ചെന്നൈ:തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിക്കെതിരെ ആഞ്ഞടിച്ച് ഡിഎംകെ. രാജ്‌ഭവനിലെ തിരുവള്ളൂര്‍ ദിനാചരണവുമായി ബന്ധപ്പെട്ടാണ് രൂക്ഷ വിമര്‍ശനം. തിരുവള്ളുവർ തിരുനാൾ ദിനാചരണത്തിന്‍റെ ഔദ്യോഗിക തീയതി മാറ്റാന്‍ ഗവര്‍ണര്‍ ശ്രമിച്ചതായി ഡിഎംകെ പറഞ്ഞു.
രാജ്‌ഭവനില്‍ കാവി വസ്‌ത്രം ധരിച്ച കവിയുടെ ചിത്രം പതിപ്പിക്കുകയും തിരുവള്ളുവര്‍ ദിനാചരണത്തിന്‍റെ ഭാഗമായി അതില്‍ കുങ്കൂമപ്പൂവ് കൊണ്ട് പുഷ്‌പാര്‍ച്ചന നടത്താന്‍ ശ്രമിച്ചതായും ഡിഎംകെ കുറ്റപ്പെടുത്തി. ഡിഎംകെയുടെ തമിഴ് മുഖപത്രമായ ‘മുരസൊലി’യിലൂടെയായിരുന്നു ഗവര്‍ണര്‍ക്കെതിരെയുള്ള രൂക്ഷവിമര്‍ശനം. കവിയെ കുങ്കൂമപ്പൂവുമായി ബന്ധപ്പെടുത്താന്‍ ഗവര്‍ണര്‍ ശ്രമിച്ചു. കവിയുടെ കൃതികളില്‍ നിന്ന് ഒരു വരി പോലും ഗവര്‍ണര്‍ വായിച്ചിട്ടില്ലെന്നതിന്‍റെ തെളിവാണതെന്നും ഡിഎംകെ പറഞ്ഞു.
ഇന്ന് കുങ്കുമം എന്തിന്‍റെ പ്രതീകമാണ്? അത് വിഭജനത്തെയാണ് പ്രതിനിധീകരിക്കുന്നത്. സമത്വത്തിന് വേണ്ടി നിലകൊണ്ട തിരുവള്ളുവരെ കാവി വസ്‌ത്രം ധരിപ്പിച്ച് ചിത്രീകരിക്കുന്നത് അപമാനകരമല്ലേയെന്നും ഡിഎംകെ കുറിപ്പില്‍ ചോദിച്ചു.
വര്‍ഷത്തില്‍ ഏറ്റവും ഐശ്വര്യമുള്ള ദിനമാണ് വൈകാശി അനുഷം തിരുവള്ളൂര്‍ ദിനമെന്ന് മെയ് 24ന് പുഷ്‌പാര്‍ച്ചനയ്‌ക്ക് പിന്നാലെ ഗവര്‍ണര്‍ ആര്‍എന്‍ രവി പറഞ്ഞിരുന്നു. മെയ് മുതൽ ജൂൺ വരെയുള്ള തമിഴ് കലണ്ടറിലെ മാസങ്ങളിലൊന്നാണ് വൈകാശി. വിശുദ്ധ കവിയുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു നക്ഷത്രമാണ് അനുഷം. അതുകൊണ്ടാണ് രാജ്‌ഭവന്‍ ഈ പരിപാടിക്ക് വൈകാശി അനുഷം വള്ളുവർ തിരുനാള്‍ എന്ന് വിശേഷിപ്പിച്ചത്.
സംസ്ഥാനത്ത് 50 വര്‍ഷത്തിലേറെയായി തിരുവള്ളുവർ ദിനം ജനുവരിയിലാണ് ആചരിക്കാറുള്ളത്. എന്നാല്‍ ഇത് ആദ്യമായാണ് മെയ് മാസത്തില്‍ രാജ്‌ഭവനില്‍ വൈകാശി അനുഷം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യമായാണ് രാജ്‌ഭവനില്‍ ഇത്തരമൊരു പരിപാടി നടക്കുന്നതെന്നും ഡിഎംകെ പറഞ്ഞു. തിരുക്കുറലിന് ദൈവശാസ്‌ത്രത്തിന്‍റെ മുഖങ്ങളുണ്ടെങ്കിലും അത് ബിജെപി പ്രസംഗിക്കുന്നത് പോലെ ഭിന്നിപ്പിക്കുന്നതല്ലെന്നും തിരുവള്ളുവർ മനുസ്‌മൃതിയുമായി യാതൊരു ബന്ധവുമില്ലാത്ത ധർമ്മമാണ് പഠിപ്പിക്കുന്നതെന്നും ഡിഎംകെ പത്രം പറഞ്ഞു.
തമിഴരുടെയും ആര്യന്മാരുടെയും സംസ്‌കാരവും ധാർമ്മികതയും തമ്മിലുള്ള വ്യത്യാസമാണ് തിരുക്കുറലിലൂടെ പ്രതിഫലിപ്പിക്കുന്നത്. ആ വ്യത്യാസം തുറന്ന് കാണിക്കുന്നതിനാണ് തിരുക്കുറള്‍ രചിക്കപ്പെട്ടതെന്ന് സാമൂഹിക പരിഷ്‌കർത്താവുമായ ഇവി രാമസാമി പെരിയാറിനെ ഉദ്ധരിച്ച് ഡിഎംകെ പറയുന്നു. നമ്മുടെ മതം ഒരു തിരുക്കുറല്‍ മതമാണെന്ന് പെരിയാര്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ഗവര്‍ണര്‍ രവിക്ക് അറിയുമോ?
1966ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാറാണ് (വൈകാശി അനുഷം) തിരുവള്ളുവർ ദിനം പ്രഖ്യാപിച്ചതെന്ന് ചരിത്രകാരനായ എസ് രാമചന്ദ്രൻ പറഞ്ഞു. തമിഴ് മാസമായ വൈകാശിയിലാണ് ആ ദിനം വരുന്നത്. 1966 ജൂണ്‍ 2ന് മുഖ്യമന്ത്രി എം. ഭക്തവത്സലം, ചെന്നൈ മേയര്‍ എം മൈനര്‍ മോസസ് എന്നിവരുടെ സാന്നിധ്യത്തില്‍ രാഷ്‌ട്രപതി എസ് രാധാകൃഷ്‌ണനാണ് തിരുവള്ളുലവരുടെ പ്രതിമ അനാച്ഛാദനം ചെയ്‌തതെന്നും രാമചന്ദ്രന്‍ പറഞ്ഞു.
Also Read:'പരാമർശങ്ങൾ മഹാത്മാഗാന്ധിയെ ഇകഴ്‌ത്താന്‍ ഉദ്ദേശിച്ചുള്ളതല്ല' ; വിശദീകരണവുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി