗര്‍വാള്‍ (ANI)

ബിഎസ്എഫ്

മുൻ അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യുന്ന എല്ലാ സേനകൾക്കും ആനുകൂല്യം ലഭിക്കുമെന്ന് ബിഎസ്എഫ് ഡിജി നിതിൻ അഗർവാൾ പറഞ്ഞു. 4 വർഷത്തെ പ്രവര്‍ത്തി പരിചയം നേടുന്ന അഗ്‌നിവീറുകള്‍ ബിഎസ്എഫിന് അനുയോജ്യരാണെന്ന് അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് അധിക പരിശീലനം നല്‍കി അതിർത്തിയിലേക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2022 ജൂണിൽ ആണ് കേന്ദ്രം അഗ്നിപഥ് പദ്ധതി പ്രഖ്യാപിക്കുന്നത്. പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യുന്നവരെ 'അഗ്നിവീർ' എന്നാണ് വിളിക്കുക. നാല് വർഷത്തേക്കാണ് അഗ്‌നിവീറുകളെ സേനയിലേക്ക് എടുക്കുന്നത്. നാല് വര്‍ഷം കഴിഞ്ഞ് സേനയില്‍ നിന്ന് പുറത്ത് വരുന്ന യുവാക്കൾക്ക് നിരവധി ജോലികളും മറ്റ് അവസരങ്ങളും തുറക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

നാല് വർഷത്തെ കാലാവധി പൂർത്തിയാക്കിയ 25 ശതമാനത്തോളം അഗ്നിവീറുകളെ ഇന്ത്യൻ സായുധ സേനയിൽ റെഗുലർ കേഡർമാരായി നിയമിക്കും. ഇവര്‍ക്ക് കുറഞ്ഞത് 15 വർഷത്തേക്ക് സേനയില്‍ തുടരാനാകും. ബാക്കിയുള്ളവർക്ക് തുടർ തൊഴിൽ അവസരങ്ങൾക്കുള്ള സഹായം ലഭിക്കും. ആദായ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന അഗ്നിവീറുകള്‍ക്ക് 11.71 ലക്ഷം രൂപ സേവാ നിധി പാക്കേജായി നൽകും. എങ്കിലും അഗ്‌നിവീറുകള്‍ക്ക് പെൻഷൻ ആനുകൂല്യങ്ങൾ ഉണ്ടാകില്ല.

Also Read :സർക്കാർ ജോലിയിൽ അഗ്നിവീറുകൾക്ക് 10 ശതമാനം സംവരണം; പ്രഖ്യാപനവുമായി ഹരിയാന സര്‍ക്കാര്‍ - reservation for Agniveers

ABOUT THE AUTHOR

...view details