മധുര: രാമേശ്വരം കോച്ചിങ് ഡിപ്പോ ജനുവരി 17 മുതൽ പ്രവർത്തനം പുനരാരംഭിച്ചതായി മധുര റെയിൽവേ ഡിവിഷൻ അറിയിച്ചു. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ ശുപാർശകൾ പ്രകാരമാണ് രാമേശ്വരം കോച്ചിങ് ഡിപ്പോയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഡിപ്പോയുടെ പ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍ തന്നെ രാമേശ്വരം റെയിൽവേ സ്റ്റേഷനിലെ പ്രധാന പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കും.
രാമേശ്വരത്തെ കോച്ചിങ് ഡിപ്പോ പ്രവർത്തനം ആരംഭിച്ചതോടെ ട്രെയിൻ നമ്പർ 16780/16779 രാമേശ്വരം - തിരുപ്പതി - രാമേശ്വരം വീക്ക്‌ലി എക്‌സ്പ്രസ്, ട്രെയിൻ നമ്പർ 22621/22622 രാമേശ്വരം - കന്യാകുമാരി - രാമേശ്വരം ത്രൈ-വീക്ക്‌ലി എക്‌സ്പ്രസ് എന്നിവയുടെ അറ്റകുറ്റപ്പണികൾ ജനുവരി 17 മുതൽ രാമേശ്വരത്തേക്ക് മാറ്റുന്നതായി ഡിവിഷൻ പ്രഖ്യാപിച്ചു.
അറ്റകുറ്റപണികള്‍ പൂര്‍ത്തിയായാല്‍ രാമേശ്വരത്ത് നിന്ന് ട്രെയിൻ സര്‍വീസ് ആരംഭിക്കും. പാമ്പൻ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് രാമേശ്വരം - തിരുപ്പതി - രാമേശ്വരം വീക്ക്‌ലി എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ നിലവില്‍ സര്‍വീസ് നടത്തുന്നത്. ഈ ട്രെയിനുകള്‍ എല്ലാം ഇനി രാമേശ്വരത്ത് നിന്ന് തന്നെ സര്‍വീസ് ആരംഭിക്കും.
അതേസമയം, രാമേശ്വരം കോച്ചിങ് ഡിപ്പോയുടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ വെള്ളിയാഴ്‌ചകളിലും തിങ്കളാഴ്‌ചകളിലും മണ്ഡപത്തിനും മധുരയ്ക്കും ഇടയിലുള്ള റിസർവേഷൻ ഇല്ലാത്ത ട്രെയിനുകളുടെ സര്‍വീസ് റദ്ദാക്കിയതായും മധുര ഡിവിഷൻ പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു. രാമേശ്വരത്തേക്കുള്ള പുതിയ പാമ്പൻ റെയിൽ പാലത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും മധുര ഡിവിഷൻ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇതിനെ തുടര്‍ന്ന് വെള്ളിയാഴ്ചകളിലും തിങ്കളാഴ്ചകളിലും സര്‍വീസ് നടത്തുന്ന ട്രെയിൻ നമ്പർ 06780 മണ്ഡപം - മധുര അൺറിസർവ്ഡ് എക്‌സ്പ്രസ് റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു.
പുതിയ പാമ്പൻ പാലം ഉടൻ പ്രവര്‍ത്തനം ആരംഭിക്കും
പുതിയ പാമ്പന്‍ പാലത്തിന്‍റെ പ്രവര്‍ത്തനം ഉടൻ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മണ്ഡപത്തെ രാമേശ്വരവുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലം 531 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. മണിക്കൂറില്‍ എണ്‍പത് കിലോമീറ്റര്‍ വേഗതയില്‍ പരീക്ഷണ ഓട്ടം വിജയിച്ചിരുന്നു.
പുത്തന്‍ പാമ്പന്‍ പാലത്തിന്‍റെ കൃത്യതയും കരുത്തും വെളിവാക്കുന്നതായിരുന്നു പരീക്ഷണ ഓട്ടമെന്നാണ് മധുരെ സോണല്‍ റെയില്‍വേ അധികൃതർ വ്യക്തമാക്കിയത്. മണ്ഡപം- രാമേശ്വരം പാതയില്‍ 121 കിലോമീറ്റര്‍ വേഗതയിലാകും ട്രെയിന്‍ ഓടുക. പാമ്പന്‍ പാലത്തില്‍ വേഗത എണ്‍പത് കിലോമീറ്ററാകും.
പതിനേഴ് മീറ്റർ ഉയരമുള്ള വെർട്ടിക്കൽ സസ്പെൻഷനാണ് ഈ പാലത്തിന്‍റെ ഹൈലൈറ്റ്. ബോട്ടുകൾക്ക് കടന്നുപോകാനായി ഇവ ലംബമായി ഉയർത്താനാകുമെന്നതാണ് പ്രത്യേകത. നേരത്തെ മൽസ്യത്തൊഴിലാളികളെയും ബോട്ടുകളെയും കടത്തിവിട്ട് ഈ സംവിധാനം വിജയകരമായി പരീക്ഷിച്ചിരുന്നു. ഇന്ത്യന്‍ റെയില്‍വേ എഞ്ചിനീയറിങ് ചരിത്രത്തിലെ വലിയ നേട്ടമാണ് മണ്ഡപം-രാമേശ്വരം ദ്വീപിനെ ബന്ധിപ്പിക്കുന്ന ഈ കടല്‍പ്പാലം.
അതേസമയം, പാമ്പൻ പാലം ഒരു എഞ്ചിനീയറിങ് വിസ്‌മയമാണെങ്കിലും പാലത്തിന്‍റെ നിര്‍മാണം ആസൂത്രണം ചെയ്യുന്നതില്‍ നിരവധി വീഴ്‌ചകള്‍ ഉണ്ടായെന്ന് നവംബർ 26ന് ദക്ഷിണ റെയിൽവേക്ക് അയച്ച കത്തിൽ റെയിൽവേ സുരക്ഷാ കമ്മിഷണർ എ എം ചൗധരി ചൂണ്ടിക്കാട്ടിയിരുന്നു.
റെയിൽവേ സുരക്ഷാ കമ്മിഷന്‍റെ (CRS) അംഗീകാരത്തിനുശേഷമാകും പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുക. വിള്ളലുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പാമ്പൻ പാലത്തിലൂടെയുള്ള റെയിൽ ഗതാഗതം 2022 ഡിസംബറിലാണ് നിർത്തിവച്ചത്.
Read Also: പുതിയ പാമ്പൻ പാലത്തിന്‍റെ നിര്‍മാണത്തില്‍ വീഴ്‌ച, ആസൂത്രണം മുതല്‍ പാളിയെന്ന് റിപ്പോര്‍ട്ട്