ബെംഗളൂരു: വികാസ് ലിക്വിഡ് എഞ്ചിന്‍റെ ഉപയോഗം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരീക്ഷണം വിജയകരമായി നടത്തിയതായി ഐഎസ്‌ആര്‍ഒ അറിയിച്ചു. ഒരുകൂട്ടം വിക്ഷേപണ എഞ്ചിനുകളെയാണ് വികാസ് ലിക്വിഡ് എഞ്ചിൻ എന്ന് പറയുന്നത്. പരീക്ഷണം വിജയകരമായതോടെ ഭാവിയില്‍ വിക്ഷേപണ വാഹനങ്ങളിൽ വികാസ് എഞ്ചിനുകള്‍ ഉപയോഗിക്കാൻ സാധിക്കുമെന്നും ഐഎസ്‌ആര്‍ഒ പ്രസ്‌താവനയിലൂടെ അറിയിച്ചു.
പുതിയ പരീക്ഷണങ്ങളുടെ വിക്ഷേപണ ഘട്ടത്തില്‍ വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന സാങ്കേതികവിദ്യകളുടെ വികസനത്തിൽ ഒരു നാഴികക്കല്ലായി ഇത് അടയാളപ്പെടുത്തുമെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി. ഭാവിയില്‍ ബഹിരാകാശത്ത് നടത്താൻ ഉദ്ദേശിക്കുന്ന ഓരോ പരീക്ഷണങ്ങള്‍ക്കും വിക്ഷേപണ വാഹനങ്ങളില്‍ വികാസ് ലിക്വിഡ് എഞ്ചിൻ ഉപയോഗിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.
🚨 ISRO's Vikas engine now has restart capability 🔥
— ISRO Spaceflight (@ISROSpaceflight) January 18, 2025
Yesterday, ISRO successfully completed a long duration engine restart test on the Vikas engine. The engine was fired for a duration of 60 seconds, followed by a gap of 120 seconds, and then restarted for a 7-second firing! 🔁… pic.twitter.com/tC20ZdvKK1
"ഈ പരീക്ഷണത്തിൽ, എഞ്ചിൻ 60 സെക്കൻഡ് നേരത്തേക്ക് ആദ്യം പ്രവര്‍ത്തിപ്പിച്ചു, തുടർന്ന് 120 സെക്കൻഡ് നേരത്തേക്ക് ഷട്ട്-ഓഫ് ചെയ്‌തു, പിന്നീട് ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള റീസ്റ്റാർട്ടും ഫയറിങ്ങും നടത്തി. പരീക്ഷണ സമയത്ത് എല്ലാ എഞ്ചിൻ പാരാമീറ്ററുകളും പ്രതീക്ഷിച്ചതുപോലെ സാധാരണ നിലയിലായിരുന്നു," എന്ന് ഐഎസ്‌ആര്‍ഒയുടെ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.
2024 ഡിസംബറിൽ 42 സെക്കൻഡ് ഷട്ട്-ഓഫ് സമയവും ഏഴ് സെക്കൻഡ് ഫയറിങ് ദൈർഘ്യവുമുള്ള ഒരു പരീക്ഷണം വിജയകരമായി നടത്തിയിരുന്നു. വിക്ഷേപണ വാഹനങ്ങളിലെ വികാസ് ലിക്വിഡ് എഞ്ചിന്‍റെ ഉപയോഗവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ ആസൂത്രണം ചെയ്‌തിട്ടുണ്ടെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു.
അതേസമയം, ഐഎസ്ആർഒയുടെ എൽവിഎം3 വിക്ഷേപണ വാഹനത്തിന്‍റെ കോർ ലിക്വിഡ് സ്റ്റേജ് (എൽ110) ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ സമുച്ചയത്തിൽ നിന്ന് വെള്ളിയാഴ്‌ച ഐഎസ്ആർഒ ചെയർപേഴ്‌സൺ വി നാരായണൻ ഫ്ലാഗ് ഓഫ് ചെയ്‌തു.
എൽവിഎം3 വിക്ഷേപണ വാഹനത്തിന്‍റെ വികസന വേളയിൽ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്‍റര്‍ (എൽപിഎസ്‌സി) രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത ഈ സ്റ്റേജ് 110 ടൺ പ്രൊപ്പല്ലന്‍റ് ലോഡിങ് ഉള്ള ഇരട്ട വികാസ് എഞ്ചിനുകളാണ് ഉപയോഗിക്കുന്നതെന്ന് ഐഎസ്ആർഒ പറഞ്ഞു.
"മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്‌സില്‍ ൽ സംയോജിപ്പിച്ചിരിക്കുന്ന പത്താമത്തെ എൽ110 ലിക്വിഡ് സ്റ്റേജാണിത്, ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്‌ഐഎൽ) എഎസ്‌ടി സ്‌പേസ് മൊബൈൽ & സയൻസ്, എൽഎൽസിയും തമ്മിലുള്ള വാണിജ്യ കരാർ പ്രകാരം എൽവിഎം3 ദൗത്യത്തിനായി മാറ്റിവച്ചിരിക്കുന്നതാണ് ഈ ഘട്ടം," ബഹിരാകാശ ഏജൻസി ഒരു പ്രസ്‌താവനയിൽ പറഞ്ഞു.
എന്താണ് വികാസ് എഞ്ചിൻ
വികാസ് (വിക്രം അംബലാൽ സാരാഭായി) എഞ്ചിൻ 1970 കളിൽ ഐഎസ്ആർഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ രൂപകല്‍പന ചെയ്‌ത ഒരുകൂട്ടം ദ്രാവക ഇന്ധന റോക്കറ്റ് എഞ്ചിനുകളാണ്. ആദ്യം ഫ്രാൻസില്‍ നിന്നാണ് ഇവ ഇറക്കുമതി ചെയ്‌തിരുന്നത്, പിന്നീട് തദ്ദേശീയമായി നിര്‍മിച്ചു. ഈ എഞ്ചിനുകൾ ഐഎസ്ആർഒയുടെ പിഎസ്എൽവി, ജിഎസ്എൽവി വിക്ഷേപണ വാഹനങ്ങളില്‍ ഉപയോഗിക്കുന്നു.